ലൈസന്‍സില്ലാത്തെ പൊതു വൈഫൈ നെറ്റ്‌വര്‍ക്ക് നിയമലംഘനം: സിഒഎഐ

ലൈസന്‍സില്ലാത്തെ പൊതു വൈഫൈ നെറ്റ്‌വര്‍ക്ക് നിയമലംഘനം: സിഒഎഐ

നിലവിലെ അംഗീകൃത ലൈസന്‍സ് ചട്ടക്കൂട്ടിനോട് യോജിക്കുന്നവയല്ല ട്രായിയുടെ പുതിയ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി: പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റര്‍മാര്‍ക്കും (പിഡിഒഎ) പബ്ലിക് ഡാറ്റ ഓഫീസര്‍മാര്‍ക്കും (പിഡിഒ) ലൈസന്‍സ് ഇല്ലാതെ വൈഫൈ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ അനുവമതി നല്‍കണമെന്ന ട്രായിയുടെ ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റിന്റെ ലംഘനമാണിതെന്നാണ് സിഒഎഐയുടെ വാദം.

നിലവിലെ അംഗീകൃത ലൈസന്‍സ് ചട്ടക്കൂട്ടിനോട് യോജിക്കുന്നവയല്ല പുതിയ നിര്‍ദേശങ്ങളെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് അയച്ച കത്തില്‍ സിഒഎഐ ഡയറക്റ്റര്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റ് അനുസരിച്ച് ടെലഗ്രാഫിന്റെ പരിപാലനം,പ്രവര്‍ത്തനം എന്നിവയ്ക്ക് സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമാണെന്നും മാത്യൂസ് പറയുന്നു. ലൈസന്‍സ് ഇല്ലാതെ പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കുന്നത് നിയമ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുണിഫൈഡ് ലൈസന്‍സ് (യുഎല്‍), യുണിഫൈഡ് ആക്‌സസ് സര്‍വീസ് ലൈസന്‍സ് (യുഎഎസ്എല്‍), ഐഎസ്പി ലൈസന്‍സ് അല്ലെങ്കില്‍ യുഎല്‍-വിഎന്‍ഒ (വിര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍) ലൈസന്‍സ് എന്നിവ വഴിയാണ് സംരംഭങ്ങള്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്ക് തുടങ്ങിയവ ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കുന്നതിനാല്‍ ട്രായിയുടെ ശുപാര്‍ശ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ വിവിധ റെഗുലേറ്ററി, സുരക്ഷാ ആവശ്യകതകള്‍ ഉറപ്പു വരുത്തണമെന്നും മാത്യൂസ് പറഞ്ഞു.

വി ബാന്‍ഡ് (57ജിഗാഹെട്‌സ്-64ജിഗാഹെട്‌സ്) ഡീലൈസന്‍സ് ചെയ്യരുതെന്നും സിഒഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ ദൂരത്തില്‍ നല്ല ഡാറ്റ സേവനം നല്‍കുന്നതായാണ് വി ബാന്‍ഡിനെ പരിഗണിക്കുന്നത്. പല രാജ്യങ്ങളിലും ലൈസന്‍സ് ഇതര ബാന്‍ഡായാണ് വി ബാന്‍ഡിനെ കണക്കാക്കുന്നത്.

Comments

comments

Categories: More