വൊഡാഫോണ്‍-ഐഡിയ ലയനം: ടെലികോം മന്ത്രാലയം നാളെ അനുമതി നല്‍കിയേക്കും

വൊഡാഫോണ്‍-ഐഡിയ ലയനം: ടെലികോം മന്ത്രാലയം നാളെ അനുമതി നല്‍കിയേക്കും

ന്യൂഡെല്‍ഹി: ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനം നാളെ യാഥാര്‍ത്ഥ്യമാകും. ടെലികോം രംഗത്തെ ഭീമന്മാരായ ഐഡിയയും വൊഡാഫോണും തമ്മില്‍ ലയിച്ച് വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരില്‍ ഇനി അറിയപ്പെടും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരിക്കും വൊഡാഫോണ്‍ ഐഡിയ.

ലയനത്തിനായി ഐഡിയയും വൊഡാഫോണും ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടിരുന്നു. ലയനത്തിനായുള്ള മറ്റുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അന്തിമമായി ടെലികോം മന്ത്രാലയത്തില്‍ നിന്നുമാണ് അനുമതി ലഭിക്കേണ്ടിയിരപന്നത്. നാളെ അനുമതി നല്‍കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നതെന്നും ലയനത്തിനുള്ള അനുമതി സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് കമ്പനിക്ക് കൈമാറുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലയനത്തിന് അനുമതിക്കായി കമ്പനികള്‍ ആദ്യം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ), സെബി എന്നിവയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് സിസിഐ കമ്പനികള്‍ക്ക് ലയനത്തിനുള്ള അനുമതി നല്‍കി. സെബി കഴിഞ്ഞവര്‍ഷം മെയ്യില്‍ അനുവാദം നല്‍കി. 99 ശതമാനം ഐഡിയയുടെ ഓഹരി ഉടമകളും ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തു.

തുടര്‍ന്ന് നാഷണല്‍ കമ്പനീസ് ലോ ട്രൈബ്യൂണലിന്റെ(എന്‍സിഎല്‍ടി) അനുമതി കൂടി തേടിയ കമ്പനികള്‍ക്ക് അനുകൂലമായ മറുപടിയും എന്‍സിഎല്‍ടിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇനി വേണ്ടത് ടെലികോം മന്ത്രാലയത്തിന്റെ അന്തിമ അനുവാദമാണ്. അനുവാദം ലഭിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന പേര് ഭാര്‍തി എയര്‍ടെല്ലിന് നഷ്ടമാകും.

വൊഡാഫോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ബാലേഷ് ശര്‍മ്മയായിരിക്കും പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. പുതിയ കമ്പനിയുടെ ചെയര്‍മാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധവിയും ഐഡിയ തലവനുമായ കുമാര്‍ മംഗളം ബിര്‍ളയായിരിക്കും.

 

 

 

Comments

comments