മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം 5.2% ഉയര്‍ന്നു

മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം 5.2% ഉയര്‍ന്നു

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വിഭാഗത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണുണ്ടായത്

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം ഈ വര്‍ഷം ഏപ്രിലില്‍ 5.2 ശതമാനം വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 4.6 ശതമാനം വര്‍ധനയാണ് മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

അതേസമയം, മാനുഫാക്ച്ചറിംഗ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏഴ് ഉപമേഖലകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ ചുരുക്കം നേരിട്ടതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക്‌സ്, ഓട്ടോ, ഫാര്‍മ, ഫുഡ്, മെറ്റല്‍സ്, നോണ്‍-മെറ്റാലിക് പ്രൊഡക്റ്റ്‌സ് എന്നിവയാണ് ഏപ്രിലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകള്‍. ഖനന മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം ഏപ്രിലില്‍ 5.1 ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ മൂന്ന് ശതമാനം വര്‍ധനയാണ് ഖനന മേഖയിലെ ഉല്‍പ്പാദനത്തില്‍ അനുഭവപ്പെട്ടിരുന്നത്. കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിച്ചതാണ് ഖനന വിഭാഗത്തില്‍ നിന്നുള്ള മൊത്തം ഉല്‍പ്പാദനത്തില്‍ പ്രതിഫലിച്ചത്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് കുറഞ്ഞ വര്‍ധനയാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ 5.9 ശതമാനമായിരുന്ന ഉല്‍പ്പാദന വളര്‍ച്ച ഏപ്രിലില്‍ 2.1 ശതമാനമായി ചുരുങ്ങി. നിര്‍മാണ/അടിസ്ഥാനസൗകര്യ വിഭാഗത്തില്‍ 7.5 വളര്‍ച്ചയാണ് ഇക്കാലയളവില്‍ നിരീക്ഷിച്ചത്. സെന്‍സിറ്റീവ് കാപിറ്റല്‍ ഗുഡ്‌സ് മേഖലകളിലും ഏപ്രിലില്‍ വളര്‍ച്ച പ്രകടമായിട്ടുണ്ട്. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വിഭാഗത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണുണ്ടായത്. അതേസമയം, ജുവല്‍റി ഉല്‍പ്പാദനം കുറഞ്ഞു. പ്രൈമറി ഗുഡ്‌സ് വിഭാഗത്തിലെ ഉല്‍പ്പാദന വളര്‍ച്ച മാര്‍ച്ചിലെ 2.9 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ മൂന്ന് ശതമാനമായി വര്‍ധിച്ചു.

അടിസ്ഥാനസൗകര്യ മേഖലയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടല്‍ സുസ്ഥിരമായി തുടരുന്നതിനൊപ്പം വരും മാസങ്ങളില്‍ ഉപഭോക്തൃ ആവശ്യകതയും വര്‍ധിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ കെയറിന്റെ നിരീക്ഷണം. നടപ്പു വര്‍ഷം രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 5-6 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നതായും കെയര്‍ റേറ്റിംഗ്‌സില്‍ നിന്നുള്ള മുഖ്യ സാമ്പത്തികവിദഗ്ധന്‍ മദന്‍ ശബ്‌നവിസ് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട ഉല്‍പ്പാദനം രേഖപ്പെടുത്താനാകുമെന്നാണ് ഇന്ത്യാ റേറ്റിംഗ്‌സില്‍ നിന്നുള്ള മുഖ്യ സാമ്പത്തികവിദഗ്ധന്‍ ദേവേന്ദ്ര കുമാര്‍ പന്തിന്റെയും അഭിപ്രായം. മികച്ച കാലവര്‍ഷവും വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതും അടിസ്ഥാനസൗകര്യ മേഖലയിലുള്ള ചെലവിടലും ഉല്‍പ്പാദനം വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വീട്, ബാങ്കിംഗ് മേഖലയിലെ എന്‍പിഎ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തുടങ്ങിയ പദ്ധതികളും ഗുണം ചെയ്യും.

Comments

comments

Categories: Business & Economy