ബെംഗളൂരു: മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ വില്‍പ്പനക്കാര്‍ക്കും വായ്പാ സേവനദാതാക്കള്‍ക്കുമായി പുതിയ പ്ലാറ്റ്ഫോം തുറന്നു. വില്‍പ്പനക്കാര്‍ക്ക് വിവിധ ലെന്‍ഡര്‍മാരുടെ മത്സരാധിഷ്ഠത വായ്പാ സേവനങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ പ്ലാറ്റ്ഫോം. കമ്പനിയുടെ പുതിയ സെല്ലര്‍ ലെന്‍ഡിംഗ് നെറ്റ്വര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമായി വായ്പക്കാരെ വില്‍പ്പനക്കാരുമായി ബന്ധിപ്പിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആമസോണ്‍ ഇത്തരത്തിലൊരു സെല്ലര്‍ പ്രോഗ്രാം ആരംഭിക്കുന്ന ആദ്യത്തെ സ്ഥലമാണ് ഇന്ത്യ. കമ്പനിയുടെ ആഭ്യന്തര വിപണിയായ യുഎസില്‍ സ്വന്തം നിലയ്ക്കാണ് ആമസോണ്‍ വില്‍പ്പനക്കാര്‍ക്ക് വായ്പാസഹായം നല്‍കുന്നത്.
ആമസോണ്‍ ഇന്ത്യ നിലവില്‍ കാപ്പിറ്റല്‍ ഫസ്റ്റ്, കാപ്പിറ്റല്‍ ഫ്ളോട്ട്, ബാങ്ക് ഓഫ് ബറോഡ, ആദിത്യ ബിര്‍ള ഫിനാന്‍സ്, യെസ് ബാങ്ക്, ഫെക്സിലോണ്സ് എന്നിവങ്ങനെ ആറു വായ്പസേവന സ്ഥാപനങ്ങളുമായിട്ടാണ് സഹകരിക്കുന്നത്. ബാങ്ക് ഇതര സാമ്പത്തിക സേവനസ്ഥാപനമായ കാപ്പിറ്റല്‍ ഫ്ളോട്ടില്‍ അടുത്തിടെ ആമസോണ്‍ 144 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വായ്പ നല്കുന്ന കാപ്പിറ്റല്‍ ഫ്ളോട്ടിന് സ്വന്തമായി ഒരു വായ്പാ വിപണി മാതൃകയുമുണ്ട്.
ആമസോണ്‍ പ്ലാറ്റ്ഫോമിലെ വില്‍പ്പനക്കാര്‍ക്ക് നിലവിലെ തങ്ങളുടെ ഇ-കൊമേഴ്സ് വെബ്സൈറ്റ് പോര്‍ട്ടല്‍ വഴി ഈ വായ്പാ സേവന പാറ്റ്ഫോം ഉപയോഗിക്കാവുന്നതാണ്. കൂടാതെ വായ്പാ സേവനദാതാക്കള്‍ക്കായി ‘ലെന്‍ഡര്‍ സെന്‍ട്രല്‍’ എന്ന പേരില്‍ പുതിയ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം ആമസോണ്‍ രൂപീകരിച്ചിട്ടുമുണ്ട്. വില്‍പ്പനക്കാരുടെ വിവരങ്ങളും അവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുതിയ വിവരങ്ങളും തല്‍സമയം ഇൗ പ്ലാറ്റ്ഫോമില്‍ പങ്കുവെയ്ക്കും. ആമസോണ്‍ 2016 ല്‍ തങ്ങളുടെ സെല്ലര്‍ ലെന്‍ഡിംഗ് പ്രോഗ്രാം ആരംഭിച്ചിരുന്നുവെങ്കിലും വില്പ്പനക്കാരന് ഒരു വായ്പാ സേവനദാതാവില്‍ നിന്ന് ഒരു നിശ്ചിത തുകയുടെ വായ്പയെടുക്കാന്‍ മാത്രമെ ഇതില്‍ അനുവദിച്ചിരുന്നുള്ളൂ.