ബ്രിട്ടണ്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്

ബ്രിട്ടണ്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്

ആറു വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ലഭിച്ചതോടെ നിക്ഷേപകര്‍ അങ്കലാപ്പില്‍

സാമ്പത്തികമാന്ദ്യ ഭീഷണി നേരിടുന്ന ബ്രിട്ടണ്‍ വലിയ സമ്മര്‍ദ്ദത്തിലേക്കെന്ന റിപ്പോര്‍ട്ട്. സാമ്പത്തികനില അവരോഹണക്രമത്തിലായതോടെ സംരംഭകര്‍ വലിയ ആശങ്കയിലാണ്. ആറുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയുടെ സൂചനയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. 2012-ലെ യൂറോപ്യന്‍ മേഖലയിലെ പ്രതിസന്ധിക്കു ശേഷം വീണ്ടും മാന്ദ്യം നേരിടുകയാണ് ബ്രിട്ടീഷ് സമ്പദ്‌രംഗം. ഉല്‍പ്പാദനത്തില്‍ കുത്തനെ ഉണ്ടായ ഇടിവും തൊഴില്‍ദാതാക്കളില്‍ തികഞ്ഞ അശുഭാപ്തി വിശ്വാസമാണ് അന്നു മുതല്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് വിതച്ച ആശങ്കകളും വ്യാപാരമേഖലയിലെ മാന്ദ്യവുമാണ് വര്‍ത്തമാനകാലത്തെ പ്രതിസന്ധിയിലേക്കു നയിച്ചത്.

പുതിയ നിയമനങ്ങള്‍ നടത്താന്‍ ബ്രിട്ടീഷ് കമ്പനികള്‍ ഭയക്കുന്നതായി മാന്‍പവര്‍ ഗ്രൂപ്പ് എന്ന റിക്രൂട്ട്‌മെന്റ് കമ്പനി പറയുന്നു. ബ്രിട്ടണിലെ ഒമ്പത് വ്യവസായ മേഖലകളില്‍ നിന്നുള്ള 2,000 പ്രമുഖ കമ്പനികളില്‍ നാലു ശതമാനം മാത്രമേ പുതുതായി നിയമനങ്ങള്‍ക്ക് ഒരുങ്ങുന്നുള്ളൂ. ബാങ്ക് ഓഫ് ഇംഗ്ലണ്ടും സര്‍ക്കാരും നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങളെപ്പറ്റി നടത്തിയ ത്രൈമാസ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ബാങ്കിംഗ്, ബാങ്കിതര ധനകാര്യ വ്യവസായങ്ങളിലാണ് നിയമനം ഏറ്റവും പരിതാപകരമായിരിക്കുന്നത്. ഒരു ദശാബ്ദം മുമ്പുണ്ടായ സാമ്പത്തികപ്രതിസന്ധിയാണ് ഇതിനു കാരണം. നിയമനങ്ങള്‍ വെട്ടിച്ചുരുക്കുന്നതാണ് ഈ ദൂഷിതവലയത്തിനു പുറത്തു കടക്കാനുള്ള എളുപ്പവഴിയെന്ന് സ്ഥാപനങ്ങള്‍ കരുതുന്നു.

ബ്രിട്ടീഷ് ഫാക്റ്ററികളിലെ നിയമനങ്ങളില്‍ കുത്തനെയുള്ള ഇടിവാണ് പോയ അഞ്ചു വര്‍ഷവും രേഖപ്പെടുത്തിയത്. ഉരുക്ക്, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ കുറയുന്ന ഏപ്രില്‍ മാസങ്ങളിലാണ് ഇതു കൂടുതല്‍ പ്രകടം. അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ ഉപയോഗിക്കുന്ന ഉരുക്കിന് കിട്ടുന്ന ഓര്‍ഡറുകളില്‍ വരുന്ന കുറവും ബ്രിട്ടീഷ് ഉല്‍പ്പന്നവില്‍പ്പനയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ നേരിട്ട മാന്ദ്യവും ഏപ്രിലിലെ ഉല്‍പ്പാദനത്തില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് 1.4 ശതമാനം കുറവു വരുത്തി. 0.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധര്‍.

ബ്രിട്ടണിലെ ഒമ്പത് വ്യവസായ മേഖലകളില്‍ നിന്നുള്ള 2,000 പ്രമുഖ കമ്പനികളില്‍ നാലു ശതമാനം മാത്രമേ പുതുതായി നിയമനങ്ങള്‍ക്ക് ഒരുങ്ങുന്നുള്ളൂ. ബാങ്ക് ഓഫ് ഇംഗ്ലണ്ടും സര്‍ക്കാരും നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങളെപ്പറ്റി നടത്തിയ ത്രൈമാസ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്

ഇത്തരം കണക്കുകള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കു മേലുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. 2012-ലെ ഗ്രീക്ക് വായ്പാ പ്രതിസന്ധിക്കു ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ അതിന്റെ ഏറ്റവും മോശം സാഹചര്യത്തിലാണ്. കൂട്ടുകക്ഷി സര്‍ക്കാരിന്റെ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ജീവിതനിലവാരത്തില്‍ പ്രത്യാഘാതമേല്‍പ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്നു. 2012ന്റെ മാസാദ്യഫലങ്ങളിലെ ഔദ്യോഗിക കണക്കുകള്‍ ബ്രിട്ടന്‍ വീണ്ടുമൊരു മാന്ദ്യത്തിലേക്കു മുങ്ങിത്താഴുകയാണോ എന്നു സംശയിപ്പിച്ചിരുന്നു. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ച താഴാന്‍ തുടങ്ങിയെന്ന് പിന്നീട് പുനരവലോകനത്തില്‍ തെളിയുകയും ചെയ്തു.

ഇക്കൊല്ലത്തെ സാഹചര്യം അത്ര മോശമല്ലെങ്കിലും വര്‍ഷാദ്യത്തിലുണ്ടായ കിഴക്കു നിന്നുള്ള വന്യമൃഗം എന്ന അപരനാമത്തിലറിയപ്പെടുന്ന പേമാരിയും മഞ്ഞുവീഴ്ചയും സ്ഥിതി വഷളാക്കിയിരുന്നു. കാലാവസ്ഥ അനുവദിക്കാത്തതിനാല്‍ ക്രെയിനുകളും മറ്റ് യന്ത്രങ്ങളും നെടുനാള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണമേഖലയുടെ പ്രകടനം മോശമായി. ഈ പരിതസ്ഥിതി ഉല്‍പ്പാദന മേഖലയില്‍ വലിയ ഇടിവുണ്ടാക്കിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.

മേയ് മാസത്തില്‍ അവസാനിച്ച ത്രൈമാസത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് 0.2 ശതമാനമേ ആയിരുന്നുള്ളൂ. ഏപ്രില്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇത് 0.1 ശതമാനമായിരുന്നുവെന്നേര്‍ക്കണം. ആദ്യപാദത്തില്‍ത്തന്നെ മന്ദഗതിയിലായിരുന്ന വളര്‍ച്ച, ദുര്‍ബലമായി തുടരുകയായിരുന്നുവെന്ന് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധനായ അമിത് കാര നിരീക്ഷിക്കുന്നു. രാജ്യത്തിന്റെ നിര്‍മാണവ്യവസായമാണ് ഏറ്റവും തിക്തഫലങ്ങളനുഭവിച്ചത്. മാര്‍ച്ചിലെ അവലോകനത്തില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റം സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും പടര്‍ന്നിരുന്നു.

ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസിന്റെ കണക്കനുസരിച്ച് ഏപ്രിലിലെ വ്യാവസായിക ഉല്‍പ്പാദനം മാര്‍ച്ചിനെ അപേക്ഷിച്ച് 0.8 ശതമാനം കുറഞ്ഞു. ഉല്‍പ്പാദനമേഖലയിലെ മാത്രമല്ല ഗാര്‍ഹിക ഊര്‍ജോപയോഗ മേഖലയിലും ഖനിവ്യവസായത്തിലുമുള്ള കണക്കുകളും ഇതില്‍ ഉള്‍പ്പെടും. ഫാക്റ്ററികളിലെ ഉല്‍പ്പാദനവും ഊര്‍ജവിതരണത്തിലെയും ജലഉപഭോഗത്തിലെ വീഴ്ചകളും ഉല്‍പ്പാദനരംഗത്തെ മോശം പ്രകടനത്തിനു കാരണമായി. ഉരുക്കിന് യുഎസ് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതി സൃഷ്ടിച്ച സമ്മര്‍ദ്ദം ഉരുക്കുവ്യവസായരംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഘനവ്യവസായ സംഘടനകള്‍ ഉയര്‍ത്തിയ കണക്കുകള്‍ മന്ത്രിമാരിലും  ആശങ്കകള്‍ ഉയരാന്‍ കാരണമായി.

ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് പ്രത്യേകനികുതി ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനം രണ്ടു വര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്നാണ് ബ്രിട്ടീഷ് വ്യവസായലോകം സംശയിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിപ്രവാഹം അന്നു ബ്രിട്ടീഷ് വ്യവസായികളെ പാപ്പരത്തത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. ഈ കണക്കുകള്‍ ഓഗസ്റ്റ് ആദ്യം തന്നെ പലിശനിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നിര്‍ബന്ധിതരാക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ബ്രിട്ടീഷ് സാമ്പത്തികരംഗത്തിന്റെ 10 ശതമാനം മാത്രമാണ് ഫാക്റ്ററികളുടെ സംഭാവന. ആഗോളവാണിജ്യരംഗത്തെ ബ്രിട്ടന്റെ സ്ഥാനം താഴ്ത്തിക്കെട്ടാനും ശ്രമമുണ്ട്. കയറ്റിറക്കുമതിരംഗത്ത് ചരക്കുകളുടെ അഭാവത്തില്‍ ബ്രിട്ടണ് അപ്രതീക്ഷിതമായ വ്യതിയാനങ്ങള്‍ നേരിടേണ്ടി വരുന്ന പരിതസ്ഥിതിയിലാണിത്.

ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് പ്രത്യേകനികുതി ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനം രണ്ടു വര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്നാണ് ബ്രിട്ടീഷ് വ്യവസായലോകം സംശയിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിപ്രവാഹം അന്നു ബ്രിട്ടീഷ് വ്യവസായികളെ പാപ്പരത്തത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു.

ഇതോടൊപ്പം ഓഹരിവിപണി ഇടിഞ്ഞത്, നിക്ഷേപകരെ വിഷമസന്ധിയിലാക്കി. പലിശനിരക്ക് ഉയരുന്നത് ലോകസാമ്പത്തികവളര്‍ച്ചയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ കണക്കുകൂട്ടി. വാണിജ്യസംഘര്‍ഷങ്ങളുടെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച്, വിദഗ്ധര്‍ വിപണിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കുകൂട്ടി. വാണിജ്യകിടമല്‍സരം ആഗോള സമ്പദ് വളര്‍ച്ചയെ പ്രതിവര്‍ഷം അര ശതമാനം മുതല്‍ ഒരു ശതമാനം വരെ താഴ്ത്തുമെന്ന് യൂണിക്രെഡിറ്റ് ബാങ്കിന്റെ എറിക് നീല്‍സണ്‍ പറയുന്നു. ഇത് ഓഹരിവിപണിയെ നിശ്ചിതമായ തിരുത്തലിലേക്ക് നയിക്കും. ഇത് കേന്ദ്രബാങ്കിന്റെ പദ്ധതികളെ തടസപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ഓഹരി, കറന്‍സി വിപണികളെ മാസങ്ങളോളം തിരിച്ചും മറിച്ചും ഇട്ട് ഓടിക്കുകയും ചെയ്യും.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നിക്ഷേപകര്‍ കടുത്ത ആശങ്കയിലായിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ നികുതി വെട്ടിക്കുറയ്ക്കുമെന്നും ബിസിനസ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നുമുള്ള പ്രത്യാശകളുണ്ടായിരുന്നുവെങ്കിലും വിദേശ, വാണിജ്യ നയങ്ങളെയാണ് അവര്‍ സംശയത്തോടെ നോക്കിക്കണ്ടിരുന്നത്. ട്രംപ് അധികാരത്തിലേക്കെന്ന് ഉറപ്പിച്ചതോടെ വിപണി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ട്വീറ്റുകളും തീരുമാനങ്ങളിലെ അസ്ഥിരതയും അസ്വസ്ഥരാക്കിയെങ്കിലും അത്തരം തെറ്റുകുറ്റങ്ങള്‍ മറക്കാനും പൊറുക്കാനും അവര്‍ സന്നദ്ധരായി.

വാണിജ്യസംഘര്‍ഷങ്ങളെക്കുറിച്ചുള്ള അവരുടെ ഭയം മിക്കവാറും അപ്രത്യക്ഷമായി. അമേരിക്കന്‍ ബാങ്ക് മെറില്‍ ലിന്‍ച്  നടത്തിയ സര്‍വേയില്‍ വെറും അഞ്ചു ശതമാനം ആഗോള ഫണ്ട് മാനേജര്‍മാര്‍ മാത്രമാണ് അമേരിക്ക- ചൈന വാണിജ്യയുദ്ധത്തെ വിപണി നേരിടുന്ന അപകടമായി കാണുന്നുള്ളൂ. 45 ശതമാനം പേര്‍ നാണയപ്പെരുപ്പത്തെയും ഓഹരിവിപണിയുടെ തകര്‍ച്ചയെയുമൊക്കെ ഭീഷണിയായി കാണുമ്പോഴാണിത്. മാര്‍ച്ച് ഒന്നിന് ഉരുക്ക്, അലുമിനിയം എന്നിവയുടെ ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം വ്യവസായ ലോകത്തിന് വലിയ ഞെട്ടലുളവാക്കിയിരുന്നു. അനായാസമായി വിജയം കൈപ്പിടിയിലൊതുക്കാമെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അത്.

ഇക്കൊല്ലത്തെ സാഹചര്യം അത്ര മോശമല്ലെങ്കിലും വര്‍ഷാദ്യത്തിലുണ്ടായ കിഴക്കു നിന്നുള്ള വന്യമൃഗം എന്ന അപരനാമത്തിലറിയപ്പെടുന്ന പേമാരിയും മഞ്ഞുവീഴ്ചയും സ്ഥിതി വഷളാക്കിയിരുന്നു. ഇത് ഉല്‍പ്പാദന മേഖലയില്‍ വലിയ ഇടിവുണ്ടാക്കിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു

മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കനത്ത ആഘാതം സൃഷ്ടിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ താഴെത്തട്ടു മുതല്‍ ഇത് സംഭവിച്ചിരിക്കുകയാണെന്ന് 170 നിര്‍മാണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വേയില്‍ നിന്നു വ്യക്തമാണ്. പാലം, പാത തുടങ്ങിയ പൊതുനിര്‍മാണ പ്രവൃത്തികളില്‍ സംഭവിച്ചിരിക്കുന്ന പ്രതിമാസഇടിവും അഞ്ചു വഷര്‍ത്തിനിടെ ആദ്യത്തേതാണെന്നു കാണാം. വാണിജ്യ പ്രവര്‍ത്തനങ്ങളും കുറഞ്ഞിട്ടുണ്ട്. ഭവനനിര്‍മാതാക്കള്‍ മാത്രമാണ് നാമമാത്രമായെങ്കിലും വര്‍ധനവുണ്ടെന്നു സമ്മതിച്ചിട്ടുള്ളത്.

യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന ഹിതപരിശോധന വന്ന് 2016 ജൂലൈ മുതല്‍ നിര്‍മാണമേഖല കുത്തനെ താഴോട്ടു പോയിരിക്കുകയാണ്. ലണ്ടനില്‍ വില്‍പ്പന നടത്താനാകാതെ കിടക്കുന്ന വീടുകളുടെ എണ്ണം 3,000 എന്ന റെക്കോര്‍ഡ് സംഖ്യ കവിഞ്ഞിരിക്കുന്നു. ഒരു മില്യണ്‍ പൗണ്ട് വരെയാണ് ഇവയുടെ വില. വിദേശത്തു കഴിയുന്ന ധനിക ബ്രിട്ടീഷ് പൗരന്മാരാണ് ഇവയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നതോടെ ഉണ്ടായ അനിശ്ചിതത്വവും സ്റ്റാംപ് ഡ്യൂട്ടി കുത്തനെ ഉയര്‍ന്നതും ഇവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

ഇതിനിടയിലും തൊഴിലവസരങ്ങളിലുണ്ടായ വര്‍ധന എടുത്തു പറയേണ്ടതാണ്. മൂന്നു മാസത്തെ ഏറ്റവും കൂടിയ നിയമനങ്ങളാണ് നിര്‍മാണമേഖലയില്‍ കഴിഞ്ഞമാസം ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന പദ്ധതികളിലേക്കാണ് ജീവനക്കാരെ എടുത്തിരിക്കുന്നത്. നിര്‍മാണമേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് മോശം കാലാവസ്ഥയാണ് ഇടിവിനു കാരണമെന്നാണ്.

നിര്‍മാണമേഖലയിലെ ഇടിവ് സാമ്പത്തിക പ്രവര്‍ത്തനം വല്ലാതെ മന്ദീഭവിപ്പിച്ചു. ഫെബ്രുവരിയില്‍ 51.4 പോയിന്റില്‍ നിന്ന് 47.4 എന്ന നിലയിലേക്കാണ് പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡത്തില്‍ ഇടിവു രേഖപ്പെടുത്തിയത്. 50 പോയിന്റില്‍ താഴെയായി രേഖപ്പെടുത്തിയതോടെ വ്യവസായമേഖലയില്‍ നിന്നുള്ള വളര്‍ച്ച ഇടിയുകയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്തു. ഇത് മുമ്പ് ധനതത്വശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്ന 50.8 എന്ന പോയിന്റ് കൈവരിക്കാനാകാത്ത സ്ഥിതിവിശേഷമുണ്ടാക്കി. മാര്‍ച്ചിലെ മോശം പ്രകടനത്തിന് ബ്രിട്ടീഷ് സമ്പദ്‌രംഗം വിധേയമായിത്തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെന്ന് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഡങ്കന്‍ ബ്രോക്ക് പറയുന്നു. വിതരണശൃംഖലകള്‍ തടസങ്ങള്‍ നേരിടാന്‍ തയാറെടുത്തിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പല ഡെവലപ്പര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ വില്‍പ്പനയും മരവിപ്പിച്ചിരിക്കുന്നു. നിര്‍മാണം കഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റഴിക്കും വരെയെങ്കിലും നിലവില്‍ പുരോഗമിക്കുന്നവയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കപ്പെടും. ലണ്ടനില്‍ പുതിയ ഭവനങ്ങളുടെ വില്‍പ്പന മൂന്നു മാസത്തിനിടെ അഞ്ചു തവണയാണു കൂപ്പുകുത്തിയിരിക്കുന്നത്.
നിര്‍മാണമേഖലയില്‍ ഉണ്ടായിരിക്കുന്ന പതനം വലുതാണ്. പുതിയതായി തുടങ്ങിയ സൈറ്റുകളുടെ വില്‍പ്പനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും പുതിയ കെട്ടിടങ്ങള്‍ നിര്‍മാണമാരംഭിച്ചിരിക്കുകയാണ്. അതായത്, വില്‍ക്കാതെ അവശേഷിക്കുന്ന ഭവനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നര്‍ത്ഥം. നിരവധി ഡെവലപ്പര്‍മാര്‍ക്ക് വില്‍പ്പന മുരടിപ്പ് അഭിമുഖീകരിക്കേണ്ടി വരും, ഒരു പക്ഷേ തുടക്കം പോലും സുഖകരമല്ലാത്ത അടിയന്തര സാഹചര്യമാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങള്‍ക്ക് ഭാവിയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. കൂടുതല്‍ നഷ്ടസാധ്യത ഉള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ നിര്‍മാണസ്ഥാപനങ്ങള്‍ മടിക്കും. സാഹസികമായ ഉദ്യമങ്ങള്‍ ഒഴിവാക്കാനാണ് അവര്‍ നോക്കുക. പുതിയ ജോലികള്‍ ഏറ്റെടുക്കുന്നതും നിര്‍ത്തിവെക്കും. നിലവിലുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുമിപ്പിക്കാനാകും പ്രഥമ പരിഗണന കൊടുക്കുക. തല്‍ഫലമായി വിപണിയിലേക്ക് പണപ്രവാഹത്തിന്റെ  ശക്തി കുറയുകയും ചെയ്യും.

Comments

comments

Categories: FK Special, Slider