യൂറോപ്പിലെ 7.74 ലക്ഷം മെഴ്‌സിഡീസ് കാറുകളില്‍ അനധികൃത സോഫ്റ്റ്‌വെയര്‍

യൂറോപ്പിലെ 7.74 ലക്ഷം മെഴ്‌സിഡീസ് കാറുകളില്‍ അനധികൃത സോഫ്റ്റ്‌വെയര്‍

ജര്‍മ്മനിയിലെ നിരത്തുകളിലോടുന്ന 2.38 ലക്ഷം ഡൈമ്‌ലര്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു

ബെര്‍ലിന്‍ : യൂറോപ്പില്‍ ഓടുന്ന 7.74 ലക്ഷം മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളില്‍ അനധികൃത സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി ജര്‍മ്മന്‍ ഗതാഗത മന്ത്രാലയം. ഇതേതുടര്‍ന്ന് ജര്‍മ്മനിയില്‍ രണ്ട് ലക്ഷത്തിലധികം കാറുകള്‍ തിരിച്ചുവിളിക്കണമെന്ന് ഡൈമ്‌ലറിനോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. മെഴ്‌സിഡീസ് ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡൈമ്‌ലര്‍. ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ്, വിറ്റോ മോഡലുകളും ജിഎല്‍സി എസ്‌യുവിയുമാണ് അനധികൃത സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയ പ്രധാന കാറുകളെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജര്‍മ്മനിയിലെ നിരത്തുകളിലോടുന്ന 2.38 ലക്ഷം ഡൈമ്‌ലര്‍ വാഹനങ്ങള്‍ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നാണ് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ ഓടുന്ന വാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടാന്‍ മാത്രമേ ജര്‍മ്മനിക്ക് കഴിയൂ. യൂറോപ്പിലെങ്ങും ഓടാന്‍ ജര്‍മ്മന്‍ അധികൃതര്‍ അനുമതി നല്‍കിയ വാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്നും ഉത്തരവിറക്കാം. അതേസമയം, സോഫ്റ്റ്‌വെയര്‍ നീക്കം ചെയ്യാമെന്നും പൂര്‍ണമായി സഹകരിക്കാമെന്നും ഡൈമ്‌ലര്‍ അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് സാങ്കേതിക സംവിധാനം കണ്ടെത്തിയതായി ഡൈമ്‌ലര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡീറ്റെര്‍ സെറ്റ്‌ഷെ പറഞ്ഞു. അതിനാല്‍ പിഴ ശിക്ഷയില്‍നിന്ന് കമ്പനിക്ക് ഒഴിവാകാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായും ഡൈമ്‌ലര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം സോഫ്റ്റ്‌വെയറിന്റെ നിയമസാധുത ചോദ്യം ചെയ്തവര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

ഡീസല്‍ എന്‍ജിനുകള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം ലാബോറട്ടറി പരിശോധനകളില്‍ പിടികൂടാതിരിക്കാനാണ് പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നത്

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡൈമ്‌ലറിന് 100 മില്യണ്‍ യൂറോ (118 മില്യണ്‍ യുഎസ് ഡോളര്‍) ചെലവ് വരുമെന്നാണ് എവര്‍കോര്‍ ഐഎസ്‌ഐയിലെ വിശകലന വിദഗ്ധന്‍ ആന്‍ഡ്റ്റ് എല്ലിംഗ്‌ഹോസ്റ്റ് കണക്കുകൂട്ടുന്നത്. ഡീസല്‍ എന്‍ജിനുകള്‍ വരുത്തിവെയ്ക്കുന്ന അന്തരീക്ഷ മലിനീകരണം ലാബോറട്ടറി പരിശോധനകളില്‍ പിടികൂടാതിരിക്കാനാണ് വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നത്.

Comments

comments

Categories: Auto