തേയില കയറ്റുമതിയില്‍ വര്‍ധന

തേയില കയറ്റുമതിയില്‍ വര്‍ധന

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ്

കൊല്‍ക്കത്ത: ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തേയില കയറ്റുമതിയില്‍ 6.5 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍. ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 79.72 ദശലക്ഷം കിലോയുടെ തേയിലയാണ് ഇക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 74.89 ദശലക്ഷം കിലോ ആയിരുന്നു. ആദ്യത്തെ നാലു മാസങ്ങളില്‍ 1,524.92 കോടി രൂപയുടെ തേയില കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,447.74 കോടി രൂപയുടെ തേയിലയാണ് രാജ്യം കയറ്റിഅയച്ചത്. അതായത് 5.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഏപ്രില്‍ മാസം മാത്രം 14.5 ദശലക്ഷം കിലോയാണ് ഇന്ത്യയുടെ തേയില കയറ്റുമതി. മുന്‍ വര്‍ഷം ഇതേ മാസം 14.33 ദശലക്ഷം കിലോവായിരുന്നു്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ 277.6 കോടി രൂപയുടെ തേയിലയാണ് ഈ മാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 277.71 കോടി രൂപയായിരുന്നു കയറ്റുമതി മൂല്യം.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള തേയില കയറ്റുമതിയില്‍ ഇന്ത്യ പിന്നോക്കം പോയിട്ടുണ്ട്. ജനുവരി മുതല്‍ ഏപില്‍ വരെയുള്ള കാലയളവില്‍ റഷ്യ, ഉക്രെയ്ന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്ക് 20.46 ദശലക്ഷം കിലോ തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 22.28 ദശലക്ഷം കിലോയായിരുന്നു കയറ്റുമതി. യുകെയിലേക്കും ജര്‍മ്മനിയിലേക്കുമുള്ള കയറ്റുമതിയിലും കുറവു വന്നിട്ടുണ്ട്. മുന്‍ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ യുകെയിലേക്ക് 3.73 ദശലക്ഷം കിലോ തേയില കയറ്റുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 3.03 ദശലക്ഷം കിലോവാണ് കയറ്റുമതിയേ നടന്നിട്ടുള്ളൂ. ഇക്കാലയളവിലെ ജര്‍മിനിയിലേക്കുള്ള ഇന്ത്യയുടെ തേയില കയറ്റുമതി 3.3 ദശലക്ഷം കിലോയില്‍ നിന്ന് 2.95 ദശലക്ഷം കിലോയിലേക്കാണ് കുറഞ്ഞത്.

അതേ സമയം ഇക്കാലയളവില്‍ ഇറാന്‍, ഈജിപ്റ്റ് വിപണികളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തേയില എത്തിയിട്ടുണ്ട്. ഇറാനിലേക്ക് 8.94 ദശലക്ഷം കിലോയും ഈജിപ്റ്റിലേക്ക് 4.89 ദശലക്ഷം കിലോവുമായിരുന്നു ഇന്ത്യ കയറ്റി അയച്ചത്. മുന്‍ വര്‍ഷം ഇറാനിലേക്ക് 7.18 ദശലക്ഷം കിലോയാണ്് ഈ കാലയളവില്‍ കയറ്റിഅയച്ചത്.

കൂടാതെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കുമുള്ള തേയില കയറ്റുമതിയിലും ഇന്ത്യ വര്‍ധനവ് നേടിയിട്ടുണ്ട്. ആദ്യ നാലു മാസങ്ങളില്‍ 5.03 ദശലക്ഷം കിലോവാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റിഅയച്ചത്. മുന്‍വര്‍ഷം ഇത് 3.31 ദശലക്ഷം കിലോവായിരുന്നു. ചൈനയിലേക്ക് 3.04 ദശലക്ഷം കിലോ തേയിലയാണ് ജനുവരി-ഏപ്രില്‍ കാലയളവില്‍ ഇന്ത്യ കയറ്റുമതി ചെയ്തത്.

Comments

comments

Categories: Business & Economy

Related Articles