മാധ്യമ-വിനോദരംഗം സാക്ഷ്യംവഹിക്കാന്‍ പോകുന്നത് വന്‍കിട ഏറ്റെടുക്കലുകള്‍ക്ക്

മാധ്യമ-വിനോദരംഗം സാക്ഷ്യംവഹിക്കാന്‍ പോകുന്നത് വന്‍കിട ഏറ്റെടുക്കലുകള്‍ക്ക്

എടി&ടി എന്ന ടെലികോം ഭീമന്‍ ടൈം വാര്‍ണറെന്ന മാധ്യമ ഭീമനെ ഏറ്റെടുക്കാന്‍ അമേരിക്കയില്‍ ഫെഡറല്‍ കോടതി ചൊവ്വാഴ്ച അനുമതി നല്‍കി. നെറ്റ്ഫഌക്‌സിന്റെയും, ആമസോണ്‍ പ്രൈമിന്റെയും യുഗത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ പരമ്പരാഗത രീതി പിന്തുടര്‍ന്നാല്‍ സാധിക്കില്ലെന്നു മനസിലായതോടെയാണ് ടൈം വാര്‍ണര്‍ എടി&ടിയുമായി ലയിക്കാന്‍ തീരുമാനിച്ചത്. 21st ഫോക്‌സിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിസ്‌നിയും, കോംകാസ്റ്റും. ഈ മാതൃകയില്‍ കൂടുതല്‍ ലയനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയില്‍ മാധ്യമ-വിനോദ രംഗത്തെ ഏറ്റെടുക്കലുകളുടെ എണ്ണം കൂട്ടുന്ന ഒരു ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയുണ്ടായി. ഉത്തരവ് പുറപ്പെടുവിച്ചത് അമേരിക്കന്‍ കോടതിയാണ്. ഇൗ ഉത്തരവ് മാധ്യമ-വിനോദ രംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യവും ഉറപ്പായിരിക്കുന്നു. എടി&ടി എന്ന ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിക്കു ടൈം വാര്‍ണറെ ഏറ്റെടുക്കാമെന്നു ചൊവ്വാഴ്ച (ജൂണ്‍12) അമേരിക്കയിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിട്ടത് വന്‍ വാര്‍ത്തയായിരുന്നു. ടൈം വാര്‍ണറുടെ ഉടമസ്ഥതയിലുള്ളതാണ് എച്ച്ബിഒ, സിഎന്‍എന്‍, ഡിസി കോമിക്‌സ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് 85.4 ബില്യന്‍ ഡോളറിന്റെ എടി&ടി-ടൈം വാര്‍ണര്‍ കരാറിനെതിരേ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കോടതി കരാറുമായി മുന്നോട്ടുപോകാനുള്ള അനുമതി നല്‍കിയതോടെ മാധ്യമ-വിനോദ ലോകത്തിന്റെ ഭൂപടം തന്നെ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല, കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക് പ്രചോദനമാവുകയും ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. പെന്‍സല്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംകാസ്റ്റ് എന്ന അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ 21st Century Fox എന്ന മാധ്യമ ഭീമനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. വീഡിയോ സ്ട്രീമിംഗ് രംഗത്തെ ഭീമന്മാരായ നെറ്റ്ഫഌക്‌സും, ആമസോണുമായുള്ള ഏറ്റുമുട്ടലില്‍ കോംകാസ്റ്റിനു ഫോക്‌സിന്റെ ടിവി ചാനലായ FX-ും, അവതാര്‍, X-Men പോലുള്ള ആരും മോഹിക്കുന്ന ഹിറ്റ് സിനിമകളും ഉപകാരപ്പെടുമെന്നാണു കരുതുന്നത്. ഫോക്‌സിനെ ഏറ്റെടുക്കാന്‍ വാള്‍ട്ട് ഡിസ്‌നിയും ശ്രമിക്കുന്നുണ്ട്.

വരുമാനത്തിന്റെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ച് മാധ്യമ-വിനോദ സ്ഥാപനങ്ങള്‍ കോംകാസ്റ്റിന്റെയും, ഡിസ്‌നിയുടെയും, ഫോക്‌സിന്റെയും നേതൃത്വത്തിലുള്ളതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രമായി ഇവരുടെ വരുമാനം മൊത്തത്തില്‍ 168 ബില്യന്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍ പുറത്തിറങ്ങിയ സിനിമകളില്‍ പകുതിയും ഈ മൂന്ന് കമ്പനികളും നിര്‍മിച്ചവയായിരുന്നു.

എടി&ടി-ടൈം വാര്‍ണര്‍ കരാര്‍

2016-ഓഗസ്റ്റിലാണ് 85.4 ബില്യന്‍ ഡോളറിന് ടൈം വാര്‍ണറെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് എടി&ടി പ്രഖ്യാപനം നടത്തിയത്. എച്ച്ബിഒയും സിഎന്‍എന്നും ഉള്‍പ്പെടുന്ന ടൈം വാര്‍ണറുടെ മാധ്യമ ശൃംഖലയെ എടി&ടിയുടെ വയര്‍ലെസ്, സാറ്റ്‌ലൈറ്റ് ടെലിവിഷന്‍, ഇന്റര്‍നെറ്റ് ബിസിനസിനെ ഏകോപിപ്പിക്കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് കരാറിനെതിരേ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കരാര്‍ അംഗീകരിച്ചാല്‍ അത് എടി&ടിക്ക് കുത്തക സമാനമായ സാഹചര്യം കൈവരിക്കാന്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ദോഷം നേരിടേണ്ടി വരുമെന്നും വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

മാധ്യമ-വിനോദരംഗത്ത് മത്സരം കടുപ്പമേറിയതാകും

എടി&ടി- ടൈം വാര്‍ണര്‍ കരാറിനു പച്ചക്കൊടി ലഭിച്ചതു മാധ്യമ-വിനോദരംഗത്തെ മത്സരം കടുപ്പമുള്ളതാക്കുമെന്നാണു വിലയിരുത്തുന്നത്. കേബിള്‍ അടിസ്ഥാനമാക്കിയ യുഗത്തിലായിരുന്നു ഒട്ടുമിക്ക മാധ്യമ-വിനോദ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ നെറ്റ്ഫഌക്‌സും, ആമസോണ്‍ പ്രൈം വീഡിയോയും, യുട്യൂബുമൊക്കെ കേബിളില്ലാതെ കളത്തിലിറങ്ങിയപ്പോള്‍ അവരോടു മത്സരിക്കാന്‍ സജ്ജമാകേണ്ടതുണ്ടെന്നു പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടു. ഇതോടെയാണ് എടി&ടി-ടൈം വാര്‍ണര്‍ പോലുള്ള കരാറുകള്‍ രൂപമെടുത്തു തുടങ്ങിയത്. ഇനിയിപ്പോള്‍ എടി&ടി-ടൈം വാര്‍ണര്‍ മാതൃതയിലുള്ള ഏറ്റെടുക്കലുകള്‍ വര്‍ധിച്ചു വരാനുള്ള സാധ്യതയുമുണ്ട്. മാധ്യമ-വിനോദ രംഗത്തു മാറ്റങ്ങള്‍ക്കു വേഗത കൈവന്നിരിക്കുകയാണ്. സമീപകാലത്ത് 158 ബില്യന്‍ ഡോളറിന്റെ മൂല്യം കൈവരിച്ചു കൊണ്ടു നെറ്റ്ഫഌക്‌സ്, ഡിസ്‌നിയെ മറികടന്ന് ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന വിശേഷണത്തിന് അര്‍ഹമാവുകയുണ്ടായി. ഈയൊരു ഘടകമാണു കോംകാസ്റ്റിനെയും, വാള്‍ട്ട് ഡിസ്‌നി കമ്പനിയെയും ഇപ്പോള്‍ 21st സെഞ്ച്വറി ഫോക്‌സ് എന്ന മാധ്യമ സ്ഥാപനത്തെ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം. കോംകാസ്റ്റ് ടെലികോം മേഖലയിലെ ഭീമനാണ്. വാള്‍ട്ട് ഡിസ്‌നിയാകട്ടെ, മാധ്യമ വിനോദ മേഖലയിലെ ഭീമനും. രണ്ടും അമേരിക്കന്‍ കമ്പനികളാണ്. ഇവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന 21st സെഞ്ച്വറി ഫോക്‌സാകട്ടെ, മാധ്യമ ചക്രവര്‍ത്തിയായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതുമാണ്. കോംകാസ്റ്റ് ഇപ്പോള്‍ NBCUniversal എന്ന മാധ്യമ-വിനോദ സ്ഥാപനത്തിന്റെ ഉടമയാണ്.

ആഗോള വിനോദരംഗത്തിന്റെ ഭാവി മൂന്നു പേരുടെ കൈകളിലാണിരിക്കുന്നത്. 86-കാരനും ഫോക്‌സിന്റെ ഉടമയുമായ റൂപ്പര്‍ട്ട് മര്‍ഡോക്ക്, ഡിസ്‌നിയുടെ ബോബ് ഐഗര്‍, കോംകാസ്റ്റിന്റെ സിഇഒയും 58-കാരനുമായ ബ്രയാന്‍ റോബര്‍ട്‌സ് എന്നിവരാണ് ആ മൂന്നു പേര്‍. യുഎസിനു പുറത്തും ബിസിനസ് സുരക്ഷിതമാക്കുവാനുള്ള ശ്രമമാണ് മൂവരും നടത്തുന്നത്.

ആഗോള വിനോദരംഗത്തിന്റെ ഭാവി ഈ മൂന്നു പേരുടെ കൈകളില്‍

ആഗോള വിനോദരംഗത്തിന്റെ ഭാവി മൂന്നു പേരുടെ കൈകളിലാണിരിക്കുന്നത്. 86-കാരനും ഫോക്‌സിന്റെ ഉടമയുമായ റൂപ്പര്‍ട്ട് മര്‍ഡോക്ക്, ഡിസ്‌നിയുടെ ബോബ് ഐഗര്‍, കോംകാസ്റ്റിന്റെ സിഇഒയും 58-കാരനുമായ ബ്രയാന്‍ റോബര്‍ട്‌സ് എന്നിവരാണ് ആ മൂന്നു പേര്‍. യുഎസിനു പുറത്തും ബിസിനസ് സുരക്ഷിതമാക്കുവാനുള്ള ശ്രമമാണ് മൂവരും നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 21st സെഞ്ച്വറി ഫോക്‌സിനെ 52 ബില്യന്‍ ഡോളറിനു വാള്‍ട്ട് ഡിസ്‌നിക്കു വില്‍ക്കാന്‍ മര്‍ഡോക്ക് സമ്മതിച്ചിരുന്നു. അതോടൊപ്പം ഫോക്‌സിന്റെ ഉടമസ്ഥതയിലുള്ള Sky ടിവിയില്‍ 39 ശതമാനം ഓഹരി നല്‍കാമെന്നും മര്‍ഡോക്ക് ഡിസ്‌നിക്ക് ഉറപ്പു കൊടുത്തു. എന്നാല്‍ കോംകാസ്റ്റിന്റെ സിഇഒ ബ്രയാന്‍ റോബര്‍ട്‌സ്, ഡിസ്‌നി ഓഫര്‍ ചെയ്തതിലും കൂടുതല്‍ തുക വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തെത്തി. ഇതു കരാറിനെ കുറിച്ചു വീണ്ടും ചിന്തിക്കാന്‍ മര്‍ഡോക്കിനെ പ്രേരിപ്പിക്കുകയും ചെയ്തു. Sky യുടെയും, ഫോക്‌സിന്റെയും മൂല്യം പുതുക്കി നിശ്ചയിക്കാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.

യുകെ, ഇറ്റലി, ജര്‍മനി ഉള്‍പ്പെടെ യൂറോപ്പില്‍ 23 ദശലക്ഷം വരിക്കാരാണ് സാറ്റ്‌ലൈറ്റ്-ടിവി, ബ്രോഡ്ബാന്‍ഡ് ദാതാക്കളായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ Sky ക്കുള്ളത്. അവരുടെ Sky Q എന്ന വീഡിയോ പ്ലാറ്റ്‌ഫോമാണ് വ്യവസായത്തില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. കേബിള്‍ ന്യൂസ് നെറ്റ്‌വര്‍ക്ക്, സ്‌പോര്‍ട്‌സ് ചാനല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സോക്കറിന്റെ ടിവി സംപ്രേക്ഷണ അവകാശം, മൂവി ചാനലുകള്‍ എന്നിവയും സ്വന്തമായുണ്ട്. ഇതിനു പുറമേ യുകെയില്‍ സ്ട്രീമിംഗ് വീഡിയോയും ഓപറേറ്റ് ചെയ്യുന്നുണ്ട്.

ഡിസ്‌നി, ഫോക്‌സ്, കോംകാസ്റ്റ് എന്നിവയില്ലാതെ അമേരിക്കയില്‍ ടിവി ഓണ്‍ ചെയ്യാനോ, സിനിമ കാണുവാനോ, എന്തിന് നെറ്റ്ഫഌക്‌സ് സ്ട്രീം ചെയ്യാനോ പോലും സാധിക്കില്ലെന്നതാണു വാസ്തവം. ഈ മൂന്ന് സ്ഥാപനങ്ങള്‍ സൃഷ്ടിച്ചതോ, വിതരണം ചെയ്യുന്നതോ ആണ് അമേരിക്കയിലെ വിനോദ വ്യവസായ രംഗത്തുള്ളത്. അമേരിക്കയില്‍ ടിവി കാണാനും, ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനുമായി ഉപയോഗിക്കുന്ന കേബിളുകള്‍/പൈപ്പുകള്‍ കോംകാസ്റ്റിന്റേതാണ്. ഫോക്‌സ് ന്യൂസ്, ഇഎസ്പിഎന്‍, സ്റ്റാര്‍ വാര്‍സ്, മാര്‍വല്‍, ജുറാസിക് വേള്‍ഡ്, ദി ഒളിംപിക്‌സ്, ഓസ്‌കാര്‍ സംപ്രേക്ഷണം തുടങ്ങിയവയുമായി ഡിസ്‌നിക്കും, 21st സെഞ്ച്വറി ഫോക്‌സിനും അഭേദ്യമായ ബന്ധമാണുള്ളത്.

വരുമാനത്തിന്റെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ച് മാധ്യമ-വിനോദ സ്ഥാപനങ്ങള്‍ കോംകാസ്റ്റിന്റെയും, ഡിസ്‌നിയുടെയും, ഫോക്‌സിന്റെയും നേതൃത്വത്തിലുള്ളതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രമായി ഇവരുടെ വരുമാനം മൊത്തത്തില്‍ 168 ബില്യന്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍ പുറത്തിറങ്ങിയ സിനിമകളില്‍ പകുതിയും ഈ മൂന്ന് കമ്പനികളും നിര്‍മിച്ചവയായിരുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ ടെലിവിഷന്‍ രംഗത്തെ നയിക്കുന്നത് എന്ത് ?

 

റിച്ചാര്‍ഡ് ഗോയ്ഡര്‍ എന്ന ഓസ്‌ട്രേലിയന്‍ വ്യവസായി ഒരിക്കല്‍ പറയുകയുണ്ടായി ‘ആമസോണ്‍’ നമ്മളുടെ ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറുമെല്ലാം ഭക്ഷിക്കാന്‍ പോവുകയാണെന്ന്. ഈ വാക്കുകളിലൂടെ, ചില്ലറ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ഭീഷണിയെ പരോക്ഷമായി സൂചിപ്പിച്ചതാണ് അദ്ദേഹം. ചില്ലറ വ്യാപാര രംഗം നേരിടുന്ന അതേ അവസ്ഥയാണ് ഇപ്പോള്‍ മാധ്യമ-വിനോദ രംഗത്തിനും. നെറ്റ്ഫഌക്‌സ്, ഗൂഗിള്‍, ആമസോണ്‍, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ പുതുതലമുറ മാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്കു ഭീഷണിയായി മാറിയിരിക്കുകയാണ്. ആവശ്യാനുസരണം സിനിമ, ടിവി ഷോകള്‍, സ്‌പോര്‍ട്‌സ് എന്നിവയുടെ വീഡിയോ ലഭ്യമാക്കുന്ന (video on demand) സംവിധാനത്തിലൂടെ നെറ്റ്ഫഌക്‌സ് കൈവരിച്ചിരിക്കുന്ന സ്വാധീനം നിസാരമല്ല. അതോടൊപ്പം ഡിജിറ്റല്‍ വീഡിയോ സേവനദാതാക്കളുമായി അവര്‍ free-to-air television എന്ന സേവനവും കൂടി ലഭ്യമാക്കിയിരിക്കുകയാണ്. (സബ്‌സ്‌ക്രിപ്ഷന്‍ അഥവാ വരിസംഖ്യ നല്‍കാതെ തന്നെ സിഗ്നല്‍ സ്വീകരിക്കുന്ന ഉപകരണമുള്ള ഒരു വ്യക്തിക്ക് ടിവി/റേഡിയോ നിലയത്തില്‍നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കം കാണുവാനും കേള്‍ക്കുവാനും സാധിക്കുന്ന സംവിധാനമാണ് ഫ്രീ-ടു-എയര്‍ ടെലിവിഷന്‍ എന്നത്.)

ഒരു പ്രധാന കായികയിനത്തിന്റെ അവകാശം ഏതെങ്കിലുമൊരു ഇന്റര്‍നെറ്റ് ഭീമന്‍ കൈവശപ്പെടുത്തുമെന്നതാണ് ഇപ്പോള്‍ ഏറ്റവും ഭയപ്പെടുത്തുന്ന ചിന്ത. ആ കായികയിനം ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റും, എഎഫ്എല്ലും (ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ്) എന്‍ആര്‍എല്ലും (നാഷണല്‍ റഗ്ബി ലീഗ്) ആണ്. അമേരിക്കയില്‍ ബാസ്‌ക്കറ്റ് ബോളാകാം, ഇന്ത്യയില്‍ ക്രിക്കറ്റ് ആകാം, ബ്രസീലിലും അര്‍ജന്റീനയിലും ഫുട്‌ബോളാകാം. കാരണം തുടര്‍ച്ചയായി വലിയ തോതില്‍ കാണികളെ അല്ലെങ്കില്‍ പ്രേക്ഷകരെ ഉറപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു ഉത്പന്നമാണിന്നു സ്‌പോര്‍ട്‌സ്. ഇക്കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് അമേരിക്കയില്‍ ആമസോണ്‍ പ്രൈം കായിക രംഗത്തേയ്ക്ക ശ്രദ്ധ പതിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അവര്‍ അമേരിക്കയില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് (എന്‍എഫ്എല്‍) പ്രദര്‍ശിപ്പിക്കുകയുണ്ടായി. ചില ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ (സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍) അവര്‍ ഉത്പാദിപ്പിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കു മാത്രമായി ചില ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഫോണ്‍ എന്ന ഉപയോഗത്തെക്കാള്‍ മൊബൈല്‍ സ്‌ക്രീന്‍ എന്ന നിലയിലേക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. അതായത് ഒരാള്‍ ഫോണ്‍ വിളിക്കുന്നതിനേക്കാള്‍ കൂടുതലായി ഇന്നു മൊബൈല്‍ ഫോണില്‍/ സ്മാര്‍ട്ട്‌ഫോണില്‍ മൂവികളും, കായികയിനങ്ങളും, ടിവി ഷോകളും വീക്ഷിക്കുന്ന കാലമാണിത്.

ഒപ്റ്റസ് എന്ന ഓസ്‌ട്രേലിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി അവരുടെ ഉപഭോക്താക്കള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സോക്കറും, റഷ്യയില്‍ ആരംഭിച്ചിരിക്കുന്ന ലോകകപ്പും മൊബൈല്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഫോണ്‍ കമ്പനിയായ എടി&ടി 113 ബില്യന്‍ ഡോളറിന് സിഎന്‍എന്‍, എച്ച്ബിഒ തുടങ്ങിയ മാധ്യമങ്ങളുടെ ഉടമസ്ഥരായ ടൈം വാര്‍ണറെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

Comments

comments

Categories: FK Special, Slider