ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തി

ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തി

ഏഷ്യന്‍ കറന്‍സികളില്‍ ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് രൂപയായിരിക്കും

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്ക് സംബന്ധിച്ച നിഗമനം ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് ഉയര്‍ത്തി. ആഗോള സാമ്പത്തിക വീക്ഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടിലാണ് നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായി ഫിച്ച് റേറ്റിംഗ്‌സ് ഉയര്‍ത്തിയിട്ടുള്ളത്. 7.3 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നായിരുന്നു ഫിച്ച് നേരത്തെ പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലെത്തുമെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഉയര്‍ന്ന സാമ്പത്തിക ചെലവുകളും എണ്ണ വില വര്‍ധനയും സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നാണ് ഫിച്ച് നിരീക്ഷിക്കുന്നത്. ഏഷ്യന്‍ കറന്‍സികളില്‍ ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് ശരാശരി 70 ഡോളറില്‍ തന്നെ തുടരുമെന്നാണ് ഫിച്ചിന്റെ നിരീക്ഷണം.

കഴിഞ്ഞ വര്‍ഷം 54.9 ഡോളറായിരുന്നു ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ ശരാശരി വില. എന്നാല്‍, അടുത്ത വര്‍ഷം എണ്ണ വില ബാരലിന് ശരാശരി 65 ഡോളറായി ചുരുങ്ങുമെന്ന നിരീക്ഷണവും ഫിച്ച് റേറ്റിംഗ്‌സ് പങ്കുവെച്ചിട്ടുണ്ട്. എണ്ണ വില വര്‍ധന കണക്കിലെടുത്ത് കഴിഞ്ഞ മാസം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂഡീസ് നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച നിഗമനം 7.5 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി താഴ്ത്തിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018ല്‍) 6.7 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്. നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 7.7 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിച്ചു. 2013നെ അപേക്ഷിച്ച് ബൃഹത് സാമ്പത്തിക അടിസ്ഥാനഘടകങ്ങള്‍ മികച്ച നിലയിലാണ്. ആഭ്യന്തര ബോണ്ട് വിപണിയില്‍ വിദേശ ഉടമസ്ഥാവകാശ നിരക്കും ഏറ്റവും താഴ്ന്ന തലത്തിലാണ്. പക്ഷെ, എണ്ണ വില വര്‍ധനയും ആഭ്യന്തര ആവശ്യകത ഉയരുന്നതും മാനുഫാക്ച്ചറിംഗ് കയറ്റുമതിയിലെ മോശം പ്രകടനവും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയില്‍ പ്രതിഫലിക്കുന്നതായി ഫിച്ച് റേറ്റിംഗ്‌സ് നിരീക്ഷിക്കുന്നു.

ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം മിതമായിരുന്നിട്ടും 2017ന്റെ പകുതി മുതല്‍ രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുന്നതായാണ് കാണുന്നത്. എണ്ണ വില വര്‍ധനയും ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്നതും വരും മാസങ്ങളിലും സാധനങ്ങളുടെ വിലയില്‍ സമ്മര്‍ദമുണ്ടാക്കും. നടപ്പുവര്‍ഷം അവസാനത്തോടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ച് ശതമാനത്തിലെത്തുമെന്നാണ് ഫിച്ചിന്റെ കണക്കുകൂട്ടല്‍.

ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും ആഗോള വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പ്രവചനം ഫിച്ച് റേറ്റിംഗ്‌സ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. നടപ്പു വര്‍ഷം 3.3 ശതമാനവും 2019ല്‍ 3.2 ശതമാനവുമാണ് ഫിച്ച് പ്രതീക്ഷിക്കുന്ന ആഗോള സാമ്പത്തിക വളര്‍ച്ച. ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നുണ്ടെങ്കിലും ഇടക്കാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച നിലനിര്‍ത്താന്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy