ഓഗസ്റ്റിലും കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നിരീക്ഷണം

ഓഗസ്റ്റിലും കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നിരീക്ഷണം

ഈ മാസം ആര്‍ബിഐ അടിസ്ഥാന പലിശ നിരക്കുകളില്‍ 25 ബേസിസ് പോയ്ന്റ് വര്‍ധന വരുത്തിയിരുന്നു

മുംബൈ: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നത് വീണ്ടും പശിലനിരക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് വിലയിരുത്തല്‍. മേയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരിന്നു. ഇത് ഓഗസ്റ്റില്‍ നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ വീണ്ടും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചേക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

വരും മാസങ്ങളില്‍ വിവിധ ഘടകങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കാരണം മൊത്തവില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും റീട്ടെയ്ല്‍ പണപ്പെരുപ്പവും വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഇതുകണക്കിലെടുത്ത് അടിസ്ഥാന പലിശനിരക്കുകള്‍ 0.25 ശതമാനം കൂടി ഉയര്‍ത്താന്‍ കേന്ദ്ര ബാങ്കിന്റെ ധനനയ അവലോകന സമിതി (എംപിസി) തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രഞ്ച് ബ്രോക്കറേജ് സംരംഭമായ ബിഎന്‍പി പാരിബാസില്‍ നിന്നുള്ള അനലിസ്റ്റുകള്‍ പറഞ്ഞു. യുബിഎസ് സെക്യൂരിറ്റീസില്‍ നിന്നും ഡ്യൂഷെ ബാങ്കില്‍ നിന്നുമുള്ള അനലിസ്റ്റുകളും ഇതേ നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്.

ധനനയത്തില്‍ കേന്ദ്ര ബാങ്ക് കടുത്ത നിലപാടുകള്‍ എടുക്കുന്നത് രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള ചെലവ് വര്‍ധിപ്പിക്കുമെന്നും നിക്ഷേപം കുറയ്ക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും വ്യാവസായിക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പറഞ്ഞിരുന്നു. സാമ്പത്തിക വളര്‍ച്ച നിരക്ക് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കേന്ദ്ര ബാങ്ക് നിലപാടുകള്‍ നിര്‍ണായകമാകുമെന്നും സിഐഐ നിരീക്ഷിച്ചിരുന്നു.

ഈ മാസം ആദ്യ വാരം നടന്ന ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഐ അടിസ്ഥാന പലിശ നിരക്കുകളില്‍ 25 ബേസിസ് പോയ്ന്റ് വര്‍ധന വരുത്തിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടായിരുന്നു ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി ഉയര്‍ന്നതാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയ പ്രധാന ഘടകം. ഇത് രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായി. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം. മേയിലിത് 4.87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ 2.18 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.

Comments

comments

Categories: More

Related Articles