ഭാരത് 22 ഇടിഎഫ് രണ്ടാം ഘട്ടം ജൂണ്‍ 19 മുതല്‍

ഭാരത് 22 ഇടിഎഫ് രണ്ടാം ഘട്ടം ജൂണ്‍ 19 മുതല്‍

ഓഹരി വില്‍പ്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ന്യൂഡെല്‍ഹി: ഓഹരി വിറ്റഴിക്കല്‍ ത്വരിതപ്പെടുത്താന്‍ കേന്ദ്രം കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്-22ന്റെ രണ്ടാം ഘട്ടം ജൂണ്‍ 19ന് ആരംഭിക്കും. വിപണിയില്‍ നിന്ന് 8,400 കോടി രൂപ സ്വരൂപിക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 19 മുതല്‍ 22 വരെയാണ് ഭാരത് ഇടിഎഫ് 22 നടക്കുക. ഭാരത് 22വില്‍ നിക്ഷേപകര്‍ക്ക് വിലയില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.ആങ്കര്‍ നിക്ഷേപകര്‍ക്കായി 19നും മറ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍, റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കായി അടുത്ത ദിവസങ്ങളിലുമാണ് ഓഹരി വിതരണം നടക്കുക.

22 കമ്പനികളുടെ ഓഹരികള്‍ അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം നവംബറിലാണ് ഭാരത് 22 ഇടിഎഫ് സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയത്.പൊതുമേഖലാ സ്ഥാപനങ്ങള്‍,പൊതുമേഖലാ ബാങ്കുകള്‍, ഐടിസി ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രൊ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു. 14,500 കോടി രൂപയാണ് ആദ്യഘട്ട ഇടിഎഫ് വഴി സര്‍ക്കാര്‍ സമാഹരിച്ചത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി), ഇന്ത്യന്‍ ഓയില്‍ ലിമിറ്റഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോള്‍ ഇന്ത്, നാല്‍കോ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും പുതിയ ഭാരത് 22ല്‍ ഉള്‍പ്പെടുന്നുണ്ട്.

ഭാരത് ഇലക്ട്രോണിക്‌സ്, എന്‍ജിനിയേഴ്‌സ് ഇന്ത്യ,എന്‍ബിസിസി, എന്‍ടിപിസി, എന്‍എച്ച്പിസി, എസ്‌ജെവിഎന്‍എല്‍, ഗെയ്ല്‍,പിജിസിഐഎല്‍,എന്‍എല്‍സി ഇന്ത്യ തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റ് പൊതു മേഖലാ കമ്പനികള്‍. എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ മാത്രമാണ് ഭാരത് 22 ഇന്‍ഡെക്‌സിലുള്ളത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories