10ാം വയസില്‍ പത്താം ക്ലാസ്, 16ല്‍ എന്‍ജിനീയര്‍

10ാം വയസില്‍ പത്താം ക്ലാസ്, 16ല്‍ എന്‍ജിനീയര്‍

മൂന്നാം വയസില്‍ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ കൃത്യമായി പറഞ്ഞു തുടങ്ങിയ കാശിഭട്ട സംഹിത 16ാം വയസില്‍ തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍ എന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്

മനസിനിണങ്ങിയ പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ച് നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ കുറഞ്ഞത് 20 വയസെങ്കിലും വേണം. ഒന്നര ലക്ഷത്തില്‍പ്പരം കുട്ടികളാണ് രാജ്യത്തെ വിവിധ എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്നും പ്രതിവര്‍ഷം ബിരുദം നേടുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളുടേയും പ്രായം ഇരുപതുകളില്‍തന്നെ. പക്ഷേ തെലങ്കാന സ്വദേശിനി കാശിഭട്ട സംഹിതയുടെ രീതികള്‍ അല്‍പ്പം വേറിട്ടതാണ്. വെറും പതിനാറാം വയസില്‍ കാശിഭട്ട എന്‍ജിനീയര്‍ പദവിയിലേക്ക് എത്തിയിരിക്കുന്നു. അതും തെലങ്കാന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍ എന്ന ബഹുമതിക്കാണ് ഈ പെണ്‍കുട്ടി അര്‍ഹയായത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഷയത്തില്‍ എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ ഈ മിടുക്കി തന്റെ സഹപാഠികളേക്കാളും അഞ്ചു വയസു മുമ്പുതന്നെ എന്‍ജിനീയറായിരിക്കുകയാണ്.

കഴിവ് തിരിച്ചറിയുന്നത് മൂന്നാം വയസില്‍

കാശിഭട്ടയുടെ സാമര്‍ത്ഥ്യം രക്ഷിതാക്കള്‍ ആദ്യമായി മനസിലാക്കി തുടങ്ങുന്നത് മൂന്നാം വയസിലാണ്. ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പറയുന്നതു കണ്ടാണ് ഈ മൂന്നുവയസുകാരിയുടെ സാമര്‍ത്ഥ്യം തിരിച്ചറിയപ്പെട്ടത്. അത് മികവിന്റെ ലോകത്തേക്കുള്ള കാശിഭട്ടയുടെ ആദ്യത്തെ ചുവടുവെപ്പായിരുന്നു. മൂന്നു വയസ് പിന്നിടുമ്പോഴേക്കും ഈ മിടുക്കി നാലാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി, പത്താം വയസില്‍ പത്താം ക്ലാസ് കരകയറിയ കാശിഭട്ട 8.7 ഗ്രേഡ് പോയിന്റ് നേടിയാണ് മികവ് തെളിയിച്ചത്. 2014ല്‍ പ്ലസ്ടുവിന് 89 ശതമാനം മാര്‍ക്കും നേടിയിരുന്നു.

പതിനാറാം വയസില്‍ ബിടെക് പൂര്‍ത്തിയാക്കിയതോടെ തുടര്‍ന്ന് എംടെക് എടുക്കാനാണ് കാശിഭട്ടയുടെ അടുത്ത നീക്കം. ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതുതന്നെയാണ് ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം

ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനങ്ങളിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിശ്ചിത പ്രായമാണ് വിവിധ കോഴ്‌സുകളിലേക്കുള്ള യോഗ്യതയുടെ അടിസ്ഥാനം. അതിനാല്‍ മകളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന രക്ഷിതാക്കള്‍ അവളുടെ പഠിത്തം തുടരുന്നതിനായി തെലങ്കാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. കാശിഭട്ടയുടെ അസാമാന്യ കഴിവ് പരിഗണിച്ച് പ്രായം കുറവായിരുന്നിട്ടും ഇഎംഎസിറ്റി (എന്‍ജിനീയറിംഗ്, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്) എഴുതാന്‍ സര്‍ക്കാര്‍ ഇളവ് നല്‍കി. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ചില എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് ഈ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വിഷയ കേന്ദ്രീകൃതമായ പഠനം

2014ല്‍ നാലു വര്‍ഷത്തെ എന്‍ജിനീയറിംഗ് കോഴ്‌സിന് ഹൈദരാബാദിലെ ചൈതന്യാ ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്ന കാശിഭട്ട, 8.85 ഗ്രേഡ് പോയിന്റില്‍ ബിരുദം നേടി. പഠനത്തെ കുറിച്ച് ഈ പെണ്‍കുട്ടിക്കുള്ള കാഴ്ചപാട് തന്നെയാണ് ഇത്തരത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കാരണമാകുന്നത്. ആവര്‍ത്തിച്ച് പഠിച്ച് ഓര്‍മയില്‍ തങ്ങിനിര്‍ത്തുന്ന പഠനമല്ല, മറിച്ച് ഓരോ വിഷയവും രസകരമാക്കി ആശയങ്ങള്‍ ഉള്‍ക്കൊണ്ടു പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മണിക്കൂറുകളോളം പഠനത്തിനായി ചെലവഴിക്കുന്ന ശീലമില്ല, അക്കാഡമിക് പഠനവും അനുബന്ധ പ്രവര്‍ത്തനങ്ങളും തത്തുല്യമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഏറെ താല്‍പര്യം- കാശിഭട്ട പറയുന്നു.

ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനങ്ങളിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിശ്ചിത പ്രായമാണ് വിവിധ കോഴ്‌സുകളിലേക്കുള്ള യോഗ്യതയുടെ അടിസ്ഥാനം. അതിനാല്‍ മകളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന രക്ഷിതാക്കള്‍ അവളുടെ പഠിത്തം തുടരുന്നതിനായി തെലങ്കാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

പതിനാറാം വയസില്‍ ബിടെക് പൂര്‍ത്തിയാക്കിയതോടെ തുടര്‍ന്ന് എംടെക് എടുക്കാനാണ് അടുത്ത നീക്കം. ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതുതന്നെയാണ് ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം. എംടെക്കിനൊപ്പം സര്‍ക്കാര്‍ അനുവദിച്ചാല്‍ ഗവേഷണം കൂടി നടത്താനാണ് ഭാവിപദ്ധതിയെന്നും ടീനേജ് എന്‍ജിനീയര്‍ പറയുന്നു. മകളുടെ പഠനത്തിനുള്ള എല്ലാവിധ പിന്തുണയും നല്‍കാന്‍ രക്ഷിതാക്കളും ഒപ്പമുണ്ട്.

Comments

comments

Categories: FK Special, Slider