മഹിന്ദ്ര ഇലക്ട്രിക് കാബ് ഓപ്പറേറ്റര്‍മാരുമായി കൈകോര്‍ക്കുന്നു

മഹിന്ദ്ര ഇലക്ട്രിക് കാബ് ഓപ്പറേറ്റര്‍മാരുമായി കൈകോര്‍ക്കുന്നു

കൊല്‍ക്കത്ത: ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് സൂംകാര്‍, ഒല, യുബര്‍ തുടങ്ങിയ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളുമായി കൈകോര്‍ക്കുമെന്ന് മഹിന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അറിയിച്ചു. നടപ്പു വര്‍ഷം ബാറ്ററികളില്‍ ഓടുന്ന പാസഞ്ചര്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മഹിന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 4,000 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. ഇതില്‍ 1,300 എണ്ണം പാസഞ്ചര്‍ കാറുകള്‍ ആയിരുന്നു. ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വാണിജ്യ വാഹനങ്ങളെ പോലെ വര്‍ധിക്കുന്നില്ലെന്ന് മഹേഷ് ബാബു പറഞ്ഞു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ വ്യക്തികളേക്കാള്‍ എളുപ്പത്തില്‍ ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും കാബ് അഗ്രെഗേറ്റേഴ്‌സിനും വില്‍ക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂംകാര്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നതായി അടുത്തിടെ മഹിന്ദ്ര ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചിരുന്നു. നടപ്പുവര്‍ഷം അവസാനത്തോടെ 2,000 ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടുത്തികൊണ്ട് സര്‍വീസ് വിപുലീകരിക്കാനാണ് സൂംകാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 300 ഇലക്ട്രിക് കാറുകളാണ് സൂംകാറിനുള്ളതെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രെഗ് മോറന്‍ പറഞ്ഞു.

Comments

comments

Categories: More