ജിഎസ്ടി റീഫണ്ട് വിതരണ പരിപാടി രണ്ട് ദിവസം കൂടി

ജിഎസ്ടി റീഫണ്ട് വിതരണ പരിപാടി രണ്ട് ദിവസം കൂടി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിക്ക് കീഴിലുള്ള റീഫണ്ടുകള്‍ കൊടുത്ത് തീര്‍ക്കുന്നതിന് നടപ്പിലാക്കി വരുന്ന പ്രത്യേക ജിഎസ്ടി റീഫണ്ട് ദ്വൈവാര പരിപാടി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. രണ്ടാം ഘട്ട പ്രത്യേക ജിഎസ്ടി റീഫണ്ട് പരിപാടിയുടെ സമയം മേയ് 31 മുതല്‍ ജൂണ്‍ 14 വരെയായിരുന്നു. ഇത് ജൂണ്‍ 16 വരെയാണ് നീട്ടിയത്. റീഫണ്ട് പരിപാടിയുടെ ആദ്യഘട്ടം മാര്‍ച്ച് 15 മുതല്‍ 29 വരെയായിരുന്നു. 5350 കോടി രൂപയാണ് ഇക്കാലയളവില്‍ റീഫണ്ടായി വിതരണം ചെയ്തത്. നിലവില്‍ നടന്നുവരുന്ന റീഫണ്ട് പരിപാടിയില്‍ 7500 കോടി രൂപയിലേറേ റീഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്.

2017 ജൂലൈ മുതല്‍ 2018 മാര്‍ച്ച് വരെ 10 ലക്ഷം രൂപ വരെ മൊത്തം ഐജിഎസ്ടി റീഫണ്ടുള്ള ചെറുകിട കയറ്റുമതിക്കാര്‍ ഐജിഎസ്ടി പേമെന്റ് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അതാത് കയറ്റുമതി തുറമുഖത്തെ കസ്റ്റംസ് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. മറ്റുള്ളവര്‍ പേമെന്റ് തെളിവ് ഉള്‍പ്പെടെ ഒരു ചാര്‍ട്ടേഡ് എക്കൗണ്ടന്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. 2018 ഏപ്രില്‍ 30ന് മുമ്പായി തങ്ങള്‍ സമര്‍പ്പിച്ച റീഫണ്ട് ക്ലെയിമുകള്‍ തീര്‍പ്പാക്കേണ്ടതിന് ബന്ധപ്പെട്ട നികുതി അതോറിറ്റികളെയാണ് റീഫണ്ട് ആവശ്യം ഉന്നയിച്ചവര്‍ കാണേണ്ടത്.

ജിഎസ്ടി ആര്‍എഫ്ഡി-01എ ഫോമിലാണ് റീഫണ്ടിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത.് അപേക്ഷയുടെ ഒരു കോപ്പിക്കൊപ്പം അനുബന്ധ രേഖകളും ഹാജരാക്കേണ്ടതുണ്ട്. കേവലം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കല്‍ മാത്രം മതിയാകില്ല. ഐജിഎസ്ടി റീഫണ്ട് അവകാശം ഉന്നയിക്കുന്ന എല്ലാവരും അവരുടെ റീഫണ്ട് നില പരിശോധിക്കാന്‍ ഐസിഇജിഎടിഇ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്.

Comments

comments

Categories: Business & Economy