ഒമാനില്‍ പുതിയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നു

ഒമാനില്‍ പുതിയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നു

ഡോ. പി മുഹമ്മദലിയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് സ്ഥാപക ചെയര്‍മാന്‍

മസ്‌കറ്റ്: നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ഒമാനില്‍ പുതിയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നു. ഡോ. പി മുഹമ്മദലിയാണ് സര്‍വകലാശാലയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍. ഒമാനില്‍ നിലവിലുള്ള മൂന്നു പ്രൊഫഷണല്‍ കോളെജുകളെ കൂട്ടിയിണക്കിയാണ് പുതിയ സര്‍വകലാശാല രൂപീകരിച്ചത്.

എന്‍ജിനീയറിംഗ്, മെഡിസിന്‍, ഫാര്‍മസി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവയില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നല്‍കുന്ന കാലിഡോണിയന്‍ എന്‍ജിനീയറിംഗ് കോളെജ്, ഒമാന്‍ മെഡിക്കല്‍ കോളെജ്, കോളെജ് ഓഫ് ഫാര്‍മസി എന്നിവയാണ് പുതിയ സര്‍വകലാശാലയുടെ കീഴില്‍ വരിക.

ഡോ. മുഹമ്മദലിയും പങ്കാളികളുമാണ് ഈ മൂന്നു കോളെജുകളുടെയും പ്രൊമോട്ടര്‍മാര്‍. മൂന്നു സ്ഥാപനങ്ങളില്‍ നിന്നുമായി ഇതുവരെ ഒമ്പതിനായിരത്തോളം പേരാണു പഠിച്ചിറങ്ങിയത്. ഇരുപതു ശതമാനത്തോളം വിദ്യാര്‍ഥികള്‍ വിദേശത്തുനിന്നുള്ളവരാണ്.

ഒമാന്‍ വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തോടെയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെയുമാണ് പുതിയ സര്‍വകലാശാല നിലവില്‍ വന്നത്. കൂടുതല്‍ കോളെജുകള്‍ വരുംവര്‍ഷങ്ങളില്‍ ഇതിനു കീഴില്‍ എത്തുമെന്നാണു പ്രതീക്ഷ

ഒമാന്‍ വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തോടെയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെയുമാണ് പുതിയ സര്‍വകലാശാല നിലവില്‍ വന്നത്. കൂടുതല്‍ കോളെജുകള്‍ വരുംവര്‍ഷങ്ങളില്‍ ഇതിനു കീഴില്‍ എത്തുമെന്നാണു പ്രതീക്ഷ.

ഇന്ത്യന്‍ സര്‍വകലാശാലകളുടെ അംഗീകാരം നേടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഡോ. മുഹമ്മദലി വ്യക്തമാക്കി. യുജിസിയുടെ നിയന്ത്രണം മാത്രമാണ് ഇക്കാര്യത്തില്‍ ഏക വിലങ്ങുതടി. അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍നിര സര്‍വകലാശാലകളുമായുള്ള അക്കാഡമിക്ക് ബന്ധങ്ങള്‍ പുതിയ സര്‍വകലാശാലയുടെ ഗവേഷണരംഗത്തെ മികവിനു സഹായകമാകുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ബോഷറിലാണ് സര്‍വകലാശാലാ ആസ്ഥാനം. സെപ്റ്റംബറില്‍ ആദ്യ ബാച്ചിന്റെ പ്രവേശനം ആരംഭിക്കും. ഒമാന്റെ സമ്പദ്ഘടനയ്ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പുതിയ പഠന കോഴ്‌സുകള്‍ തുടങ്ങാന്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

സര്‍വകലാശാലയുടെ ലോഗോ, വെബ്‌സൈറ്റ് പ്രകാശനച്ചടങ്ങില്‍ സ്ഥാപക എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി, സര്‍വകലാശാലാ ബോര്‍ഡ് ചെയര്‍മാന്‍ ഷേഖ് സാലിം ബിന്‍ സയ്യിദ് അല്‍ ഫന്നാഹ് അല്‍ അറൈമി, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ സര്‍ക്കാരിലെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Categories: Arabia