പാലക്കാട് റെയ്ല്‍ കോച്ച് ഫാക്റ്ററി പദ്ധതി ഉപേക്ഷിച്ചു

പാലക്കാട് റെയ്ല്‍ കോച്ച് ഫാക്റ്ററി പദ്ധതി ഉപേക്ഷിച്ചു

ന്യൂഡെല്‍ഹി: പാലക്കാട് റെയ്ല്‍ കോച്ച് ഫാക്റ്ററി ഉപേക്ഷിക്കുന്നതായി റെയ്ല്‍വേ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര റെയ്ല്‍വേ വകുപ്പ് മന്ത്രി പിയുഷ് ഗോയലും സഹമന്ത്രി രാജന്‍ ഗോഹൈനും പാലക്കാട് എംപി എം ബി രാജേഷിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. റെയ്ല്‍വേക്ക് നിലവിലും സമീപഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ സംവിധാനം ഇപ്പോള്‍ തന്നെയുണ്ടെന്നാണ് റെയ്ല്‍വേ വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ട് ഉടനടി മറ്റൊരു കോച്ച് ഫാക്റ്ററി നടപ്പിലാക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

2008-2009 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച റെയ്ല്‍വേ കോച്ച് ഫാക്റ്ററി പദ്ധതിയാണ് പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉപേക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനിടെ ഹരിയാന സര്‍ക്കാര്‍ വാഗാദനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്റ്ററി മാറ്റി സ്ഥാപിക്കാന്‍ റെയ്ല്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2012-2013 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംയുക്ത സംരംഭമായോ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലോ പദ്ധതി നടപ്പാക്കാന്‍ റെയ്ല്‍വേ അനുമതി നല്‍കിയിരുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ ബിഇഎംഎല്‍ താല്‍പ്പര്യം കാണിച്ചെങ്കിലും റെയ്ല്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

Comments

comments

Categories: Slider, Top Stories