ഓഹരി തിരികെ വാങ്ങല്‍ ശുപാര്‍ശ നാളെ പരിഗണിക്കുമെന്ന് ടിസിഎസ്

ഓഹരി തിരികെ വാങ്ങല്‍ ശുപാര്‍ശ നാളെ പരിഗണിക്കുമെന്ന് ടിസിഎസ്

16,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ കഴിഞ്ഞ വര്‍ഷം ടിസിഎസ് നടത്തിയിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരി തിരികെ വാങ്ങല്‍ സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.ജൂണ്‍ 15നാണ് ബോര്‍ഡ് ഡയറക്റ്റര്‍മാരുടെ യോഗം ചേരുന്നതെന്ന് ബിഎസ്ഇ ഫയലിംഗില്‍ ടിസിഎസ് അറിയിച്ചു. അതേസമയം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓഹരി വാങ്ങല്‍ ശുപാര്‍ശ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

16,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ കഴിഞ്ഞ വര്‍ഷം ടിസിഎസ് നടത്തിയിരുന്നു. 5.61 കോടി ഓഹരികളാണ് 2850 രൂപ നിരക്കില്‍ തിരികെ വാങ്ങിയത്. മാതൃകമ്പനിയായ ടാറ്റ സണ്‍സിനു പുറമേ സിംഗപ്പൂര്‍ സര്‍ക്കാര്‍, കോപ്റ്റല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, യൂറോപസഫിക് ഗ്രോത്ത് ഫണ്ട് തുടങ്ങിയവയാണ് ഓഹരി തിരികെ വാങ്ങലില്‍ വന്‍ നിക്ഷേപകര്‍.

ഡിവിഡന്റുകളും ഓഹരി തിരികെ വാങ്ങലുമായി 2018 സാമ്പത്തിക വര്‍ഷത്തില്‍ 26,800 കോടി രൂപയാണ് ഓഹരിയുടമസ്ഥര്‍ക്ക് ടിസിഎസ് നല്‍കിയത്. 2018 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനങ്ങളില്‍ നിന്ന് 28,160 കോടി രൂപയും ഫ്രീ കാഷ് ഫ്‌ളോ (എഫ്‌സിഎഫ്- മൂലധന ചെലവ് കണക്കിലെടുത്തതിന് ശേഷം ഒരു ബിസിനസ് നേടുന്ന പണത്തിന്റെ അളവ്) യായി 26,360 കോടി രൂപയുമായിരുന്നു ടിസിഎസ് നേടിയത്.

ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഐടി കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഓഹരി തിരികെ വാങ്ങല്‍ നടത്തിയിരുന്നു. ഇന്‍ഫോസിസ് 13,000 കോടി രൂപയുടെയും എച്ച്‌സിഎല്‍ ടെക്‌നോളജീസ് 3500 കോടി രൂപയുടെയും ഓഹരി തിരികെ വാങ്ങലാണ് നടത്തിയത്.

Comments

comments

Categories: Business & Economy