തിരുപ്പതി ക്ഷേത്രം ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും

തിരുപ്പതി ക്ഷേത്രം ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും

തിരുമല വെങ്കടേശ്വര ദേവസ്ഥാനം ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിന് അമ്പത് ഇലക്ട്രിക് കാറുകള്‍ നല്‍കും

തിരുപ്പതി : തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും. ക്ഷേത്ര ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ക്ഷേത്രമായി തിരുമല വെങ്കടേശ്വര ക്ഷേത്രം മാറും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) ആന്ധ്ര സര്‍ക്കാരിന് 350 ഇലക്ട്രിക് കാറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ അമ്പത് കാറുകള്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കൈമാറുന്നത്.

എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് വാടക നല്‍കിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ആന്ധ്ര പ്രദേശ് പുനരുല്‍പ്പാദന ഊര്‍ജ്ജ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ എം കമലാകര്‍ ബാബു പറഞ്ഞു. ഒരു വാഹനത്തിന് പ്രതിമാസം ഇരുപതിനായിരം രൂപയാണ് ഇഇഎസ്എല്ലിന് നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനായി നിയമിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഓരോ ഇലക്ട്രിക് കാറിനും പതിനൊന്ന് ലക്ഷം രൂപയാണ് വില. ആറ് വര്‍ഷത്തിനുശേഷം വാഹനങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറും.

ഇലക്ട്രിക് കാറുകള്‍ ഓടിക്കുന്നതിന് കിലോമീറ്ററിന് രണ്ട് രൂപ മാത്രമായിരിക്കും ചെലവ്

തിരുപ്പതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതിയിലെ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെല്ലാം ഇലക്ട്രിക് കാറുകള്‍ നല്‍കും. തിരുപ്പതി ക്ഷേത്രത്തില്‍ ഇലക്ട്രിക് കാറുകള്‍ ഓടിക്കുന്നതിന് കിലോമീറ്ററിന് രണ്ട് രൂപ മാത്രമായിരിക്കും ചെലവ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഈ കാറുകളില്‍ (ടാറ്റ ടിഗോര്‍ ഇലക്ട്രിക്, മഹീന്ദ്ര ഇ-വെരിറ്റോ) 120 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

Comments

comments

Categories: Auto