ജീവനക്കാരുടെ എണ്ണം 94% വെട്ടിക്കുറച്ച് ആര്‍കോം

ജീവനക്കാരുടെ എണ്ണം 94% വെട്ടിക്കുറച്ച് ആര്‍കോം

പ്രതാപകാലത്ത് 52,000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ 3,400 ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്

ന്യൂഡെല്‍ഹി: കടക്കെണിയില്‍ പെട്ട് വലയുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ജാവനക്കാരെ വ്യാപകമായി ഒഴിവാക്കി. ജീവനക്കാരുടെ എണ്ണം 52,000 നിന്നും 34,00 ആയി കുത്തനെ വെട്ടിക്കുറച്ചെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ആകെയുണ്ടായിരുന്ന ജീവനക്കാരുടെ 94 ശതമാനം ആള്‍ക്കാരെയാണ് ഒഴിവാക്കിയത്.

”കമ്പനി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച കാലയളവില്‍ ഏകദേശം 52,000 ജീവനക്കാരാണുണ്ടായിരുന്നത്. നിലവില്‍ 3,400 ആളുകളേ കമ്പനിയില്‍ ജോലി ചെയ്യുന്നുള്ളൂ. ഏകദേശം 94 ശതമാനം ഇടിവാണ് ജീവനക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്,” ആര്‍കോം ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. 2008-10 കാലയളവിലായിരുന്നു കമ്പനി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത്.

45,000 കോടി രൂപയാണ് ആര്‍കോമിന്റെ കടം. ഇതേത്തുടര്‍ന്ന്, ജനുവരിയില്‍ തങ്ങളുടെ മൊബീല്‍ സേവന ബിസിനസ് അടച്ചു പൂട്ടാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നു. അതേസമയം, വിവിധ കമ്പനികള്‍ക്ക് ബിസിനസ് ടു ബിസിനസ് (ബി2ബി) ടെലികോം സേവനങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്യുന്നു. ആഗോളതലത്തില്‍ സമുദ്രാന്തര്‍ ഭാഗത്തു കൂടിയുള്ള ഡാറ്റ കേബിളുകളിലൂടെ വമ്പന്‍ കമ്പനികള്‍ക്ക് ആര്‍കോം സേവനം നല്‍കി വരുന്നുണ്ട്. ഭാവിയില്‍ ഈ സേവനം മാത്രമാകും കമ്പനി തുടരുക. ഇത് ഒഴിച്ചുള്ള വയര്‍ലെസ് ബിസിനസ് അനിലിന്റെ ജ്യേഷ്ഠനായ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് വില്‍ക്കാനാണ് തീരുമാനം. എറിക്‌സണുമായും എടിസി ടവേഴ്‌സുമായും നിലനില്‍ക്കുന്ന കേസുകളാണ് ഇടപാടിനെ മന്ദീഭവിപ്പിച്ചിരിക്കുന്നത്.

എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ജിയോ എന്നിവ തമ്മിലുള്ള താരിഫ് യുദ്ധം ശക്തിയോടെ തുടരുന്നത് മേഖലയുടെ സാമ്പത്തിക മാനകങ്ങളെ കൂടുതല്‍ പിന്നോട്ട് വലിക്കുന്നെന്ന് ആര്‍കോം കുറ്റപ്പെടുത്തുന്നു

എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ജിയോ എന്നിവ തമ്മിലുള്ള താരിഫ് യുദ്ധം ശക്തിയോടെ തുടരുന്നത് മേഖലയുടെ സാമ്പത്തിക മാനകങ്ങളെ കൂടുതല്‍ പിന്നോട്ട് വലിക്കുന്നെന്ന് ആര്‍കോം കുറ്റപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം ജനുവരി 18ന് മൊബീല്‍ ബിസിനസില്‍ നിന്ന് പുറത്തു കടന്നതിനു ശേഷം മേഖലയിലെ സമ്മര്‍ദം തങ്ങളെ അധികം ബാധിച്ചില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം 35,300 ഉപഭോക്താക്കള്‍ മാത്രമാണ് കമ്പനിക്കുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 12 കോടി ഉപഭോക്താക്കളാണ് കമ്പനിക്ക് പ്രതാപകാലത്തുണ്ടായിരുന്നത്.

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനമെന്ന നിരക്കില്‍ വയര്‍ലസ് മേഖലയില്‍ വളര്‍ച്ച കുറയുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തു വിട്ട ഏറ്റവും പുതിയ വരുമാന റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണെന്ന് ആര്‍കോം പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ ആകെ വരുമാന വിപണി വലുപ്പം 26,000 കോടി രൂപയായി ചുരുങ്ങിയെന്നും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Business & Economy