റോഡ്‌ നിര്‍മാണം; സര്‍ക്കാരിന്റേത് മികച്ച പ്രകടനം

റോഡ്‌ നിര്‍മാണം; സര്‍ക്കാരിന്റേത് മികച്ച പ്രകടനം

ദേശീയ പാത വികസനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റേത് മികച്ച കണക്കുകളാണ്. ഒരു ദിവസം 19.5 കി.മീ എന്ന ശരാശരിയിലേക്ക് ഹൈവേ നിര്‍മാണം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണ്.

നാല് വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി സര്‍ക്കാരിന് എടുത്തുപറയത്തക്ക രീതിയില്‍ നിരവധി നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. ദ്രുതഗതിയിലുള്ള വികസനം ഉറപ്പ് വരുത്തുന്ന നിരവധി തീരുമാനങ്ങളും പരിഷ്‌കരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുമുണ്ട്. സമ്പദ് വ്യവസ്ഥയെ താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും താളം തെറ്റിച്ച നടപടികളുമുണ്ടായിട്ടുണ്ട്. ബിസിനസ് ലോകം പ്രതീക്ഷിച്ച പോലെ ഒരു കുതിപ്പ് പകരാന്‍ ഈ സര്‍ക്കാരിന് സാധിച്ചോ എന്നതും ചര്‍ച്ചാവിഷയമാണ്.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭരണനേട്ടങ്ങളിലൊന്നായി എടുത്തു പറയാവുന്നതാണ് അതിവേഗത്തിലുള്ള റോഡ് നിര്‍മാണം. എതിരാളികള്‍ പോലും ഈ വിഷയത്തില്‍ തര്‍ക്കം ഉന്നയിക്കാന്‍ സാധ്യതയില്ല.

ഭരണം നാല് വര്‍ഷം പിന്നിടുമ്പോള്‍ പ്രതിദിനം ശരാശരി 19.5 കി.മീ എന്ന തലത്തിലേക്ക് ഹൈവേ നിര്‍മാണം എത്തിക്കാന്‍ മോദി സര്‍ക്കാരിനായി. യുപിഎ ഭരണകാലത്ത് ഇത് 11.27 കിലോമീറ്റര്‍ മാത്രമായിരുന്നു. ഹൈവേ നിര്‍മാണത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 73 ശതമാനം അധികം നേട്ടം കൈവരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനായെന്നാണ് കണക്കുകള്‍ പറയുന്നത്.

ഭരണത്തിലേറിയ ആദ്യ നാല് വര്‍ഷങ്ങളില്‍ ഹൈവേ നിര്‍മാണം 28,531 കി.മീറ്ററിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഇത് 16,505 കിലോമീറ്ററായിരുന്നു. 2017-18 വര്‍ഷത്തിലാണ് ഹൈവേ നിര്‍മാണത്തില്‍ വലിയ പുരോഗതി കൈവരിച്ചത്, 9,829 കിലോമീറ്റര്‍. 2016-17ല്‍ ഇത് 8,231 കി.മീ ആയിരുന്നു, 2015-16ല്‍ 4,410 കിലോമീറ്ററും.

നരേന്ദ്ര മോദി അധികാരത്തിലേറുന്ന സമയത്ത് ഹൈവേ നിര്‍മാണനിരക്ക് പ്രതിദിനം 11.67 കിലോമീറ്ററായിരുന്നു. പിന്നീട് 2014-15ല്‍ ഇത് പ്രതിദിനം 12 കിലോമീറ്റര്‍ ആയി ഉയര്‍ന്നു. 2015-16 സാമ്പത്തികവര്‍ഷത്തില്‍ 16.6 കിലോമീറ്ററായി. അതിനുശേഷം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിന ഹൈവേ നിര്‍മാണം 22.5 കിലോമീറ്ററായി മാറി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് റെക്കോഡ് കൈവരിച്ച് 26.9 കി.മീറ്ററായി ഉയര്‍ന്നു. നാല് വര്‍ഷത്തെയും കൂടി ശരാശരി പ്രതിദിന ഹൈവേ നിര്‍മാണം 19.5 കി.മീ.

അധികാരസ്ഥാനങ്ങളിലിരിക്കുമ്പോഴെല്ലാം മികച്ച ‘പെര്‍ഫോര്‍മര്‍’ എന്ന് പേര് നേടിയ മന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ പ്രവര്‍ത്തനമികവാണ് ഹൈവേ നിര്‍മാണത്തില്‍ ഇതുപോലെ വമ്പന്‍ പുരോഗതി കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചത്. ഈ വര്‍ഷം അദ്ദേഹം പദ്ധതിയിടുന്ന പ്രതിദിന ഹൈവേ നിര്‍മാണ ലക്ഷ്യം 45 കിലോമീറ്ററാണ്. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന നേട്ടവുമാണിത്.

Comments

comments

Categories: Editorial, Slider

Related Articles