കുട്ടികള്‍ക്ക് ആരോഗ്യവും ക്ഷേമവും പ്രദാനം ചെയ്ത് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്

കുട്ടികള്‍ക്ക് ആരോഗ്യവും ക്ഷേമവും പ്രദാനം ചെയ്ത് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്

നൂറ് കുട്ടികള്‍ക്ക് ആരോഗ്യകരവും ആഹ്ലാദകരവുമായ ഈദ് സമ്മാനിച്ച് ആസ്റ്റര്‍ വോളണ്ടിയേഴ്‌സും എമിറേറ്റ്‌സ് റെഡ് ക്രസന്റും

ദുബായ്: ആസ്റ്റര്‍ വോളണ്ടിയേഴ്‌സും എമിറേറ്റ്‌സ് റെഡ് ക്രസന്റ് ദുബായും ചേര്‍ന്ന് ‘സ്‌മൈല്‍ പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യുഎഇയിലെ അര്‍ഹരായ നൂറ് കൂട്ടികള്‍ക്ക് ആരോഗ്യവും ക്ഷേമവും സമ്മാനിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചു. ഈ കൂട്ടത്തിലുളള കുട്ടികളില്‍ ചിലര്‍ അനാഥരാണെങ്കില്‍, മറ്റു ചിലര്‍ സംഘര്‍ഷമേഖലകളായ സിറിയ, യെമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുളളവരായിരുന്നു. ഷേഖ് സായിദിന്റെ ജന്മദിനത്തിന്റെ 100ാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി പ്രഖ്യാപിക്കപ്പെട്ട ‘ഇയര്‍ ഓഫ് സായിദി’ന് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് ഈ ഉദ്യമം സംഘടിപ്പിക്കപ്പെട്ടത്.

ലോകമെമ്പാടുമുളള കുട്ടികളുടെ ആരോഗ്യവും ക്ഷേമവും കാത്തുസൂക്ഷിക്കണമെന്ന യുഎഇ രാഷ്ട്രശില്‍പിയായ ഷേഖ്ഖ് സായിദിന്റെ മഹത്തായ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ സംരംഭം ഒരുക്കിയത്.

രണ്ട് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ഈ ദിനങ്ങളില്‍ ഷോപ്പിംഗ് നിര്‍വ്വഹിക്കുവാനും ആസ്റ്റര്‍ വോളണ്ടിയേഴ്‌സില്‍ നിന്നും ഈദുല്‍ ഫ്വിത്തര്‍ സമ്മാനങ്ങള്‍ സ്വീകരിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ പ്രത്യേക മെഡിക്കല്‍ പരിശോധനയും കുട്ടികള്‍ക്ക് ലഭ്യമാക്കിയിരുന്നു. കൂടാതെ കുട്ടികളില്‍ സന്തോഷം പകരാനായി വിവിധ വിനോദ പരിപാടികളും, കല, കരകൗശല പരിശീലനങ്ങളും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു.

യുഎഇ റെഡ് ക്രസന്റ് ദുബായ് ബ്രാഞ്ച് ഡയറക്റ്ററായ മുഹമ്മദ് അല്‍ ഹാജ് അല്‍ സറൂണി മനുഷ്യത്വപരമായ ഈ സംരംഭത്തിന് മുന്നോട്ടുവന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് നന്ദി അറിയിച്ചു. സമൂഹത്തില്‍ സഹായത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് തുണയേകാന്‍ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ശക്തിയും പ്രാധാന്യവും റെഡ് ക്രസന്റ് തിരിച്ചറിയുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേര്‍ന്ന് 2018 മാര്‍ച്ചില്‍ ആരംഭിച്ച ‘സ്‌മൈല്‍ പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടമായാണ് പരിപാടി ഒരുക്കിയത്. ആലംബഹീനരായ കുട്ടികള്‍ക്ക് ആരോഗ്യവും ക്ഷേമവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്

അനുഗ്രഹീതമായ ഈദുല്‍ ഫിത്തര്‍ വേളയില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നല്ല സമയം കുട്ടികള്‍ക്ക് സമ്മാനിക്കാനായത് സൗഭാഗ്യമായി കാണുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

സഹായഹസ്തം ആവശ്യമായ ജനസമൂഹത്തിനുവേണ്ടി മികച്ച മാറ്റം സാധ്യമാക്കുവാനാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ശ്രമിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയെന്നത് ഈ ലക്ഷ്യത്തിലേക്കുളള ചുവടുവെയ്പ്പായി തങ്ങള്‍ കാണുന്നുവെന്നും ആസാദ് മൂപ്പന്‍ കുട്ടിച്ചേര്‍ത്തു.

പ്രോഗ്രാമില്‍ 30 മെഡിക്കല്‍-നോണ്‍ മെഡിക്കല്‍ വോളണ്ടിയേഴ്‌സ് പങ്കെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ ജനറല്‍ വിഭാഗം മുതല്‍ ഇഎന്‍ടി, ദന്തരോഗ പരിശോധനാ വിഭാഗം, ശിശുരോഗ വിഭാഗം തുടങ്ങിയവയിലെ വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്നുവരെ 624,397 ജീവിതങ്ങളില്‍ സ്‌നേഹ സ്പര്‍ശമേകാന്‍ വിവിധ സംരംഭങ്ങളിലൂടെ സാധിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ക്ലിനിക്കുകളും ഹോസ്പിറ്റലുകളുമായി ജിസിസിയില്‍ ശക്തമായ സാന്നിധ്യമാണുളളത്. ഇന്ത്യയിലെ ആരോഗ്യമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. 19 ഹോസ്പിറ്റലുകള്‍, 101 ക്ലിനിക്കുകള്‍, 207 ഫാര്‍മസികള്‍ എന്നിവ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Arabia