നിരത്തുകള്‍ അടക്കിഭരിച്ച ഇന്ത്യന്‍ കാറുകള്‍

നിരത്തുകള്‍ അടക്കിഭരിച്ച ഇന്ത്യന്‍ കാറുകള്‍

ന്‍ഡിക്കയുടെ ഉല്‍പ്പാദനം ടാറ്റ മോട്ടോഴ്‌സ് ഈയിടെയാണ് അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്‌സ് ഏതാണ്ട് 20 വര്‍ഷം ഇന്‍ഡിക്ക ഹാച്ച്ബാക്ക് നിര്‍മ്മിച്ചു. ഇരുപത് വര്‍ഷം നീണ്ട കാലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? എങ്കില്‍ ഇതാ ഇന്ത്യയിലെ നിരത്തുകളില്‍ ഏറ്റവുമധികം കാലം വിരാജിച്ച/വിരാജിക്കുന്ന പത്ത് ഇന്ത്യന്‍ കാറുകള്‍.

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ (1958-2014) 56 വര്‍ഷം

നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും അംബാസഡര്‍ കാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഓര്‍മ്മകള്‍ ഉണ്ടാകും. നിങ്ങളുടെ മുത്തച്ഛന്‍ മുതല്‍ ബന്ധുവായ ഇരുപതുകാരന്‍ പയ്യന്‍ പോലും അംബാസഡര്‍ കാറിനെകുറിച്ച് സംസാരിക്കാതിരിക്കില്ല. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി അംബാസഡര്‍ എന്ന കാര്‍ ഇവിടെ ഉണ്ടായിരുന്നു എന്നതുതന്നെ ഇതിന് കാരണം. വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച അംബാസഡര്‍ കാര്‍ ബിംബവല്‍ക്കരിക്കപ്പെട്ടു എന്നു പറയാം. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ലാന്‍ഡ്മാസ്റ്ററില്‍നിന്നാണ് 1958 ല്‍ ഹിന്ദുസ്ഥാന്‍ അംബാസഡര്‍ ഉടലെടുത്തത്. 56 വര്‍ഷത്തെ കാലയളവില്‍ അംബാസഡര്‍ കാര്‍ വിവിധ റോളുകള്‍ കൈകാര്യം ചെയ്തു. ഒരുകാലത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇഷ്ടപ്പെട്ട വാഹനമായിരുന്നു അംബാസഡര്‍. മഞ്ഞ നിറത്തില്‍ കൊല്‍ക്കത്തയിലെ നഗരവീഥികളിലും അംബാസഡര്‍ കാര്‍ നിറഞ്ഞോടി. എന്നാല്‍ 2014 ല്‍ ‘അംബി’യുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. ഈ അടുത്തകാലത്തൊന്നും മറക്കാനാകാത്തവിധമാണ് അംബാസഡര്‍ കാര്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടിയത്.

പ്രീമിയര്‍ പത്മിനി 1100 (1964-1998) 34 വര്‍ഷം

ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ എതിരാളിയായി രംഗപ്രവേശം ചെയ്ത പ്രീമിയര്‍ പത്മിനി അടിസ്ഥാനപരമായി ഫിയറ്റ് 1100 ‘ഡിലൈറ്റ്’ റീബാഡ്ജ് ചെയ്തതായിരുന്നു. 1964 ലാണ് പ്രീമിയര്‍ പത്മിനിയുടെ വില്‍പ്പന ആരംഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പ്രീമിയര്‍ ഓട്ടോമൊബീല്‍സ് ലിമിറ്റഡ് 1100 ന്റെ സ്വന്തം വേര്‍ഷന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. പ്രസിഡന്റ് എന്നാണ് ആദ്യം വിളിച്ചിരുന്നതെങ്കിലും പിന്നീട് പത്മിനി എന്ന് പേര് മാറ്റി. അക്കാലത്ത് പത്മിനി മാത്രമായിരുന്നു അംബാസഡറിന്റെ യഥാര്‍ത്ഥ ബദല്‍. എന്നാല്‍ 1980 കളിലും പത്മിനി അതിന്റെ ജനകീയത തുടര്‍ന്നു. പിന്നീട് മുംബൈ നഗരത്തില്‍ കാലി-പീലി ടാക്‌സികളായും പ്രീമിയര്‍ പത്മിനിയെ കണ്ടു.

മാരുതി ഓമ്‌നി (1984 മുതല്‍) 34 വര്‍ഷം

1984 ല്‍ വാന്‍ എന്ന പേരിലാണ് മാരുതി ഈ വാഹനം അവതരിപ്പിച്ചത്. ലക്ഷ്യം ഒന്നു മാത്രമായിരുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പരമാവധി ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുക എന്നതുതന്നെ. പിന്നീടാണ് ഓമ്‌നി എന്ന പേര് നല്‍കാന്‍ മാരുതി തീരുമാനിച്ചത്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ഇപ്പുറവും ‘വാല്യു ഫോര്‍ മണി’ വാഹനമായി മാരുതി സുസുകി ഓമ്‌നി തുടരുന്നു. 5 സീറ്റ്, 8 സീറ്റ് വേര്‍ഷനുകളില്‍ മാരുതി സുസുകി ഓമ്‌നി ലഭിക്കും. 3.35 ലക്ഷം രൂപ, 3.36 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം മുംബൈ ഓണ്‍ റോഡ് വില.

മാരുതി ജിപ്‌സി (1985 മുതല്‍) 33 വര്‍ഷം

ഇന്ത്യക്കാരുടെ മനം കവര്‍ന്ന വാഹനമാണ് മാരുതി ജിപ്‌സിയെന്ന 4 വീല്‍ ഡ്രൈവ് ഓഫ് റോഡ് വാഹനം. വിവിധ പൊലീസ് സേനകളുടെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു മാരുതി ജിപ്‌സി. ഇന്ത്യന്‍ കരസേനയില്‍ ജിപ്‌സി ഇപ്പോഴും ഫേവറിറ്റ് വാഹനം തന്നെ. ഒരുപക്ഷേ, എക്കാലത്തെയും ഏറ്റവും വിജയകരമായ ഇന്ത്യന്‍ റാലി കാറാണ് മാരുതി ജിപ്‌സി. മാരുതി സുസുകി ഓഫ് റോഡറിന്റെ സോഫ്റ്റ് ടോപ്പ് വേര്‍ഷന് 7.02 ലക്ഷം രൂപയും ഹാര്‍ഡ് ടോപ്പ് വേര്‍ഷന് 7.18 ലക്ഷം രൂപയുമാണ് മുംബൈ ഓണ്‍ റോഡ് വില.

മാരുതി 800 (1986-2014) 28 വര്‍ഷം

ഇന്ത്യയെ ‘ബിഹൈന്‍ഡ് ദ വീലില്‍’ ഇരുത്തിയ കാറാണ് മാരുതി 800. ഇന്ത്യയുടെ കാര്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കാറാണ് മാരുതി 800 എന്നു പറയാം. ഇന്ത്യക്കാരെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ ചെറു കാറായിരുന്നു മാരുതി 800. മിക്കവരും കാര്‍ ഡ്രൈവ് ചെയ്യാന്‍ പഠിച്ചത് മാരുതി 800 ല്‍ ആയിരിക്കും. വിപണിയില്‍ പുറത്തിറക്കി മൂന്ന് പതിറ്റാണ്ടിനുശേഷം 2014 ല്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതുവരെ മാരുതിയുടെ ഏറ്റവും പ്രധാന മോഡലായി 800 തുടര്‍ന്നു. വില്‍പ്പന തുടര്‍ന്നിരുന്നെങ്കില്‍ വാങ്ങാന്‍ ഇപ്പോഴും ആളുണ്ടാകുമായിരുന്നു.

ടാറ്റ സുമോ (1994 മുതല്‍) 24 വര്‍ഷം

ടാറ്റയുടെ പീപ്പിള്‍ കാരിയറായ സുമോ 1994 ലാണ് വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിയുന്തോറും ധാരാളം പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ മാറ്റമില്ല. പരമാവധി സീറ്റുകള്‍, പരമാവധി പ്രായോഗികത, ബോക്‌സി ആകൃതി, വാല്യു ഫോര്‍ മണി എന്നിവ അതേപോലെ തുടരുന്നു. 8.68 ലക്ഷം മുതല്‍ 9.44 ലക്ഷം രൂപ വരെയാണ് മുംബൈ ഓണ്‍ റോഡ് വില. പല വാഹന നിര്‍മ്മാതാക്കളുടേതായി ടാറ്റ സുമോയുടെ പകരക്കാര്‍ ഇറങ്ങിയെങ്കിലും വിശാലമായ കാബിന്‍ സൗകര്യത്താല്‍ സുമോ ഇപ്പോഴും ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.

ടാറ്റ സഫാരി (1998 മുതല്‍) 20 വര്‍ഷം

2000 ന്റെ തുടക്കം മുതല്‍ ഇന്ത്യക്കാരെ കൊതിപ്പിച്ച എസ്‌യുവിയാണ് ടാറ്റ സഫാരി. പുരുഷകേസരിയാണ് ടാറ്റ സഫാരി എന്ന് പറയാം. നല്ല ശരീരപുഷ്ടിയും ടര്‍ബോ-ഡീസല്‍ എന്‍ജിനും കാരണം ഇലക്ഷന്‍ സമയങ്ങളില്‍ ടാറ്റ സഫാരി രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വാഹനമായിരുന്നു. സഫാരി സ്‌റ്റോം ആണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. 12.99 ലക്ഷം മുതല്‍ 18.65 ലക്ഷം രൂപ വരെയാണ് മുംബൈ ഓണ്‍ റോഡ് വില. സഫാരി സ്റ്റോമിന് ഇപ്പോള്‍ വിപണിയില്‍ കൂടുതല്‍ എതിരാളികളെ കാണാം.

ടാറ്റ ഇന്‍ഡിക്ക (1998-2018) 20 വര്‍ഷം

1998 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ഇന്‍ഡിക്ക അനാവരണം ചെയ്തത്. എല്ലാവരിലും ആശ്ചര്യം ജനിപ്പിച്ച കാറായിരുന്നു ടാറ്റ ഇന്‍ഡിക്ക. ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ ഐഡിയ (ഐ.ഡിഇ.എ) ആണ് ഇന്‍ഡിക്കയുടെ സ്റ്റൈല്‍ നിര്‍വ്വചിച്ചത്. തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ യഥാര്‍ത്ഥ കാറാണ് ടാറ്റ ഇന്‍ഡിക്ക. മികച്ച അനുപാതങ്ങളില്‍ നിര്‍മ്മിച്ച കാറിനകത്ത് ധാരാളം സ്ഥലസൗകര്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ അന്ന് രാജാവായി വിലസിയിരുന്ന മാരുതി 800 നേക്കാള്‍ 30,000 രൂപ കുറച്ചാണ് ടാറ്റ ഇന്‍ഡിക്ക 1998 ഡിസംബറില്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2001 ല്‍ ടാറ്റ ഇന്‍ഡിക്ക വി2 പുറത്തിറക്കി.

മഹീന്ദ്ര ബൊലേറോ (2000 മുതല്‍) 18 വര്‍ഷം

മഹീന്ദ്രയുടെ വിശ്വസ്തനാണ് ബൊലേറോ. 2000 ലാണ് ഈ പര്‍പ്പസ്-ബില്‍റ്റ് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിയത്. ഗ്രാമീണ ഇന്ത്യയിലാണ് ബൊലേറോ ഏറ്റവുമധികം വില്‍പ്പന ആസ്വദിച്ചത്. കാലാകാലങ്ങളില്‍ മഹീന്ദ്ര ബൊലേറോയില്‍ നടത്തിയ കായകല്‍പ്പ ചികിത്സയുടെ ഫലമാണ് ഇപ്പോഴും കാണുന്ന ഈ ഡിമാന്‍ഡ്. പുതുമ കാത്തുസൂക്ഷിക്കുന്ന ബൊലേറോയുടെ വില്‍പ്പനയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ കുറവ് സംഭവിച്ചിട്ടില്ല.

മാരുതി വേഴ്‌സ / ഈക്കോ (2001 മുതല്‍) 17 വര്‍ഷം

വേഴ്‌സ എന്ന പേരില്‍ മാരുതി പുറത്തിറക്കിയ മള്‍ട്ടി പര്‍പ്പസ് വാഹനം ഒമ്പത് വര്‍ഷത്തിനിടയില്‍ സെയില്‍സ് ചാര്‍ട്ടുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചില്ല. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നു കൂടി ഓര്‍ക്കണം. 2010 ലാണ് വേഴ്‌സ പരിഷ്‌കരിച്ച് മാരുതി സുസുകി ഈക്കോ പുറത്തിറക്കിയത്. ടാക്‌സി വിപണിയില്‍ മാരുതി ഈക്കോ ഹിറ്റായി മാറി.

Comments

comments

Categories: Auto