ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ കടുത്ത മത്സരം

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ കടുത്ത മത്സരം

ലോയല്‍ ഹോസ്പിറ്റാലിറ്റിയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് സൊമാറ്റോ

മംബൈ: രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ വിവിധ കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ റെസ്‌റ്റൊറന്റുകളില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍. ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ബെംഗളൂരുവിലെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോയല്‍ ഹോസ്പിറ്റാലിറ്റിയില്‍ സൊമാറ്റോ 100 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നിക്ഷേപത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 30 കോടി രൂപ ഇതിനകം സൊമാറ്റോ നല്‍കികഴിഞ്ഞു. ലോയല്‍ ഹോസ്പിറ്റാലിറ്റിയുമായുള്ള ബന്ധം സൊമാറ്റോയ്ക്കു ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഏഴു ദശലക്ഷത്തിലധികമാണ് കമ്പനിയുടെ ഡെലിവറി നിരക്ക്. പത്ത് ദശലക്ഷമാണ് ബെംഗളൂരു കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി ഒരു മാസം നേടുന്ന ഓര്‍ഡര്‍. ഒലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്പാണ്ട ഇന്ത്യ പ്രതിമാസം 25,000-40,000 ഓര്‍ഡറുകള്‍ നേടുന്നുണ്ടെന്നും ഇന്‍ഡസ്ട്രി കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10,000ത്തോളം കിച്ചണുകള്‍ ആരംഭിക്കാന്‍ ലോയല്‍ ഹോസ്പിറ്റാലിറ്റി പദ്ധതിയിടുന്നുണ്ട്. ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ബെംഗളൂരുവിലെ എംപയര്‍ റെസ്റ്റൊറന്റ്‌സ്, അഡിഗസ്, ഹൈദരാബാദ് ബിരിയാണി ഹൗസ്, അല്‍ ബേക്ക് എന്നിവരുമായി സഹകരിക്കാന്‍ ലോയല്‍ ഹോസ്പിറ്റാലിറ്റി സൊമാറ്റോയ്ക്ക് അവസരമൊരുക്കും.

സൊമാറ്റോയുടെ വിപണി എതിരാളികളായ സ്വിഗ്ഗിയും യുബര്‍ഈറ്റ്‌സും ലോയല്‍ ഹോസ്പിറ്റാലിറ്റിയുമായി നിക്ഷേപം വഴിയോ വരുമാന പങ്കിടല്‍ മാതൃക വഴിയോ സഹകരിക്കുന്നതിന് നേരത്തെ പരിശ്രമിച്ചിരുന്നു.

സൊമാറ്റോയുടെ വിപണി എതിരാളികളായ സ്വിഗ്ഗിയും യുബര്‍ഈറ്റ്‌സും ലോയല്‍ ഹോസ്പിറ്റാലിറ്റിയുമായി നിക്ഷേപം വഴിയോ വരുമാന പങ്കിടല്‍ മാതൃക വഴിയോ സഹകരിക്കുന്നതിന് നേരത്തെ ശ്രമിച്ചിരുന്നു.

സൊമാറ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസിനു(ഇസെഡ്‌ഐഎസ്) കീഴിലുണ്ടായിരുന്ന സൊമാറ്റോയുടെ ക്ലൗഡ് കിച്ചണിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ചെറു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇസെഡ്‌ഐഎസ് ആരംഭിച്ചതെന്നും ദ്വാരകയില്‍ മാത്രമാണ് ഈ പദ്ധതിക്കു കീഴില്‍ കമ്പനിയുടെ കിച്ചണ്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് ഉടനെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സൊമാറ്റോ പബ്ലിക്ക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് നൈന സാഹി പറഞ്ഞു. ഒരു വര്‍ഷം മുമ്പാരംഭിച്ച ഈ മാതൃകയിലൂടെ കമ്പനിക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിരുന്നില്ല.

ഡെല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ റെസ്റ്റൊറന്റുകളുമായും ക്ലൗഡ് കിച്ചണ്‍ സൗകര്യം നല്‍കുന്ന കമ്പനികളുമായും സ്വിഗ്ഗി ചര്‍ച്ച നടത്തിവരുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച അക്‌സെസ് പ്രോഗ്രാം വികസിപ്പിക്കാനും സ്വിഗ്ഗിക്കു പദ്ധതിയുണ്ട്. റെസ്റ്റോറന്റ് പങ്കാളികളെ അവര്‍ക്ക് സാന്നിധ്യമില്ലാത്ത തൊട്ടടുത്ത വിപണികളില്‍ കിച്ചണ്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാം വടക്കന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

കുറഞ്ഞ കമ്മീഷന്‍ നിരക്കേ ഈടാക്കൂ എന്നതടക്കമുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മുന്‍നിര ഭക്ഷണശാലകളെ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴിയുള്ള ഭക്ഷണ വിതരണത്തിന് ഓണ്‍ലൈന്‍ ഫുഡ് ഡെലവറി കമ്പനികള്‍ ക്ഷണിക്കുന്നത്. ഒന്നിലധികം റെസ്‌റ്റൊറന്റുകളെ ആശ്രയിച്ചുള്ള ക്ലൗഡ് കിച്ചണ്‍ മാതൃക ചെറിയ തോതില്‍ മാത്രം ഫുഡ് ഡെലിവറി സേവനം ലഭിക്കുന്ന പ്രദേശങ്ങളില്‍ സേവനമെത്തിക്കാനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സഹായിക്കും. ഇത് ഓണ്‍ലൈന്‍ ഡെലിവറി വിപണിയുടെ വികസനം സാധ്യമാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുടിയേറ്റക്കാര്‍, യുവജനങ്ങള്‍ എന്നിവരുടെയിടയില്‍ ഫുഡ് ഓര്‍ഡറിംഗ് ബിസിനസ് മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇത് വിപണിയുടെ വികസനത്തിന് സഹായിക്കും. റെസ്റ്റൊറന്റുകളും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളുമായുള്ള സഹകരണം വര്‍ധിക്കുന്നത് റെസ്റ്റോറന്റുകള്‍ക്ക് പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനുള്ള ചെലവ് ലാഭിച്ചുകൊണ്ട് പുതിയ വിപണികളിലേക്ക് ചുവടുവെക്കാനും ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് പുതിയ ഉപഭോക്താക്കളെ നേടുന്നതിനും സഹായിക്കും-കെപിഎംജി ഇന്ത്യ ഇന്റര്‍നെറ്റ് ബിസിനസ്, ഇ-കൊമേഴ്‌സ് തലവന്‍ ശ്രീധര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy