ഇന്ത്യയും യുഎസും വിശദമായ ചര്‍ച്ച നടത്തും

ഇന്ത്യയും യുഎസും വിശദമായ ചര്‍ച്ച നടത്തും

ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നതിനെ യുഎസ് പ്രസിഡന്റ് നിശിതമായി വിമര്‍ശിച്ചിരുന്നു

ന്യൂഡെല്‍ഹി: വ്യാപാര, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിശദമായ ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊരുങ്ങി ഇന്ത്യയും യുഎസും. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു യുഎസ് കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസുമായും വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറുമായും നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച തീരുമാനത്തിലേക്ക് ഇരു രാഷ്ട്രങ്ങളുമെത്തിയത്.

ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധം സംബന്ധിച്ച എല്ലാ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടത്തുന്നതിന് ഒരു ഔദ്യേഗിക സംഘത്തെ യുഎസിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കും ഈ ടീമിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയെ കവര്‍ച്ച ചെയ്യുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്നും ഇതോടൊപ്പം ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയ ട്രംപ് ക്യുബെക് സിറ്റിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെയും നിശിതമായി പരിഹസിച്ചത്.

സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി താരിഫ് സംബന്ധിച്ച് ഇന്ത്യ യുഎസിന് കത്തയച്ചിട്ടുണ്ടെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സിംഗ് സര്‍ന പറഞ്ഞു. വില്‍ബര്‍ റോസിനും റോബര്‍ട്ട് ലൈതൈസറിനും പുറമെ യുഎസ് കാര്‍ഷിക വകുപ്പ് സെക്രട്ടറി സോണി പെര്‍ഡ്യുവുമായും സുരേഷ് പ്രഭു ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എംബസ്സി അറിയിച്ചത്. ജോണ്‍ കോര്‍ണിന്‍, മാര്‍ക് വാര്‍ണര്‍ എന്നീ സെനേറ്റര്‍മാരുമായും പ്രഭു ചര്‍ച്ച നടത്തി.
യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും സംഘടിപ്പിച്ച ബിസിനസ്, ഇന്‍ഡസ്ട്രി നേതൃത്വങ്ങളുമായുള്ള യോഗത്തിലും സുരേഷ് പ്രഭു പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories