കമ്പനികളുടെ നേരിട്ടുള്ള വിദേശ ലിസ്റ്റിംഗ് സെബി പരിഗണിക്കുന്നു

കമ്പനികളുടെ നേരിട്ടുള്ള വിദേശ ലിസ്റ്റിംഗ് സെബി പരിഗണിക്കുന്നു

അനുയോജ്യമായ ചട്ടക്കൂട് നിര്‍ദേശിക്കുന്നതിന് ഒരു ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളെ നേരിട്ട് വിദേശ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന കാര്യം വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിഗണിക്കുന്നു. നിലവില്‍ ഇന്ത്യയിലുള്ള ഇന്‍കോര്‍പറേറ്റ് കമ്പനികള്‍ക്ക് അമേരിക്കന്‍ ഡെപോസിറ്ററി റെസീപ്റ്റ്‌സ് അല്ലെങ്കില്‍ ഗ്ലോബല്‍ ഡെപോസിറ്ററി റെസീപ്റ്റ്‌സ് വഴി വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. സമാനമായി ഇന്ത്യയില്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഡെപോസിറ്ററി റെസീപ്റ്റ്‌സ് വഴി ലിസ്റ്റ് ചെയ്യണം.

‘മൂലധന വിപണികളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റവും അന്താരാഷ്ട്രവത്കരണവും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍ക്ക് അവരുടെ ഇക്വിറ്റി വിഹിത മൂലധനം വിദേശത്ത് നേരിട്ട് ലിസ്റ്റ് ചെയ്യന്നതിനുള്ള സൗകര്യമൊരുക്കുന്നത് സന്ദര്‍ഭോചിതമായ കാര്യമാണ്’, സെബി പ്രസ്താവനയില്‍ അറിയിച്ചു. ഈ നീക്കത്തിനായുള്ള സാമ്പത്തിക, നിയമ, റെഗുലേറ്റി വശങ്ങള്‍ പരിശോധിക്കുന്നതിനും അനുയോജ്യമായ ചട്ടക്കൂട് നിര്‍ദേശിക്കുന്നതിനും ഒരു ഒമ്പതംഗ കമ്മിറ്റി സെബി രൂപീകരിച്ചിട്ടുണ്ട്. മേക്‌മൈട്രിപ് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ദീപക് കല്‍റ, അമര്‍ചന്ദ് മംഗള്‍സ് മാനേജിംഗ് പാര്‍ട്ണറായ സിറിള്‍ ഷ്രോഫ്, അവെന്റസ് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രണു വൊഹ്‌റ എന്നിവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നുണ്ട്.

മൂലധനം രാജ്യത്ത് നിന്നു നഷ്ടപ്പെടും, ആഭ്യന്തര പ്രീമിയം വിപണി മാന്ദ്യത്തിലാകും, റെഗുലേറ്ററി പരിധിയില്‍ നിന്ന് കമ്പനികള്‍ പുറത്തുകടക്കും തുടങ്ങിയ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി ഇതുവരെ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ലിസ്റ്റ് ചെയ്യുന്നതിനോട് സര്‍ക്കാരും റെഗുലേറ്ററും വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. തങ്ങളുടെ ചെലവേറിയ വിദേശ വായ്പയെ കുറയ്ക്കുന്നതിന് ഈ ഉദാരവല്‍ക്കരണം കമ്പനികളെ സഹായിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ വിപണികളില്‍ നിന്ന് മൂലധനം സ്വരൂപിക്കാന്‍ 2014ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ ഭേദഗതിയിലൂടെയായിരുന്നു ഇത്. എന്നാല്‍ ഇത് ചുരുക്കം കമ്പനികള്‍ക്ക് മാത്രമാണ് പ്രയോജനകരമായത്.
ഇന്ത്യന്‍ കമ്പനികളുടെ ഫണ്ട് സ്വരൂപിക്കല്‍ വര്‍ധിപ്പിക്കുന്നതിന് പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് ഐസിഎല്‍ ലീഗല്‍ പാര്‍ട്ണറായ തേജേഷ് ചിത്‌ലംഗി പറയുന്നത്. വിപണി ഇതിലൂടെ കൂടുതല്‍ മത്സരാധിഷ്ഠിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories