റെനോ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും

റെനോ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും

ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമാണ് ഫ്രാന്‍സില്‍ നിക്ഷേപം നടത്തുന്നത്

പാരിസ് : ഫ്രാന്‍സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി ഗ്രൂപ്പ് റെനോ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. റെനോയുടെ സോയി എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് യൂറോപ്പില്‍ കൈവരിക്കുന്ന വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ല്‍ യൂറോപ്പിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് റെനോ കൈവരിച്ചത്. സോയി ഇലക്ട്രിക് കാറിന്റെ വില്‍പ്പനയില്‍ മാത്രം 44 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ 23.8 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

‘ഡ്രൈവ് ദ ഫ്യൂച്ചര്‍’ പദ്ധതിയുടെ വേഗം കൂട്ടുകയാണെന്ന് റെനോ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാര്‍ലോസ് ഘോസന്‍ പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിലെ നേതൃസ്ഥാനം ശക്തമായിത്തന്നെ നിലനിര്‍ത്തുകയാണ് ഗ്രൂപ്പ് റെനോയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ‘അലയന്‍സ്’ ഇലക്ട്രിക് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത് റെനോയുടെ ലക്ഷ്യമാണ്. വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ഫ്രാന്‍സിലെ തങ്ങളുടെ വിവിധ പ്ലാന്റുകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് റെനോ ശ്രമിക്കുന്നത്.

യൂറോപ്പില്‍ റെനോയുടെ സോയി എന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വിജയ തേരോട്ടം

ഫ്രാന്‍സിലെ ഡ്വെ കമ്യൂണിലെ പ്ലാന്റിനെ റെനോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റും. സോയി ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനശേഷി ഇരട്ടിയായി വര്‍ധിപ്പിക്കുന്നതും റെനോ-നിസ്സാന്‍ അലയന്‍സിന്റെ പദ്ധതിയാണ്. പുതിയ സോയി ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നതും പരിഗണിക്കുന്നു. ക്ലിയോണ്‍ പ്ലാന്റിന്റെ ഇലക്ട്രിക് മോട്ടോര്‍ ഉല്‍പ്പാദനശേഷി മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. 2021 ല്‍ ന്യൂ-ജെന്‍ ഇലക്ട്രിക് മോട്ടോര്‍ അവതരിപ്പിക്കും. കാംഗൂ ഇസഡ്ഇ എന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിക്കും.

Comments

comments

Categories: Auto