പേടിഎം മാള്‍ 1,500 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു

പേടിഎം മാള്‍ 1,500 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു

ഈ നിക്ഷേപത്തോടെ പേടിഎം മാളിന്റെ മൂല്യം 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ ഉയരും

ബെംഗളൂരു: ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആയ പേടിഎം മാള്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ നിന്നും കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സില്‍ നിന്നുമായി 1,500 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു. പേടിഎമ്മിന്റെ ഏറ്റവും വലിയ നിക്ഷേപകരാണ് ആലിബാബ ഗ്രൂപ്പ്.

പേടിഎം മാളില്‍ 3,000 കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്തുമെന്ന് ഏപ്രിലില്‍ സോഫ്റ്റ്ബാങ്കും ആലിബാബയും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഒരു പങ്കാണ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് പേടിഎം മാള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി. 3,000 കോടി രൂപയില്‍ മൊത്തം 2,600 കോടി രൂപയുടെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ബാക്കി നിക്ഷേപം നടത്തുന്നത് ആലിബാബ ആയിരിക്കും. ഈ നിക്ഷേപത്തോടെ പേടിഎം മാളിന്റെ മൂല്യം 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ ഉയരും.

പുതിയ നിക്ഷേപത്തോടെ സോഫ്റ്റ്ബാങ്കില്‍ നിന്നുള്ള കബീര്‍ മിശ്ര പേടിഎം മാളിന്റെ ഉന്നതലസമതിയില്‍ അംഗമാകും. ഫഌപ്കാര്‍ട്ട് ഏറ്റെടുക്കുന്നതായുള്ള വാള്‍മാര്‍ട്ട് പ്രഖ്യാപനത്തിനുശേഷമാണ് പേടിഎം മാളില്‍ നിക്ഷേപം നടത്തുന്നതിന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് മുന്നോട്ടുവന്നത്. ഫഌപ്കാര്‍ട്ടില്‍ തങ്ങള്‍ക്കുള്ള ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാന്‍ സോഫ്റ്റ്ബാങ്ക് തയാറാണ്. ഫഌപ്കാര്‍ട്ടുമായി നേരിട്ട് മത്സരം നടത്തുന്ന കമ്പനിയാണ് പേടിഎം മാള്‍.

നിലവില്‍ മൂന്ന് ബില്യണ്‍ ഡോളറാണ് പേടിഎം മാളിന്റെ മൊത്തം വാണിജ്യ മൂല്യം. നടപ്പുസാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് പത്ത് ബില്യണ്‍ ഡോളറിലെത്തിക്കാനാണ് പേടിഎം മാള്‍ ലക്ഷ്യമിടുന്നത്. 75,000 ഓഫ്‌ലൈന്‍ സ്റ്റോറുകളുമായി നിലവില്‍ കമ്പനിക്ക് പങ്കാളിത്തമുണ്ട്. 2019ഓടെ ഓഫ്‌ലൈന്‍ സാന്നിധ്യം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനും പേടിഎം മാളിന് പദ്ധതിയുണ്ട്.

Comments

comments

Categories: Business & Economy