വരുന്നൂ, പതഞ്ജലി ‘പരിധാന്‍’ ; ശുദ്ധ് സ്വദേശി ജീന്‍സ് ധരിക്കാന്‍ തയ്യാറായിക്കോളൂ

വരുന്നൂ, പതഞ്ജലി ‘പരിധാന്‍’ ; ശുദ്ധ് സ്വദേശി ജീന്‍സ് ധരിക്കാന്‍ തയ്യാറായിക്കോളൂ

ന്യൂഡെല്‍ഹി: എഫ്എംസിജി വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവിപണിയിലേക്കും ചുവടുവയ്ക്കുന്നു. ‘പരിധാന്‍’ എന്ന പേരില്‍ ബ്രാന്‍ഡ് അവതരിപ്പിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ പദ്ധതി. വസ്ത്രങ്ങളില്‍ ശുദ്ധ്‌സ്വദേശി എന്ന പേരിലുള്ള ജീന്‍സാണ് പ്രധാന സവിശേഷത. ഫോര്‍മല്‍ വസ്ത്രങ്ങളും പരിധാന്‍ വസ്ത്ര വിപണിയില്‍ ഉള്‍പ്പെടും.

ഈ വര്‍ഷം അവസാനത്തോടെ പരിധാന്‍ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് പതഞ്ജലി ഗ്രൂപ്പ് സഹസ്ഥാപകനും എംഡിയുമായ ആചാര്യ ബാലകൃഷ്ണന്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നോയിഡയില്‍ വസ്ത്രങ്ങള്‍ നിര്‍മിക്കാനായുള്ള ബിസിനസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൂറോളം സ്റ്റോറുകള്‍ രാജ്യത്ത് തുടങ്ങാനാണ് പതഞ്ജലിയുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3,000 ത്തോളം വസ്ത്രഉല്‍പ്പന്നങ്ങളാണ് വിപണിയിലിറക്കുന്നതെന്ന് നേരത്തെ ബാബാ രാംദേവ് അറിയിച്ചിരുന്നു. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും, യോഗയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും മാത്രമല്ല കിടക്കവിരികളും തൊപ്പികളും ഷൂസുകളും പരിധാന്‍ വിപണിയിലെത്തിക്കും.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ശുദ്ധ്‌സ്വദേശി ജീന്‍സ് എന്ന പേരില്‍ ഇറങ്ങുന്ന വസ്ത്രമാണ് എല്ലാവരും കാത്തിരിക്കുന്നത്. ജീന്‍സ് പാശ്ചാത്യ വസ്ത്രമാണ്. എന്നാല്‍ പരിധാന്‍ പുറത്തിറക്കുന്ന ജീന്‍സ് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതായിരിക്കുമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ജീന്‍സ് ഉപേക്ഷിക്കാന്‍ ഇന്ത്യക്കാര്‍ ഒരുക്കമല്ല. എന്നാല്‍ ഇന്ത്യന്‍ ഡിസൈനില്‍ രൂപകല്‍പ്പന ചെയ്‌തെടുക്കുന്ന വസ്ത്രമായിരിക്കും ശുദ്ധ്‌സ്വദേശി ജീന്‍സെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വസ്ത്രവിപണിയിലേക്കുള്ള പതഞ്ജലിയുടെ കടന്നുവരവ് മറ്റ് ബ്രാന്‍ഡുകള്‍ക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

 

Comments

comments