ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടത് അടിയന്തര പൊളിച്ചെഴുത്ത്

ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടത് അടിയന്തര പൊളിച്ചെഴുത്ത്

ജനസംഖ്യയുടെ പാതിയും 25 വയസിന് താഴെയുള്ള ഇന്ത്യ ലോകത്തെ ഏറ്റവും യുവത്വം നിറഞ്ഞ രാജ്യമാണ്. വരാനിരിക്കുന്ന പതിറ്റാണ്ടുകൡ ഇന്ത്യന്‍ യുവത്വം ലോകത്തെ നിയന്ത്രിക്കുമെന്ന പ്രവചനങ്ങള്‍ ചുറ്റിനും മുഴങ്ങുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കേണ്ട കുട്ടികള്‍ക്ക് നാം നല്‍കുന്ന വിദ്യാഭ്യാസം ഈ വികസന ലക്ഷ്യങ്ങള്‍ക്ക് എത്രമാത്രം ഉപകാരപ്പെടുന്നതാകും? പുസ്തകങ്ങളിലും തത്വങ്ങളിലും മാത്രം ആധാരമായ നമ്മുടെ വിദ്യാഭ്യാസ സന്ബ്രദായത്തില്‍ അടിമുടി പരിഷ്‌കരണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദ്യാഭ്യാസ വിദഗ്ധനായ ലേഖകന്‍

സിബിഎസ്ഇ ഫലങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് ചേരുന്നതിനുള്ള തിരക്കിലായിരിക്കും വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ ജീവിത യാത്രയുടെ അടുത്ത അധ്യായത്തിലേക്ക് പുറപ്പെടുന്നതിന്റെ ആവേശവും അവര്‍ക്കുണ്ടാകും. അപ്പോഴും, സീറ്റുകളുടെ ആവശ്യകതയും വിതരണവും തമ്മിലുള്ള ഗണ്യമായ പൊരുത്തക്കേട് കാരണം ഇത് ഉല്‍കണ്ഠയുണര്‍ത്തുന്നതും സമ്മര്‍ദ്ദം നിറഞ്ഞതുമായ പ്രവര്‍ത്തനം കൂടിയാണ്. ആഗോള വിദ്യാഭ്യാസ മേഖലയിലെ ഗുണഗണങ്ങളളക്കുന്ന ക്യുഎസ് (ക്വാക്കെറല്ലി സൈമണ്ട്‌സ്) ലോക സര്‍വകലാശാല റാങ്കിംഗിലെ ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഉള്‍പ്പെട്ടിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അനിതരസാധാരണമായ അഭിരുചികളുള്ള വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് ഒരു വലിയ നിരാശയാണ്. ഇന്ത്യയെപ്പോലെ ഇത്രയും വലിപ്പവും അഭിലാഷങ്ങളുമുള്ള രാജ്യത്തെ സംബന്ധിച്ചും ഇത് വലിയ പരാജയം തന്നെയാണ്.

ഏഴ് പതിറ്റാണ്ടായി മേഖലയോട് കാട്ടുന്ന മനോഭാവത്തിലാണ് ഇന്ത്യയുടെ വിദ്യാഭ്യാസ പ്രതിസന്ധിക്കു പിന്നിലുള്ള കാരണങ്ങള്‍ പതിയിരിക്കുന്നത്. ഗവേഷണം എന്നത് നമ്മുടെ സംസ്‌കാരത്തിലേക്ക് ഒരിക്കലും ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമെന്നാല്‍ ശിക്ഷണമെന്നാണ് ഇവിടെ സമീകരിച്ചിരിക്കുന്നത്. തത്ഫലമായി, നമ്മുടെ സമീപനം ചലനാത്മകമല്ലാത്തതും പ്രായോഗിക ജ്ഞാനം കുറഞ്ഞതും എത്ര കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്നുവെന്നതില്‍ കേന്ദ്രീകരിച്ചുള്ളതും മാത്രമായി.

ദേശീയ തലത്തില്‍, ഇതൊരു മോശം കാര്യമല്ല. ഇങ്ങനെയല്ലാത്ത പക്ഷം നാം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുകയും ധാരാളം പേര്‍ ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. 2009 ല്‍ വിദ്യാഭ്യാസ അവകാശത്തിനുള്ള നിയമനിര്‍മ്മാണം നടപ്പിലാക്കിയതോടെ, ഇന്ത്യയില്‍ ഇന്ന് ഏതാണ് 26 കോടിയോളം കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ സ്‌കൂള്‍ സംവിധാനമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റി. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പത്ത് ലക്ഷത്തിലേറെ സ്‌കൂളുകളടക്കം 15 ലക്ഷത്തോളം വിദ്യാലയങ്ങളാണ് രാജ്യത്തുള്ളത്. 100 ബില്യണ്‍ ഡോളറാണ് രാജ്യത്തെ വിദ്യാഭ്യാസ വിപണിയുടെ മൂല്യം. 2020 ആകുമ്പോഴേക്കും ഇത് ഇരട്ടിക്കുമെന്നാണ് കണക്കാക്കുന്നത്. വളരെ ശ്രദ്ധേയമായ മുന്നേറ്റമാണിത്.

എന്നാല്‍, കേവലം വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല, നിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവകാശമാണ് ഇന്ത്യക്ക് ആവശ്യം. ഇന്ത്യയിലെ ഒരു മുന്‍നിര മാഗസീനില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു അലോസരപ്പെടുത്തുന്ന റിപ്പോര്‍ട്ട് പ്രകാരം, നമ്മുടെ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍, തൊഴില്‍ നേടാന്‍ അര്‍ഹരായവര്‍ വെറും ഏഴ് ശതമാനമേയുള്ളൂ.

വിദ്യാഭ്യാസ സംവിധാനം യഥാര്‍ത്ഥത്തില്‍ പുനര്‍നിര്‍മിക്കപ്പെടുകയും, വസ്തുതാപരമായി പറഞ്ഞാല്‍, പരിശോധിച്ച് കുറവുകള്‍ തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ യുവ ജനതയുടെ ഭാവി പ്രതീക്ഷകള്‍ക്ക് അത് ഹാനി വരുത്തും. അതുവഴി, നമ്മുടെ ജനസംഖ്യാപരമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. ആന്തരിക, ബാഹ്യ ഘടനയടക്കം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന ഡിഎന്‍എയില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങളായി പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ തയാറാക്കുന്നതുള്‍പ്പെടെ ഒരു കൂട്ടം പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സ്ഥിരമായ ബജറ്റ് നീക്കിയിരിപ്പുകളും, എന്താണ് രോഗകാരണമെന്നുള്ള വ്യക്തമായ ധാരണയും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യ ഇത്രയും വിശാലമായ ഒരു അജണ്ട നേടിയെടുക്കുക എന്നതിനെ കുറിച്ച് വിശാസപരമായ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

ഏഴ് പതിറ്റാണ്ടായി മേഖലയോട് കാട്ടുന്ന മനോഭാവത്തിലാണ് ഇന്ത്യയുടെ വിദ്യാഭ്യാസ പ്രതിസന്ധിക്കു പിന്നിലുള്ള കാരണങ്ങള്‍ പതിയിരിക്കുന്നത്. ഗവേഷണം എന്നത് നമ്മുടെ സംസ്‌കാരത്തിലേക്ക് ഒരിക്കലും ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമെന്നാല്‍ ശിക്ഷണമെന്നാണ് ഇവിടെ സമീകരിച്ചിരിക്കുന്നത്. തത്ഫലമായി, നമ്മുടെ സമീപനം ചലനാത്മകമല്ലാത്തതും പ്രായോഗിക ജ്ഞാനം കുറഞ്ഞതും എത്ര കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്നുവെന്നതില്‍ കേന്ദ്രീകരിച്ചുള്ളതും മാത്രമായി.

സത്യസന്ധമായി പറയുകയാണെങ്കില്‍, പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍, മണല്‍കൂമ്പാരത്തില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെ, പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് ആത്മവ്യാമോഹം ചെയ്യുകയായിരുന്നു നമ്മളും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖരും, അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുടെ മാറിവരുന്ന ആവശ്യകതകള്‍ കണ്ടില്ലെന്ന് നടിക്കുകയുമായിരുന്നു നാം. നമ്മുടെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ മാത്രമല്ല, അധ്യാപകരുടെയും അഭാവമുണ്ട്. അധ്യാപകര്‍ ലഭ്യമാണെങ്കില്‍ തന്നെ, അവരില്‍ ഭൂരിഭാഗവും അമിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരും മതിയായ യോഗ്യതകള്‍ ഇല്ലാത്തവരുമാണ്. നമ്മുടെ ബിരുദധാരികള്‍, തൊഴിലിന് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവരാണ് എന്നതില്‍ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനൊന്നുമില്ല.

ഒരു രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നത് അതിന്റെ വിദ്യാഭ്യാസ സംവിധാനത്തിലൂടെയാണ്. ഒരു നിഷ്‌ക്രിയമായ സംവിധാനം, ഇരുണ്ട ഭാവിയുടെ മുന്നോടിയാണ്. ഗൗരവതരമായ സ്വയം വിശകലനവും, പരിഷ്‌കരണവുമില്ലാത്തതിനാല്‍, വിപണി പങ്കാളിത്തം ഗണ്യമായി കുറയുന്നതായി കണ്ടുവെന്നും സേവനങ്ങള്‍ വലിയ തോതില്‍ കാലഹരണപ്പെട്ടുവെന്നും ഓര്‍മിപ്പിച്ചുകൊണ്ട് 2006 ല്‍ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി മാര്‍ഗരറ്റ് സ്‌പെല്ലിംഗ് അമേരിക്കന്‍ സര്‍വകലാശാലകളെയും കോളെജുകളെയും വിമര്‍ശിച്ചിരുന്നു.

സമാനമായ അപകടമാണ് ഇന്ത്യയും അഭിമുഖീകരിക്കുന്നത്. എന്നാല്‍ നമ്മുടെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലും സര്‍ക്കാര്‍ നടത്തിപ്പിലുമുള്ളതായതിനാല്‍ വിപണി വിഹിതവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ തോത് ഇവിടെ കുറവാണെന്നു മാത്രം. പക്ഷേ കാലഹരണപ്പെടല്‍ എന്നത് ഒരു വാസ്തവമായതും ശ്രദ്ധേയമായതുമായ ഭീഷണിയാണ്.

എന്താണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നതാണ് നാം ഉന്നയിക്കേണ്ട പ്രധാന ചോദ്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വിദ്യാഭ്യാസത്തില്‍ നിന്ന് എന്തു നേടാമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? വിദ്യാര്‍ത്ഥിയാണോ അധ്യാപകനാണോ വിദ്യാഭ്യാസ സംവിധാനത്തിന്റെ കേന്ദ്രമെന്നതില്‍ ഇതിന്റെ ഉത്തരമുണ്ട്.

അധ്യാപകര്‍ക്ക് എങ്ങനെ പഠിപ്പിക്കണം എന്നത് അറിയില്ല എന്നല്ല. അതിനേക്കാള്‍, എന്തിനാണ് പഠിപ്പിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. വിദ്യാഭ്യാസ സംവിധാനത്തിന്റെ ശ്രദ്ധാകേന്ദ്രം വിദ്യാര്‍ത്ഥികളാണെന്നും തങ്ങള്‍ പഠനപ്രക്രിയ സുഗമമാക്കാന്‍ അവരെ സഹായിക്കേണ്ടവര്‍ മാത്രമാണെന്നും അധ്യാപകര്‍ തിരിച്ചറിയേണ്ടതുണ്ട്.

പുരാതനകാലം മുതല്‍, വിദ്യാഭ്യാസം അല്ലെങ്കില്‍ ശിക്ഷണത്തോടുള്ള നമ്മുടെ സമീപനം ഗുരു അഥവാ അധ്യാപകനും ശിഷ്യന്‍ അഥവാ വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ്. ശിക്ഷണം എന്നത് വിവരത്തിന്റെ മാത്രമല്ല, വര്‍ഷങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും ലഭിക്കുന്ന ആഴത്തിലുള്ള ജ്ഞാനത്തിന്റെ പകര്‍ന്നു നല്‍കല്‍ കൂടിയാണ്.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം വിജ്ഞാനമാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ ലഭിക്കുന്നതെന്ന് നാം വിശ്വസിക്കുന്നു. അതിന്റെ ഫലമായി, മിക്ക അധ്യാപകരും ഗുരുവിന്റെ വിശിഷ്ടമായ ആവരണം അണിയുന്നു. വസ്തുതാപരമായി പറയുകയാണെങ്കില്‍, ഒരു പോലീസുകാരനെ പോലെ ക്ലാസ്മുറികള്‍ നടത്തിക്കൊണ്ടുപോകുന്ന ശിക്ഷകരായിരിക്കും അവര്‍.

ലോകത്തുടനീളം, മുന്‍പുണ്ടായിരുന്ന പരമ്പരാഗത അധ്യാപകര്‍ക്കു പകരം സാങ്കേതികവിദ്യ നിലവില്‍ വന്നു കഴിഞ്ഞു. കടന്നു പോയ നൂറ്റാണ്ടുകളിലെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ ഇനി നമുക്ക് ആവില്ല. സാങ്കേതികവിദ്യയുടെ അവലംബനം, ചിന്താഗതിയിലെ മാറ്റം എന്നിവ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ നവീകരിക്കുന്നതില്‍ നിര്‍ണായകമാണ്.

ലളിതമായി പറയുകയാണെങ്കില്‍, അധ്യാപകര്‍ ഒരു പെന്‍സിലിന്‍െ അഗ്രമുന കൂര്‍പ്പിക്കുന്നതു പോലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ഓരോ വിദ്യാര്‍ത്ഥിയുടെയും ഉള്ളില്‍ അന്തര്‍ലീനമായിട്ടുള്ള കഴിവ് വെളിച്ചത്തു കൊണ്ടുവരാന്‍ അനുവദിക്കുകയും മാത്രമേ ചെയ്യേണ്ടതന്നുള്ളു. അധ്യാപകര്‍ക്ക് എങ്ങനെ പഠിപ്പിക്കണം എന്നത് അറിയില്ല എന്നല്ല. അതിനേക്കാള്‍, എന്തിനാണ് പഠിപ്പിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. വിദ്യാഭ്യാസ സംവിധാനത്തിന്റെ ശ്രദ്ധാകേന്ദ്രം വിദ്യാര്‍ത്ഥികളാണെന്നും തങ്ങള്‍ പഠനപ്രക്രിയ സുഗമമാക്കാന്‍ അവരെ സഹായിക്കേണ്ടവര്‍ മാത്രമാണെന്നും അധ്യാപകര്‍ തിരിച്ചറിയേണ്ടതുണ്ട്.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തിരുത്തിയെഴുതാന്‍ മൗലിക മനോഭാവവുമായി ബന്ധപ്പെട്ട പരിവര്‍ത്തനം ആവശ്യമാണ്. ചിന്താഗതിയെ സ്വതന്ത്രമാക്കിയാല്‍ മാത്രമേ ഇത് സംഭവ്യമാകൂ. ജിജ്ഞാസയും അതിലൂടെ സര്‍ഗാത്മകതയും നമുക്ക് വര്‍ധിപ്പിച്ചെടുക്കാം. ഈ ലക്ഷ്യം നേടിയെടുക്കാന്‍ നമ്മുടെ അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുണ്ട്.

ലോകോത്തരമായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്ക് ആദര്‍ശപരമായ കേന്ദ്രീകരണം ഇല്ലെന്നും അത് പൂര്‍ണമായും വിപണി നിയന്ത്രിതമാണെന്നും കാണാന്‍ സാധിക്കും. വിപണിയെപ്പോലെ, ഭാവി മുന്‍കൂട്ടിക്കാണുകയും മെച്ചപ്പെടലിനായി ഏതു രീതിയില്‍ ഗതിനിയന്ത്രണം നടത്തണം എന്നതിനെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പു വരുത്തുന്നതിലൂടെയാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടേണ്ടതെങ്കില്‍, നമ്മുടെ മനസ്ഥിതിയില്‍ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച് ജി വെല്‍സ് നമ്മെ ഓര്‍മപ്പെടുത്തുന്നതു പോലെ, ”വിദ്യാഭ്യാസവും മഹാ ദുരന്തവും തമ്മിലുള്ള ഒരു മല്‍സരമാണ് സംസ്‌കാരം”. നമ്മുടെ തെരഞ്ഞെടുക്കലാണ് നാം എങ്ങോട്ട് നീങ്ങുന്നു എന്ന് നിശ്ചയിക്കുന്നത്. സമയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ പ്രശ്‌നം.

അമിത് ദാസ്ഗുപ്ത

(മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനാണ് ലേഖകന്‍. നിലവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു.)

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider