പ്രമുഖ ഇറക്കുമതി  വിതരണ കേന്ദ്രമായി കൊച്ചി

പ്രമുഖ ഇറക്കുമതി  വിതരണ കേന്ദ്രമായി കൊച്ചി

കൊച്ചി: കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി ഹോം ഡെക്കോര്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രമുഖ ഇറക്കുമതി, വിതരണ, ഉപഭോഗകേന്ദ്രമായി വളര്‍ന്നിട്ടുണ്ടെന്ന് എച്ച്ജിഎച്ച് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അരുണ്‍ റൂംഗ്ട. ആളോഹരി വരുമാനം ഉയര്‍ന്നതായതിനാല്‍ കുക്ക് വെയര്‍, ഗ്ലാസ് വെയര്‍, ക്രോക്കറി തുടങ്ങിയവയുടെ വന്‍വിപണിയാണ് ഈ മേഖല. വിദേശജോലികളും യാത്രകളും മൂലം ഇവിടുത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ആഗോള നിലവാരത്തിലുള്ളതാണ്. വസ്ത്രധാരണം, ഫാഷന്‍, ഫുഡ്, ഹോം ഡെക്കോര്‍, ഗൃഹോപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലെല്ലാം ഉയര്‍ന്ന ഗുണനിലവാരമുള്ളതും മുന്തിയതുമായ സങ്കീര്‍ണവുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് അവര്‍ ഉറ്റുനോക്കുന്നത്. ഇക്കാരണത്താല്‍ ഹോം ഡെക്കോര്‍, ഹോം ടെക്‌സ്‌റ്റൈല്‍സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ കേരളത്തിലെ വിപണി വന്‍വളര്‍ച്ചയാണ് കാഴ്ചവെയ്ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നൂതന ഡിസൈനുകളും നവീന ഉല്‍പ്പന്നങ്ങളും കാഴ്ചവെയ്ക്കുന്നതില്‍ റീടെയ്ല്‍ മേഖലയും സജീവമാണ്.

ഈ പശ്ചാത്തലത്തില്‍ ജൂലൈ 3 മുതല്‍ 5 വരെ മുംബൈയില്‍ അരങ്ങേറുന്ന രാജ്യത്തെ ഏറ്റവും വലിയ ഹോം ടെക്‌സ്‌റ്റൈല്‍സ്, ഹോം ഡെക്കോര്‍, ഗൃഹോപകരണ ട്രേഡ് ഷോ ആയ എച്ച്ജിഎച്ച് 2018, ലോകോത്തര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവേദിയാവുന്നതുവഴി ഈ മേഖലയ്ക്ക് വന്‍അവസരങ്ങളാണ് തുറന്നിടുന്നതെന്ന് റൂംഗ്ട പറഞ്ഞു.30 രാജ്യങ്ങളില്‍ നിന്നായി 550 ബ്രാന്‍ഡുകളാണ് ഈ വന്‍ ട്രേഡ് ഷോയില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കയറുല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിയാണ് കൊച്ചിയില്‍ നിന്നു നടക്കുന്നത്. മെത്തകള്‍, സോഫകള്‍ എന്നിവയുടെ നിര്‍മാണത്തിലെ അസംസ്‌കൃതവസ്തുവായി മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്നമെന്ന നിലയില്‍ ഗൃഹാലങ്കാരരംഗത്തും കയറുല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്‍ഡാണുള്ളത്. ഇതു കണക്കിലെടുത്ത് കൊച്ചി ആസ്ഥാനമായുള്ള കയര്‍ ബോര്‍ഡും കയറുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു കൂട്ടം സംരഭകരുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ 470ഓളം പട്ടണങ്ങളില്‍ നിന്നായി മേള സന്ദര്‍ശിക്കാനെത്തുന്ന 35,000ല്‍പ്പരം റിടെയ്ല്‍ വ്യാപാരികള്‍ക്കും ട്രേഡ് സന്ദര്‍ശകര്‍ക്കും മുന്നില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് എച്ച്ജിഎച്ച് 2018 ഒരുക്കുന്നത്.

ഗൃഹോപകരണങ്ങളുടേയും കുട തുടങ്ങിയ ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണകേന്ദ്രമെന്ന നിലയില്‍ മധ്യകേരളത്തിന് മേള വന്‍സാധ്യതകളാണ് തുറന്നിടുന്നത്. കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടെ ഈ മേഖലയിലെ ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഇറക്കുമതി സ്ഥാപനങ്ങള്‍, റീടെയ്‌ലര്‍മാര്‍ തുടങ്ങിയവര്‍ക്ക് മേള വളരെ പ്രധാനപ്പെട്ടതായി തീര്‍ന്നിട്ടുണ്ടെന്ന് അരുണ്‍ റൂംഗ്ട പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പൊതുവിലും കൊച്ചിയില്‍ നിന്ന് വിശേഷിച്ചുമുള്ള സന്ദര്‍ശകര്‍ക്കും സംരംഭകര്‍ക്കും അവരുടെ ബിസിനസിനെ പുതിയ തലങ്ങളിലേയ്ക്കുയര്‍ത്താന്‍ എച്ച്ജിഎച്ച് ഇന്ത്യ 2018 വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy