പിഒഎസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ തിരിച്ചുവരവ്

പിഒഎസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ തിരിച്ചുവരവ്

നോട്ടു നിരോധനം പ്രഖ്യാപിച്ച കാലത്തിനു സമാനമായ തലത്തിലേക്ക് കാര്‍ഡ് ഉപയോഗമെത്തി

ന്യൂഡെല്‍ഹി: പോയ്ന്റ് ഓഫ് സെയ്ല്‍ (പിഒഎസ്) ടെര്‍മിനലുകളിലെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ വ്യാപ്തി നോട്ട് നിരോധനം പ്രഖ്യാപിച്ചിരുന്ന ഘട്ടത്തിന് സമാനമായ തലത്തിലേക്ക് എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പിഒഎസ് ടെര്‍മിനലിലുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാട് ഇക്കഴിഞ്ഞ ഏപ്രിലില്‍ 333.77 മില്യണായി ഉയര്‍ന്നു. 2017 ജനുവരിയില്‍ ഇത് 328.62 മില്യണായിരുന്നു. ഏപ്രിലില്‍ നടന്ന ഇടപാടുകളുടെ മൂല്യം 45,457 കോടി രൂപയാണ്. എന്നാല്‍ 2017 ജനുവരിയിലെ ഇടപാടുകളുടെ മൂല്യമായ 49,004 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലിലെ തുക കുറഞ്ഞതാണ്.

നിരവധി ഘടകങ്ങള്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2018ന്റെ ആദ്യ മാസങ്ങളില്‍ നോട്ട് ക്ഷാമം അനുഭവപ്പെട്ടിരുന്നു. പിഒഎസ്/ കാര്‍ഡ് ഇടപാടുകളുടെ തിരിച്ചുവരവിന് ഇതും കാരണമായെന്നാണ് വിലയിരുത്തല്‍. ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള 15 വാണിജ്യ ബാങ്കുകളുടെ പിഒഎസ് നെറ്റ്‌വര്‍ക്കിന്റെ വ്യാപ്തി 2017 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 0.4 ശതമാനം മുതല്‍ 33 ശതമാനം വരെയാണ് ഇടിഞ്ഞത്. നോട്ട് ഇടപാടുകള്‍ നോട്ട് അസാധുവാക്കലിനു മുന്‍പത്തെ തലത്തിലേക്ക് തിരിച്ചെത്തിയതായിരുന്നു ഇതിന് കാരണം.

ജനുവരി ഒഴികെ 2017ലെ എല്ലാ മാസങ്ങളിലും ഡെബിറ്റ് കാര്‍ഡ് അധിഷ്ഠിത പിഒഎസ് ഇടപാട് 250-300 മില്യണെന്ന തലത്തിലായിരുന്നു. ഡിജിറ്റല്‍ പേമെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള പ്രചാരണങ്ങള്‍ക്കിടയിലും നോട്ട് ഇടപാടുകള്‍ അതിവേഗം പഴയ തലത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ പാരമ്പരാഗതമായി കാര്‍ഡ് ഇടപാടുകള്‍ക്ക് വലിയ പങ്കാണ് ഉള്ളത് ചെലുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ പോലും ഈ ഇടപാടുകളിലെ കൂടുതലും പി2പി (പേര്‍സണ്‍-ടു-പേര്‍സണ്‍) പേമെന്റുകളായിരുന്നു. കാര്‍ഡുകളില്‍ പി2എം (പേര്‍സണ്‍-ടു- മര്‍ച്ചന്റ്) ഇടപാടുകളാണ് മുന്നിട്ട് നില്‍ക്കുന്നത്.

യുപിഐ ഇടപാടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭിക്കുന്ന മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റി (എംഡിആര്‍) കാര്‍ഡ് ഇടപാടുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറവാണ്. അതിനാല്‍ തന്നെ ബാങ്കുകളെ സംബന്ധിച്ച് യുപിഐ താരതമ്യേന ആകര്‍ഷണം കുറഞ്ഞതായിരുന്നു. ഡിജിറ്റല്‍ പണമിടപാടിന്മേല്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന തുകയാണ് എംഡിആര്‍. ഡിജിറ്റല്‍ ഇടപാടിന് അടിസ്ഥാനസൗകര്യമൊരുക്കുന്ന ബാങ്കിനാണ് ഈ തുക നല്‍കേണ്ടത്.

Comments

comments

Categories: More