ടെലികോം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എയര്‍ടെല്‍

ടെലികോം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എയര്‍ടെല്‍

2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനമെത്തിക്കാനാണ് ഭാരത്‌നെറ്റ് പദ്ധതി ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഭാരത്‌നെറ്റ് പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ബ്രോഡ്ബാന്‍ഡ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പങ്കാളിത്തം നടപ്പിലാക്കുക. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പുമായുള്ള പങ്കാളിത്തത്തിന് കീഴില്‍ ഉത്തര്‍പ്രദശിലെ ഗാസിപുര്‍, ഗോരഖ്പുര്‍, വാരണാസി എന്നീ മൂന്ന് ജില്ലകളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ എയര്‍ടെല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

30,500 ഗ്രാമ പഞ്ചായത്തുകളില്‍ അല്ലെങ്കില്‍ വില്ലേജ് ബ്ലോക്കുകളില്‍ ഭാരത്‌നെറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ ഇതിനകം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗ്രാമീണരുടെ സാമൂഹിക ക്ഷേമത്തിനും സമഗ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും ബ്രോഡ്ബാന്‍ഡിലേക്കുള്ള പ്രവേശനം ഒരു പ്രധാന കാര്യമാണെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് (ഇന്ത്യ,ദക്ഷിണേഷ്യ) ഗോപാല്‍ വിത്തല്‍ പറയുന്നു.
2019 മാര്‍ച്ചോടെ 1.5 ലക്ഷം ഗ്രാമ പഞ്ചാത്തുകളെ കൂടി ഭാരത്‌നെറ്റ് സംരംഭത്തിന് കീഴിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനമെത്തിക്കാനാണ് ഭാരത്‌നെറ്റ് പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴില്‍ 3 ലക്ഷം കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്‌സി) സ്ഥാപിച്ചുവെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പൊതു വൈഫൈ സേവനങ്ങള്‍ നല്‍കുന്നതിനായി ഭാരത് നെറ്റിലുള്ള ഫൈബര്‍ ശൃംഖല ഉപയോഗിക്കുന്ന കാര്യവും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പരിഗണിക്കുന്നുണ്ട്.

എയര്‍ടെല്‍ സ്ഥാപിക്കുന്ന ബ്രോഡ്ബാന്‍ഡ് കേന്ദ്രങ്ങളിലൂടെ പൗരന്മാര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്കൊപ്പം ഇ ഗവേണന്‍സ്, ഇ-ഹെല്‍ത്ത്, ഇ-ബാങ്കിംഗ്, ഇ- കൊമേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താനാകുമെന്ന് എയര്‍ടെല്‍ പറയുന്നു. ഭാവിയില്‍ ഈ കേന്ദ്രങ്ങളില്‍ നൂതന സാങ്കേതികവിദ്യകളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സുമെല്ലാം ഉപയോഗിക്കും.

Comments

comments

Categories: Business & Economy