വനാമി ചെമ്മീന്‍ ഉല്‍പ്പാദനം; വന്‍ ലക്ഷ്യങ്ങളുമായി എംപിഇഡിഎ

വനാമി ചെമ്മീന്‍ ഉല്‍പ്പാദനം; വന്‍ ലക്ഷ്യങ്ങളുമായി എംപിഇഡിഎ

വനാമി ചെമ്മീന്‍: എംപിഇഡിഎയുടെ അക്വാട്ടിക് ക്വാറന്റൈന്‍ സംവിധാനത്തിന്റെ നാലാം ഘട്ടം ചെന്നൈയില്‍

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള വനാമി ചെമ്മീന്‍ കൃഷി ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നതിനായി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)സജ്ജീകരിക്കുന്ന സംരക്ഷിത സംവിധാനമായ അക്വാട്ടിക് ക്വാറന്റൈന്‍ ഫെസിലിറ്റിയുടെ(എക്യുഎഫ്) നാലാം ഘട്ടത്തിന് ചെന്നൈയില്‍ തറക്കല്ലിട്ടു.

കേന്ദ്ര മൃഗസംരക്ഷണഡയറിഫിഷറീസ് വകുപ്പ് സെക്രട്ടറി തരുണ്‍ ശ്രീധറാണ് ചെന്നൈയിലെ നീലാങ്കരൈയില്‍ നാലാം ഘട്ടത്തിന് തറക്കല്ലിട്ടത്.

വനാമി ചെമ്മീന്‍ ഉല്‍പ്പാദനം ഇപ്പോഴത്തെ നിലയില്‍ നിന്ന് മൂന്നര ലക്ഷം ടണ്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ പദ്ധതിയുടെ നാലാം ഘട്ടം നടപ്പാക്കുന്നത്. എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ്(ആര്‍ജിസിഎ) എക്യുഎഫ് ഒരുക്കിയിരിക്കുന്നത്. ആറ് ക്യുബിക്കിളുകള്‍, മൂന്ന് റിസീവിംഗ് വിഭാഗം, അണുനശീകരണ സംവിധാനത്തോടു കൂടെയുള്ള പാക്കിംഗ്വിഭാഗം, എന്നിവയാണ് ഇതിലുണ്ടാകുന്നത്. ഇതു വഴി പ്രതിവര്‍ഷം ഏകദേശം 1,23,750 പ്രജനന യോഗ്യമായ വനാമി ചെമ്മീനുകളെ ക്വാറന്റൈന്‍ ചെയ്ത് ചെമ്മീന്‍ ഹാച്ചറികള്‍ക്ക് നല്‍കാന്‍ സാധിക്കും.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളില്‍ ഏറെ ആവശ്യക്കാരുള്ള ഇനമാണ് വനാമി ചെമ്മീന്‍. സ്വദേശി ഇനം അല്ലാത്തതിനാല്‍ ആണ്‍പെണ്‍ ചെമ്മീനുകളെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ പാലിക്കേണ്ട ജൈവസംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് 2009 ല്‍ ആദ്യമായി എക്യുഎഫ് നിലാങ്കരൈയില്‍ തുടങ്ങിയത്.

നീല വിപ്ലവത്തിന്റെ ഭാഗമായി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എക്യുഎഫിന് കൂടുതല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് തരുണ്‍ ശ്രീധര്‍ പറഞ്ഞു. ഗുജറാത്ത്, ഒഡിഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് വനാമി ചെമ്മീന്‍ കൃഷിയ്ക്കായി സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി 6 ബില്യണ്‍ ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ

സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി വിഹിതം വര്‍ധിപ്പിക്കാന്‍ എംപിഇഡിഎ, ആര്‍ജിസിഎ എന്നിവയ്ക്ക് ആവശ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇതുവരെ 11 ലക്ഷം വനാമി കുഞ്ഞുങ്ങളെ എക്യുഎഫ് വഴി സംരക്ഷിത പ്രജനനം നടത്തിയിട്ടുണ്ടെന്ന് എംപിഇഡിഎ ചെയര്‍മാനും ആര്‍ജിസിഎ പ്രസിഡന്റുമായ ഡോ. എ ജയതിലക് ഐഎഎസ് പറഞ്ഞു. സമുദ്രോല്‍പ്പന്ന വ്യവസായത്തിനും കയറ്റുമതിയ്ക്കും എക്യുഎഫിന്റെ നാലാം ഘട്ടത്തിന്റെ വികസനം കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി 6 ബില്യണ്‍ ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതി അളവ് 1.27 ദശലക്ഷം ടണ്ണാണ് പ്രതീക്ഷിക്കുന്നത്. എക്യുഎഫ് വികസനത്തോടെ 2022 ആകുമ്പോഴേക്കും 10 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് കയറ്റുമതി എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാനത്തിന്റെ എല്ലാ പിന്തുണയും എക്യുഎഫിന് ഉണ്ടാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത തമിഴ്‌നാട് മൃഗസംരക്ഷണഡയറിഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഗോപാല്‍ ഐഎഎസ് ഉറപ്പു നല്‍കി.

Comments

comments

Categories: Business & Economy