വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍: സോഷ്യല്‍മീഡിയ കാംപെയിനുമായി പൊലീസ്

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍: സോഷ്യല്‍മീഡിയ കാംപെയിനുമായി പൊലീസ്

ബെംഗലൂരു: വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ രാജ്യത്തെ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകള്‍ രംഗത്ത്. കര്‍ണാടക, അസം, തെലങ്കാന, കേരള സംസ്ഥാനങ്ങളിലെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ സോഷ്യല്‍മീഡിയ കാംപെയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ഈയടുത്ത കാലങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് വകുപ്പിന്റെ നീക്കം.

വാട്‌സ്ആപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രകോപിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നത് തടയാനാണ് പൊലീസിന്റെ പ്രചാരണം ലക്ഷ്യമിടുന്നത്. വ്യക്തിഹത്യ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തടയാനും പൊലീസ് ശ്രമം തുടങ്ങും. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുതന്നെയാണ് പൊലീസിന്റെ കാംപെയിന്‍. ജനങ്ങളെ ബോധവത്കരിക്കുന്നത് ഉള്‍പ്പടെ പൊലീസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടാകും.

#FakeRumourOnChildKidnappers എന്ന ടാഗില്‍ സോഷ്യല്‍മീഡിയ കാംപെയിന്‍ ആരംഭിക്കാനാണ് പൊലീസ് പദ്ധതിയിടുന്നതെന്ന് ബെംഗലൂരു പൊലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തില്‍ നോട്ടീസ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിനോ വാട്‌സ്ആപ്പിനോ ഇത് സംബന്ധിച്ച് പൊലീസ് വകുപ്പ് കത്തുകളൊന്നും ഇതുവരെ അയച്ചിട്ടുല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അവര്‍ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന വ്യാജേന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് നിരപരാധികളായവരെ ആക്രമിക്കുന്ന പ്രവണത തമിഴ്‌നാട്ടിലും കേരളത്തിലും തെലങ്കാനയിലുമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈയിടെയുണ്ടായിട്ടുണ്ട്. വാട്‌സ്ആപ്പിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് അക്രമണം അഴിച്ചുവിട്ട സംഭവങ്ങള്‍ക്കും കേരളം സാക്ഷിയായിട്ടുണ്ട്. അത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ പദ്ധതികൊണ്ട് സാധിക്കുമെന്നാണ് കരുതുന്നത്.

Comments

comments

Categories: FK News, Slider
Tags: police, WhatsApp