പിഎംഎവൈ പരിഷ്‌കരിച്ചു; നഗരങ്ങളിലെ വീടുകള്‍ക്ക് 33% വലിപ്പം കൂട്ടാം

പിഎംഎവൈ പരിഷ്‌കരിച്ചു; നഗരങ്ങളിലെ വീടുകള്‍ക്ക് 33% വലിപ്പം കൂട്ടാം

എംഐജി-1 വിഭാഗക്കാരുടെ വീടുകള്‍ക്ക് 160 ചതുരശ്ര മീറ്ററും എഐജി-2 വിഭാഗക്കാര്‍ക്ക് 200 ചതുരശ്ര മീറ്ററും കാര്‍പറ്റ് ഏരിയ ആവാം

ന്യൂഡെല്‍ഹി: എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം കൂടുതല്‍ ആള്‍ക്കാര്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും വെവ്വേറെ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ നഗര മാനദണ്ഡങ്ങളിലാണ് ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്. കെട്ടിടങ്ങളുടെ ഭിത്തികള്‍ ഒഴിച്ചുള്ള തറ വിസ്തീര്‍ണം (കാര്‍പ്പറ്റ് ഏരിയ) 33 ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര നഗര വികസന മന്ത്രാലയം അംഗീകരിച്ചു. വിവിധ മധ്യ വരുമാന വിഭാഗങ്ങള്‍ക്ക് (എംഐജി) ഇളവുകള്‍ ബാധകമാക്കിയിട്ടുണ്ട്.

6 ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള എംഐജി-1 വിഭാഗക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിരുന്ന 120 ചതുരശ്ര മീറ്ററില്‍ നിന്ന് 160 ചതുരശ്ര മീറ്ററിലേക്ക് തറ വിസ്തീര്‍ണം വര്‍ധിപ്പിക്കാം. 12 മുതല്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എംഐജി-2 വിഭാഗക്കാര്‍ക്ക് 150 ല്‍ നിന്ന് 200 ചതുരശ്ര മീറ്ററിലേക്കും കാര്‍പ്പറ്റ് ഏരിയയുടെ വിസ്തീര്‍ണം കൂട്ടാം. 2017 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇളവുകള്‍ ലഭ്യമാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ അടിസ്ഥാനത്തില്‍ വീടുകള്‍ വാങ്ങുന്നവര്‍ക്ക് 2.35 ലക്ഷം രൂപയാണ് വായ്പാ ബന്ധിത സബ്‌സിഡിയായി ലഭിക്കുക. എംഐജി-1 വിഭാഗക്കാര്‍ക്ക് ഒന്‍പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് നാല് ശതമാനം പലിശയിളവ് ലഭിക്കും. എംഐജി-2 വിഭാഗക്കാര്‍ക്ക് 12 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശയിളവാണ് ലഭിക്കുക.

2017 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇളവുകള്‍ ലഭ്യമാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ അടിസ്ഥാനത്തില്‍ വീടുകള്‍ വാങ്ങുന്നവര്‍ക്ക് 2.35 ലക്ഷം രൂപയാണ് വായ്പാ ബന്ധിത സബ്‌സിഡിയായി ലഭിക്കുക.

നിയമ പരിഷ്‌കാരം വരുന്നതോടെ എംഐജി വിഭാഗത്തില്‍ വരുന്ന കൂടുതല്‍ ആളുകള്‍ക്ക് പദ്ധതിയുടെ ലാഭം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനോടൊപ്പം, കെട്ടിടങ്ങളുടെ വലിപ്പം കൂട്ടാനുള്ള അനുമതി നിര്‍മാണ മേഖലക്കും ഊര്‍ജം പകരും. നഗര മേഖലയില്‍ താങ്ങാവുന്ന വിലക്കുള്ള വീടുകളുടെ നിര്‍മാണം വര്‍ധിച്ചെന്നും നിര്‍മാണ മേഖലയില്‍ പുതിയ ഉണര്‍വ് ദൃശ്യമാണെന്നും അടുത്തിടെ പുറത്തു വന്ന നിരവധി അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. വന്‍കിട ആഢംബര നിര്‍മാതാക്കളടക്കം താങ്ങാവുന്ന ചെലവിലുള്ള ഭവനങ്ങളുടെ നിര്‍മാണത്തിലേക്ക് ഇറങ്ങുന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന ഇതിന് വലിയ തോതില്‍ ഉല്‍പ്രേരകമായെന്നാണ് വിലയിരുത്തല്‍.

2018 ജൂണ്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം എംഐജി വിഭാഗത്തിലെ 35,204 ഉപഭോക്താക്കള്‍ക്കായി 704 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഭവന വായ്പാ സബ്‌സിഡിയായി നല്‍കിക്കഴിഞ്ഞു. ഈ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. പിഎംഎവൈ നഗര പദ്ധതിയുടെ കീഴില്‍, നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 47.52 ലക്ഷം വീടുകള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 7,227 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മേയ് മാസത്തില്‍ ഈ വിഭാഗത്തില്‍ 1.5 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കിയിരുന്നു. 2022 ന് അകം 2 കോടി വീടുകള്‍ സൗജന്യമായി നിര്‍മിച്ചു കൈമാറുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതി അതിവേഗം പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: More