‘സാങ്കേതിക വിദ്യാ നവീകരണത്തിന് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ മുന്നോട്ടുവരണം’

‘സാങ്കേതിക വിദ്യാ നവീകരണത്തിന് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ മുന്നോട്ടുവരണം’

ഊര്‍ജ സംരക്ഷണത്തിലൂടെ എംഎസ്എംഇകളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കണമെന്ന് എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ പി വി വേലായുധന്‍

കൊച്ചി: ഊര്‍ജ ക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യ നവീകരിക്കാനും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ പ്രയോജനപ്പെടുത്താനും ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ മുന്നോട്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ പി വി വേലായുധന്‍ ആവശ്യപ്പെട്ടു.

ഊര്‍ജ സംരക്ഷണത്തിലൂടെ എംഎസ്എംഇകളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സും(ഫിക്കി) കേരള സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും പി സി ആര്‍ എ, ഇ ഇ എസ് എല്‍ എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് മാറുന്ന കാലത്തിനുസരിച്ചുള്ള സാങ്കേതിക വിദ്യാ നവീകരണം അനുപേക്ഷണീയമാണ്. കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയുള്ള ഉപകരണങ്ങള്‍ കാലാകാലങ്ങളില്‍ മാറ്റി സ്ഥാപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭകരെ സഹായിക്കും. പല വ്യവസായങ്ങളും കാലഹരണപ്പെട്ട സാങ്കേതികവിദ്യകളുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഉല്‍പ്പാദനം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ എഎസ്എംഇകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാന്‍ തീരുമാനം

കാര്യക്ഷമതയില്ലാത്ത മെഷീനറികളും സാങ്കേതിക വിദ്യകളും മാറ്റി പുതിയവ സ്വീകരിക്കുകയാണ് ഇതിനുള്ള പരിഹാര മാര്‍ഗം. ഇതിന് ആവശ്യമായ സാമ്പത്തിക പിന്തുണ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയായും സിഡ്ബി വഴി മിനിമം പലിശ നിരക്കിലുള്ള വായ്പകളായും സഹായം ലഭ്യമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ എംഎസ്എംഇകള്‍ ഈ സാമ്പത്തിക സഹായം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ആരും ഇതിന് മുന്നോട്ടു വന്നു കാണുന്നില്ലെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിന് ഊര്‍ജ്ജ ഓഡിറ്റ്, എനര്‍ജി ചെലവുകള്‍, പ്രിവന്റീവ് മെയിന്റനന്‍സ് തുടങ്ങിയവ നടത്തേണ്ടതുതണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ എഎസ്എംഇകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാന്‍ ശില്‍പശാല തീരുമാനിച്ചു.

ഈ രംഗത്തെ വിവിധ സംഘടനകളുമായും സംരംഭകരുമായും വ്യവസായ വകുപ്പുമായും ചര്‍ച്ച ചെയ്ത് ഇതിന്റെ വിശദമായ മാര്‍ഗരേഖ തയ്യാറാക്കും. വ്യാഴാഴ്ച നിലവില്‍ വരുന്ന ഊര്‍ജ കേരള മിഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയവും ശില്‍പശാല അംഗീകരിച്ചു.

സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ എനര്‍ജി എഫിഷ്യന്‍സി വിഭാഗം മേധാവി എ എം നാരായണന്‍, എണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി ഏബ്രഹാം, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് എല്‍ അസ്വാനി, പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍(പി സി ആര്‍ എ) സതേണ്‍ റീജണ്‍ ഡയറക്റ്റര്‍ പി സെല്‍വന്‍, ഫിക്കി അഡീഷണല്‍ ഡയറക്റ്റര്‍ (റിസോഴ്‌സ് കണ്‍സര്‍വേഷന്‍) എം എന്‍ ഗിരീഷ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു. പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍(പി സി ആര്‍ എ)ചെന്നൈ അഡീഷണല്‍ ഡയറക്റ്റര്‍ കെ ആര്‍ അജിത്കുമാര്‍, എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ കെ എന്‍ ഹേമന്ദകുമാര്‍, വേള്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ പ്രതിനിധി കാജോള്‍, പി സി ആര്‍ എ അഡീഷണല്‍ ഡയറക്റ്റര്‍ സുരേഷ്‌കുമാര്‍, ലോണ്‍സ് ഫോര്‍ എംഎസ്എം ഇയുടെ സിമ്മി സരീന്‍ എന്നിവര്‍ സാങ്കേതിക സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Categories: More