പതഞ്ജലിയെ കടത്തിവെട്ടി അദാനി; 6,000 കോടിക്ക് രുചിസോയ ഏറ്റെടുത്തേക്കും

പതഞ്ജലിയെ കടത്തിവെട്ടി അദാനി; 6,000 കോടിക്ക് രുചിസോയ ഏറ്റെടുത്തേക്കും

ന്യൂഡെല്‍ഹി: കടബാധ്യത ഏറി പാപ്പരത്തകോടതി കയറിയ ഭക്ഷ്യയെണ്ണ കമ്പനിയായ രുചിസോയയെ അദാനി വില്‍മര്‍ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. രുചി സോയ ഏറ്റെടുക്കാന്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയും മത്സരരംഗത്തുണ്ടായിരുന്നു.

അവസാനഘട്ടത്തില്‍ ഇരു കമ്പനികളും മാത്രം അവശേഷിച്ചപ്പോള്‍ സ്വിസ് ചലഞ്ച് രീതിയിലൂടെ രുചി സോയയെ ആര് ഏറ്റെടുക്കുമെന്ന് കണ്ടെത്താന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കലിനായുള്ള ബിഡ്ഡില്‍ 6,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 5,700 കോടി രൂപയാണ് പതഞ്ജലിയുടെ വാഗ്ദാനം. ലേലം വിളിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത അദാനി ഗ്രൂപ്പിന് തന്നെ രുചി സോയ ഏറ്റെടുക്കാന്‍ സാധിച്ചേക്കും.

അദാനി ഗ്രൂപ്പിന് കീഴില്‍ ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ ഭക്ഷ്യയെണ്ണ വിപണിയിലെത്തിക്കുന്ന കമ്പനിയാണ് അദാനി വില്‍മര്‍. ബിഡ് സമര്‍പ്പിച്ചിരിക്കുന്നതും ഈ കമ്പനിയാണ്.

12,000 കോടി രൂപയാണ് രുചി സോയയുടെ ബാധ്യത. ബാങ്കുകള്‍ക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനി ലേലം ചെയ്ത് തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പതഞ്ജലിക്കും അദാനി വില്‍മറിനും പുറമെ ഇമാമി അഗ്രോടെക്കും ഗോദ്‌റെജ് അഗ്രോവെറ്റയും രംഗത്തുവന്നിരുന്നു. ലേലം വിളിയുടെ ആദ്യ റൗണ്ടില്‍ പതഞ്ജലി 4,300 കോടി രൂപയും അദാനി 3,300 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സ്വിസ് ചലഞ്ച് രീടതിയിലൂടെ തുക തിരിച്ചുപിടിക്കാനുള്ള തീരുമാനത്തില്‍ ബാങ്കുകള്‍ എത്തുകയായിരുന്നു.

Comments

comments