ഹൈപ്പര്‍ലൂപ്പ് വരുന്നു ; മുംബൈ-പുണെ യാത്രാസമയം 25 മിനിറ്റായി കുറയും

ഹൈപ്പര്‍ലൂപ്പ് വരുന്നു ; മുംബൈ-പുണെ യാത്രാസമയം 25 മിനിറ്റായി കുറയും

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിനെയാണ് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്

മുംബൈ : ഗതാഗത മേഖലയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ നടപ്പാക്കുന്നു. മുംബൈ, പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഫഡ്ണവിസ് സര്‍ക്കാര്‍ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഹൈ-ടെക് ഗതാഗത സംവിധാനം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മുംബൈ-പുണെ യാത്രാസമയം നിലവിലെ നാല് മണിക്കൂറില്‍നിന്ന് കേവലം 25 മിനിറ്റായി കുറയും. ഏകദേശം 200 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം. പദ്ധതി നടപ്പാക്കുന്നതിന് യുഎസ് ആസ്ഥാനമായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയെയാണ് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്.

ഇപ്പോള്‍ യുഎസ്സിലുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ നെവാഡയിലെ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചതായി സിഎംഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡ് അംഗവുമായ റോബ് ലോയ്ഡുമായി ഫഡ്ണവിസ് ചര്‍ച്ച നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു. മുംബൈ-പുണെ റൂട്ടില്‍ ഈ ഗതാഗത സാങ്കേതികവിദ്യ (ഹൈപ്പര്‍ലൂപ്പ്) നടപ്പാക്കുന്നതിന്റെ സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ഉടന്‍ തന്നെ തങ്ങളുടെ എന്‍ജിനീയര്‍മാരെ പുണെയിലേക്ക് അയയ്ക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിഎംഒ അറിയിച്ചു.

ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിനായി 15 കിലോമീറ്റര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ട്രാക്ക് സ്ഥാപിക്കുന്നതിന് പുണെ മെട്രോപൊളിറ്റന്‍ റീജ്യണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (പിഎംആര്‍ഡിഎ) സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് എഴുപത് ശതമാനം വസ്തുക്കളും സാധനസാമഗ്രികളും മഹാരാഷ്ട്രയില്‍നിന്നുതന്നെ വാങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ നെവാഡയിലെ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചു

ബ്രിട്ടീഷ് വ്യവസായിയും നാനൂറോളം കമ്പനികള്‍ ഉള്‍പ്പെടുന്ന വിര്‍ജിന്‍ ഗ്രൂപ്പിന്റെ തലവനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ സ്ഥാപകനും ചെയര്‍മാനും. ‘മാഗ്‌നറ്റിക് മഹാരാഷ്ട’ നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രാന്‍സണ്‍ മുംബൈയിലെത്തിയിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് അന്ന് ധാരണയിലെത്തിയത്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും പ്രതിവര്‍ഷം 1.50 ലക്ഷം ടണ്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ഒഴിവാക്കാനും ഹൈപ്പര്‍ലൂപ്പ് സംവിധാനം ഉപകരിക്കും.

Comments

comments

Categories: Auto