ഊട്ടിയില്‍ വിളയുന്ന സ്‌ട്രോബെറി കാഴ്ചകള്‍

ഊട്ടിയില്‍ വിളയുന്ന സ്‌ട്രോബെറി കാഴ്ചകള്‍

3000 സ്‌ട്രോബെറി തൈകളില്‍ നിന്നും 30,000 ചെടികളിലേക്ക് കൃഷി വിപുലമാക്കിയ കര്‍ഷക സംരംഭകനാണ് ബാബു രാജശേഖര്‍. ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ നിന്നും 10-15 മെട്രിക് ടണ്‍ സ്‌ട്രോബെറി ഉല്‍പ്പാദിപ്പിക്കുന്ന അദ്ദേഹം ഐടി ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്കിറങ്ങിയത്

നീലഗിരിയിലെ ചെങ്കുത്തായ പ്രദേശങ്ങള്‍ സ്‌ട്രോബെറി കൃഷിക്ക് ഏറെ യോജിച്ചതാണ്. ചുവന്നു തുടുത്ത നിറത്തിലുള്ള സ്‌ട്രോബെറി പഴങ്ങള്‍ കൃഷി ചെയ്യുന്ന ധാരാളം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. സ്‌ട്രോബെറി കൃഷിയിലെ വേറിട്ട സംരംഭകനാണ് ബാബു രാജശേഖര്‍. ഓര്‍ഗാനിക്, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള കൃഷിരീതിയാണ് ഈ കര്‍ഷകനെ മേഖലയില്‍ വേറിട്ടു നിര്‍ത്തുന്നത്. ഊട്ടിയിലെ തന്റെ ഫാമില്‍ 30,000 സ്‌ട്രോബെറി ചെടികളിലാണ് ഈ യുവ കര്‍ഷകന്‍ സ്‌ട്രോബെറി വിളയിച്ചെടുക്കുന്നത്.

വിദേശയിനം പഴവര്‍ഗമാണ് സ്‌ട്രോബെറി. ഇതിന്റെ ഫ്‌ളേവര്‍ ഏവര്‍ക്കും പ്രിയപ്പെട്ടതായതിനാല്‍ വിപണിയില്‍ ആവശ്യകത ഏറെയാണ്. ചൂടുകാലത്തെ പഴവര്‍ഗങ്ങളുടെ നിരയിലും സ്‌ട്രോബെറിക്ക് പ്രമുഖ സ്ഥാനംതന്നെ. ഐസ്‌ക്രീം, കേക്ക്, ഡെസേര്‍ട്ടുകള്‍, ടോഫി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളില്‍ ഇതിന്റെ ഫ്‌ളേവര്‍ ചേര്‍ക്കാറുണ്ട്. ഇന്ത്യയിലേക്ക് സ്‌ട്രോബെറി എത്തിച്ചത് യൂറോപ്യന്‍മാരാണെങ്കിലും ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌ട്രോബെറി ഫാമിംഗ് മികച്ച ലാഭം നേടാന്‍ സഹായിക്കുന്ന സംരംഭങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടിലെ നീലഗിരിയും സ്‌ട്രോബെറി കൃഷിക്ക് ഏറെ പ്രശസ്തമാണ്.

തുടക്കം 3000 തൈകളിലൂടെ

പ്രകൃതിയോടും പൂന്തോട്ടങ്ങളോടുമുള്ള ഇഷ്ടമാണ് ബാബുവിനെ സ്‌ട്രോബെറി കൃഷിയിലേക്ക് കൊണ്ടെത്തിച്ചത്. ചെറുപ്പത്തില്‍ അമ്മയുടെ ചെറിയ തോതിലുള്ള കൃഷിപ്പണികള്‍ കണ്ടു വളര്‍ന്നത് പിന്നീട് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പിന്തുണയേകിയെന്നും ബാബു പറയുന്നു. അമ്മ നല്ലൊരു കര്‍ഷക കൂടിയായിരുന്നു. വര്‍ഷം മുഴുവനും വീടിനു ചുറ്റുമായി സ്‌ട്രോബെറി ചെടികള്‍ കണ്ടു വളര്‍ന്ന എനിക്ക് പില്‍ക്കാലത്ത് ഈ കൃഷി തെരഞ്ഞെടുക്കാന്‍ പ്രേരണയേകി. മാത്രമല്ല സ്‌ട്രോബെറിക്ക് വിപണിയില്‍ ആവശ്യകതയുമുണ്ട്- ബാബു പറയുന്നു. വര്‍ഷങ്ങളായി ഐടി മേഖലയില്‍ ജോലി ചെയ്തശേഷം കൃഷിയിലേക്കു കടക്കാനുള്ള തീരുമാനത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ എക്‌സിക്യൂട്ടിവ് ആയി വിരമിച്ച പിതാവ് പി രാജശേഖരന്‍ ആണ്. പാരമ്പര്യ കൃഷിരീതികള്‍ വിട്ട് ഓര്‍ഗാനിക് കൃഷിക്കു മുന്‍തൂക്കം നല്‍കി 2015ല്‍ ആണ് ബാബു സ്‌ട്രോബെറി ഫാമിംഗിലേക്ക് കടന്നത്. പോളിഹൗസില്‍ 3000 സ്‌ട്രോബെറി തൈകള്‍ നട്ടാണ് സംരംഭത്തിന് തുടക്കമിട്ടത്.

തികച്ചും ശാസ്ത്രീയമായ ഓര്‍ഗാനിക് കൃഷിരീതിയാണ് ഇവിടെ അവംലബിക്കുന്നത്. മികച്ച ഗുണമേന്‍മയും രാസവസ്തുക്കളുടെ അംശം കലരാതെ സുരക്ഷിതവുമാണെന്ന് ലാബ് പരീക്ഷണത്തില്‍ തെളിഞ്ഞതോടെ ബേബി ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കായി സ്‌ട്രോബെറി വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമാകും

കൃഷി തുടങ്ങുന്നതിനു മുമ്പായി ഓര്‍ഗാനിക് ഫാമിംഗിനെ കുറിച്ചും ശാസ്ത്രീയ കൃഷിരീതികളെ കുറിച്ചുമെല്ലാം നിരവധി ഗവേഷണങ്ങള്‍ ഈ സംരംഭകന്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കൃഷിയില്‍ ചെറിയ തോതില്‍ പരീക്ഷണം നടത്തി കൃഷിയുടെ നല്ലതും മോശപ്പെട്ടതുമായ വശങ്ങള്‍ മനസിലാക്കിയതായും ബാബു ചൂണ്ടിക്കാട്ടുന്നു.

ഓര്‍ഗാനിക്, ശാസ്ത്രീയ കൃഷി രീതികള്‍

ഒന്നര ഏക്കര്‍ കൃഷിയിടത്തിലാണ് സ്‌ട്രോബെറി കൃഷിയുടെ തുടക്കം. കൃഷിക്കു യോജിച്ച സ്ഥലം കണ്ടെത്തുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വര്‍ഷങ്ങളായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച കൃഷിയിടം ഓര്‍ഗാനിക് ഫാമിംഗിന് ഒട്ടും യോജിച്ചതല്ല. അതിനാല്‍ ഊട്ടിയിലെ ജൈവസമ്പന്നമായ ഒരു സ്ഥലം തേടിയുള്ള യാത്രയായിരുന്നു കഠിനം. ഒടുവില്‍ ഒരിക്കലും കൃഷി ചെയ്യാതിരുന്ന മലഞ്ചെരിവ് കണ്ടെത്തിയതോടെ യാത്ര അവസാനിപ്പിച്ചു. മുകൃതി റിസര്‍വിനടുത്തുള്ള ആ ഒന്നരയേക്കര്‍ സ്ഥലത്ത് മണ്ണിലെ പിഎച്ചിന്റെ അളവും ജലാശയ ഉറവിടങ്ങളും മതിയാവോളമുണ്ടായത് സ്‌ട്രോബെറി കൃഷിക്ക് അനുയോജ്യമായി. തികച്ചും ശാസ്ത്രീയമായ ഓര്‍ഗാനിക് കൃഷിരീതിയാണ് ഇവിടെ അവംലബിക്കുന്നത്. ”ഇന്ത്യയില്‍ പൊതുവെ കര്‍ഷകര്‍ കൂടുതല്‍ വിളവുകള്‍ ലക്ഷ്യമിട്ട് രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചുള്ള കൃഷിക്കാണ് മുന്‍ഗണന നല്‍കുന്നത്. ശാസ്ത്രീയ കൃഷിരീതികള്‍ താരതമ്യേന കുറവാണ്”, ബാബു പറയുന്നു. സ്‌ട്രോബെറി കൃഷി തുടക്കം മുതല്‍ തന്നെ ലാഭകരമാണെന്നാണ് ബാബുവിന്റെ അഭിപ്രായം. ആദ്യം ഊട്ടിയില്‍ പല ഭാഗങ്ങളിലായാണ് സ്‌ട്രോബെറി വില്‍പ്പന തുടങ്ങിയത്. പിന്നീട് ആവശ്യകത കൂടി വന്നതോടെ ചെന്നൈയിലേക്കും തമിഴ്‌നാട്ടിലെ മറ്റു നഗരങ്ങളിലേക്കും വില്‍പ്പന വികസിപ്പിക്കുകയായിരുന്നു. വിപണിയില്‍ ലഭ്യമായ മറ്റു സ്‌ട്രോബെറികളേക്കാള്‍ വലുപ്പം കൂടിയവയാണ് തന്റെ കൃഷിയിടത്തില്‍ വിളയുന്നവയെന്നും ബാബു പറയുന്നു.

ഏകദേശം 90 ദിവസമാണ് സ്‌ട്രോബെറി ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ വേണ്ടിവരിക. തുടര്‍ന്ന് 20 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുപ്പ് നടത്താനാകും. വിളവെടുപ്പ് കാലത്ത് ഒരു ചെടിയില്‍ നിന്നും 500 മുതല്‍ 800 ഗ്രാം സ്‌ട്രോബെറികള്‍ വരെ ലഭിക്കും

ഏകദേശം 90 ദിവസമാണ് സ്‌ട്രോബെറി ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ വേണ്ടിവരിക. തുടര്‍ന്ന് 20 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുപ്പ് നടത്താനാകും. വിളവെടുപ്പ് കാലത്ത് ഒരു ചെടിയില്‍ നിന്നും 500 മുതല്‍ 800 ഗ്രാം സ്‌ട്രോബെറി ലഭിക്കുമെന്നും ബാബു ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 30,000 ചെടികളില്‍ നിന്നായി 10-15 മെട്രിക് ടണ്‍ സ്‌ട്രോബെറികള്‍ ഈ കര്‍ഷകന് ലഭിക്കുന്നുണ്ട്.

ബേബി ഫുഡ് വിപണിയിലേക്ക്

സ്‌ട്രോബെറി ഫ്‌ളേവറിലുള്ള ബേബി ഫുഡ് വിപണിക്ക് നിലവില്‍ ഡിമാന്‍ഡ് ഏറിവരികയാണ്. മികച്ച ഗുണമേന്‍മയുള്ള സ്‌ട്രോബെറികള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ ഈ വിഭാഗത്തിലേക്ക് പ്രവേശനം സാധ്യമാകൂ. രാസവസ്തുക്കളുടെ അംശം കലരാതെ തികച്ചും സുരക്ഷിതമാണ് എന്ന് ഉറപ്പുള്ളവ മാത്രമാണ് പരീക്ഷണം നടത്തി ബേബി ഫുഡിനായി തെരഞ്ഞടുക്കുന്നത്. ഇന്ത്യയിലും ജര്‍മനിയിലും ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി ലാബിലേക്ക് അയച്ച സാമ്പിളുകള്‍ പോസിറ്റീസ് സൂചന നല്‍കിയതോടെ അധികം വൈകാതെതന്നെ പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നും ബാബു പറയുന്നു.

Comments

comments

Categories: FK Special, Slider