ഭക്ഷണപ്രിയരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഐകിയ; ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണി കീഴടക്കാനെത്തുന്നു

ഭക്ഷണപ്രിയരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഐകിയ; ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണി കീഴടക്കാനെത്തുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീട്ടെയ്‌ലറായ ഐകിയ കമ്പനി ഇന്ത്യന്‍ വിപണി പിടിച്ചടക്കാനെത്തുന്നു. ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ വിപ്ലവം തന്നെ സൃഷ്ടിക്കാനാണ് ഐകിയയുടെ ഈ ചുവട് വയ്ക്കല്‍. ഭക്ഷണപ്രിയരായ ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് റെസ്റ്റോറന്റുകള്‍ നിര്‍മിച്ച് അതിലൂടെ തങ്ങളുടെ വ്യവസായം വിപുലപ്പെടുത്താനാണ് ഐകിയയുടെ ലക്ഷ്യം.

ലോകത്തിലെ മറ്റ് ഇടങ്ങളില്‍ ഐകിയ റെസ്‌റ്റോറന്റുകളില്‍ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിതരണം.എന്നാല്‍ ഇന്ത്യയില്‍ ഇതില്‍ കൂടുതലായിരിക്കുമെന്ന് കമ്പനി വക്താവ് പറയുന്നു.

പ്രാദേശിക ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളാണ് ഐകിയ റെസ്റ്റോറന്റില്‍ ഒരുക്കുക. ഐകിയ ഫര്‍ണിച്ചര്‍ ഷോറൂമില്‍ എത്തുന്നവര്‍ ആദ്യം ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ഠരാകും. ഇതുവഴി കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ച് ഫര്‍ണിച്ചര്‍ വില്‍പ്പന്ന വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. രാജ്യത്ത് അമ്പത്തോളം ഷോറൂമുകള്‍ തുറക്കാനാണ് ഐകിയ പദ്ധതി ഇടുന്നത്.

ഫര്‍ണിച്ചര്‍ വാങ്ങാന്‍ വരുന്നവരേക്കാള്‍ ഭക്ഷണം കഴിക്കാനെത്തുന്നവരായിരിക്കും തങ്ങളുടെ ഉപഭോക്താക്കള്‍. എന്നാല്‍ ഫര്‍ണിച്ചറിനേക്കാള്‍ ചെറുതായിരിക്കും ഭക്ഷണത്തിന്റെ നിരക്ക്. അതിനാല്‍ ഐകിയ സ്റ്റോറില്‍ എത്തുന്നവരുടെ ആദ്യ ആകര്‍ഷണം വിവിധ തരം ഭക്ഷ്യ വിഭവങ്ങളായിരിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രി മാനേജര്‍ പാട്രിക് അന്റോണി പറഞ്ഞു.

ഹൈദരാബാദിലാണ് ഏറ്റവും വലിയ റെസ്റ്റോറന്റ് തുറക്കുക. 400,000 സ്‌ക്വയര്‍ ഫീറ്റില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന റെസ്റ്റോറന്റായിരിക്കും ഇത്. ലോകത്തിലെ തന്നെ ഐകിയയുടെ ഏറ്റവും വലിയ സ്‌റ്റോറായിരിക്കും ഹൈദരാബാദിലേതെന്ന് അദ്ദേഹം പറയുന്നു.

രണ്ടാമത്തെ സ്റ്റോര്‍ മുംബൈയിലായിരിക്കും. ഇതിനു ശേഷം ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങാനും ഐകിയ പദ്ധതിയിടുന്നുണ്ട്. ഐകിയയില്‍ നിന്നും ഫര്‍ണിച്ചര്‍ ഘടകങ്ങള്‍ വാങ്ങി അത് ഉപഭോക്താവിന് സ്വയം കൂട്ടിയോജിപ്പിക്കാനുള്ള സംവിധാനം ഐകിയ ഒരുക്കുന്നുണ്ട്.

Comments

comments

Tags: furniture, Ikea