75 ശതമാനം പേര്‍ ഡിജിറ്റല്‍ പേമെന്റുകളില്‍ തൃപ്തരാണെന്ന് സര്‍വെ

75 ശതമാനം പേര്‍ ഡിജിറ്റല്‍ പേമെന്റുകളില്‍ തൃപ്തരാണെന്ന് സര്‍വെ

ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ബില്‍ പേമെന്റ്, ബാങ്കിംഗ് ഇടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍ എന്നിവയാണെന്ന് സര്‍വെ

മുംബൈ: ഡിജിറ്റല്‍ തല്‍പരരായ ഇന്ത്യക്കാരില്‍ 32 ശതമാനം പേര്‍ മാത്രമാണ് ഏതു മൂല്യത്തിലുമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതെന്നും 75 ശതമാനം പേര്‍ ഡിജിറ്റല്‍ പേമെന്റുകളില്‍ തൃപ്തരാണെന്നും സര്‍വെ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്കിടയിലെ ഡിജിറ്റല്‍ ശീലങ്ങളെ കുറിച്ച് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയതാണ് ഇക്കാര്യങ്ങള്‍. 2018ന്റെ ആദ്യപാദത്തില്‍ 9000ത്തിലധികം ലൈഫ് ഇന്‍ഷുറന്‍സ് ഉടമകള്‍ക്കിടയിലാണ് പഠനം നടത്തിയത്.

2017 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 48.10 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. ഡിജിറ്റല്‍വല്‍ക്കരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. വേഗമേറിയ ഇന്റര്‍നെറ്റ് കൂടിയായതോടെ ഉല്‍പ്പന്നങ്ങളോടും സേവനങ്ങളോടുമുള്ള ഉപഭോക്താക്കളുടെ സമീപനങ്ങളും മാറി. ലളിതവും സൗകര്യപ്രദവുമായ രീതിയലുള്ള സേവനങ്ങള്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയ്യാറായി.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 88 ശതമാനവും ഒരു ദിവസം നിരവധി തവണ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇ-മെയില്‍, വാര്‍ത്ത, സോഷ്യല്‍ മീഡിയ എന്നിവയാണ് ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്നു കാര്യങ്ങള്‍. ട്രാവല്‍ ടിക്കറ്റ് ബുക്കിംഗ്, സിനിമ, വീഡിയോ, ഓഫീസ് ജോലികള്‍ക്കുള്ള ഗവേഷണം, പുതിയ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പരിശോധന തുടങ്ങിയവയാണ് ഡിജിറ്റല്‍ ഉപയോഗത്തില്‍ കുടുതല്‍ പ്രചാരമുള്ള മറ്റു പ്രവൃത്തികള്‍.

സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും കൂടുതല്‍ വ്യാപകമായതോടെ ഡിജിറ്റല്‍ ഇടപാടുകളില്‍ നാടകീയമായ വളര്‍ച്ചയാണ് ഈ അടുത്ത കാലത്ത് കണ്ടത്. ഇന്റര്‍നെറ്റിന് 72 ശതമാനം പേരും ഉപയോഗിക്കുന്നത് 4ജി നെറ്റ്‌വര്‍ക്കാണെന്ന് സര്‍വെയില്‍ കണ്ടെത്തി. 30 ശതമാനം പേര്‍ വീട്ടിലും ഓഫീസിലും ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുന്നു. 82 ശതമാനം പേരും ആന്‍ഡ്രോയിഡ് ഫോണുപയോഗിക്കുന്നവരാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഏറ്റവും പ്രിയപ്പെട്ട ഉപകരണമായി മൊബീല്‍ ഫോണ്‍ മാറി.

ഇന്റര്‍നെറ്റിന് 72 ശതമാനം പേരും ഉപയോഗിക്കുന്നത് 4ജി നെറ്റ്‌വര്‍ക്കാണെന്ന് സര്‍വെയില്‍ കണ്ടെത്തി. 30 ശതമാനം പേര്‍ വീട്ടിലും ഓഫീസിലും ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുന്നു. 82 ശതമാനം പേരും ആന്‍ഡ്രോയിഡ് ഫോണുപയോഗിക്കുന്നവരാണ്

ഇ-കൊമേഴ്‌സ് തരംഗം ഡിജിറ്റല്‍ പേമെന്റിന് കൂടുതല്‍ വഴിയൊരുക്കി. കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കടന്നതോടെ ഡിജിറ്റല്‍ പേമെന്റും കുതിച്ചു. 75 ശതമാനം പേരും ഓണ്‍ലൈന്‍ ഇടപാടില്‍ സംതൃപ്തരാണ്. ഏറ്റവും കൂടുതല്‍ പേര്‍ പേയ്‌മെന്റിന് ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാര്‍ഡാണ്. ഡെബിറ്റ് കാര്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ ഇ-വാലറ്റുകളും ഭീമും ഉപയോഗിക്കുന്നത് അഞ്ചു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ്.

ബില്‍ പേയ്‌മെന്റ്, ബാങ്കിംഗ് ഇടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന മൂന്ന് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍. ഏറ്റവും ഒടുവിലെ 30 ദിവസത്തിനുള്ളില്‍ എട്ടു ശതമാനം പേര്‍ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്നതാണ് ഏറ്റവും രസകരമായ കണ്ടെത്തല്‍.

60 ശതമാനം പേര്‍ ഓണ്‍ലൈനിലെ ആകര്‍ഷകമായ ഡീലുകളില്‍ വാങ്ങുമ്പോള്‍ 25 ശതമാനം പേരുടെ വാങ്ങലുകളെ പ്രമോഷനുകള്‍ സ്വാധീനിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ഡിജിറ്റല്‍ ഇടപാടു സ്വാധിനിച്ചുവെന്ന് 31 ശതമാനം അവകാശപ്പെടുന്നു.

പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനോടാണ് 82 ശതമാനത്തിനും താല്‍പര്യം. ബില്ലുകളും സ്റ്റേറ്റ്‌മെന്റുകളും ഇ-മെയിലില്‍ ലഭിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് 72 ശതമാനം പേരും. പരമ്പരാഗത രീതിയില്‍ ആഗ്രഹിക്കുന്നവര്‍ 15ശതമാനത്തില്‍ താഴെ മാത്രമാണ്. മെട്രോകളിലും എ ക്ലാസ് നഗരങ്ങളിലുമുള്ളവര്‍ ഭൂരിഭാഗവും ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വാങ്ങാന്‍ താല്‍പര്യപ്പെടുമ്പോള്‍ സി, ഡി ക്ലാസ് നഗരങ്ങളില്‍ ഇവരുടെ സംഖ്യ 23 ശതമാനം വരുന്നു.

വീടിന്റെ സൗകര്യങ്ങളിലിരുന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് രംഗത്തും ഇത് മികച്ച പ്രതികരണമുണ്ടാക്കിയിട്ടുണ്ടെന്നും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ്-ഡയറക്ട് ചാനല്‍ ഡയറക്റ്റര്‍ മോഹിത് ഗോയല്‍ പറഞ്ഞു.

Comments

comments

Categories: Business & Economy