എന്ന് തീരും ബാങ്കുകളുടെ പ്രതിസന്ധി

എന്ന് തീരും ബാങ്കുകളുടെ പ്രതിസന്ധി

പൊതുമേഖല ബാങ്കുകളുടെ മൊത്തത്തിലുള്ള നഷ്ടം 87,357 കോടി രൂപയാണ്. കിട്ടാക്കടത്തിന്റെ കാര്യം പറയുകയും വേണ്ട. നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ മൂലമുള്ള ഈ പ്രതിസന്ധികള്‍ പരിഹരിച്ചാലേ ഭാവിയിലെ ന്യൂജെന്‍ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിലേക്ക് ബാങ്കുകള്‍ക്ക് ശ്രദ്ധ നല്‍കാനാകൂ

നഷ്ടകണക്കുകളിലൂടെയും കിട്ടാക്കടങ്ങളിലൂടെയുമാണ് നമ്മുടെ പൊതുമേഖല ബാങ്കുകളുടെ യാത്ര. ആകെയുള്ള 21 പൊതുമേഖല ബാങ്കുകളില്‍ 19 എണ്ണത്തിനും പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകളാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തത്തിലുള്ള നഷ്ടം 87,357 കോടി രൂപയാണ്. വമ്പന്‍ പ്രതിസന്ധി നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടം 12,283 കോടി രൂപയാണ്. ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭമുണ്ടാക്കിയ രണ്ട് പൊതുമേഖല ബാങ്കുകള്‍.

നഷ്ടക്കണക്കുകളോടൊപ്പം ബാങ്കുകളെ ഇപ്പോള്‍ വലയ്ക്കുന്ന പ്രധാന പ്രശ്‌നം അറ്റ നിഷ്‌ക്രിയ ആസ്തിയാണ്. 1,10,855 കോടി രൂപയാണ് ബാങ്കുകളുടെ മൊത്തത്തിലുള്ള കിട്ടാക്കടം. 5.3 ശതമാനം വര്‍ധനയാണ് കിട്ടാക്കടത്തിലുണ്ടായിരിക്കുന്നത്. പാപ്പരത്ത നിയമം (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ആക്റ്റ്) കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ക്ക് ആശ്വാസകരമായി മാറാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കിട്ടാക്കടത്തിന്റെ തോത് വളരെ വലുതാണെന്നത് ഗൗരവമര്‍ഹിക്കുന്നു. വായ്പാ വളര്‍ച്ച പോലുള്ള കാര്യങ്ങളെ കിട്ടാക്കടത്തിലെ വര്‍ധന ബാധിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഒരു പരിധിയെങ്കിലും ബാങ്കുകള്‍ വിജയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അടുത്ത ഘട്ട പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള ശേഷി രാജ്യത്തെ ഔപചാരിക ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ടാകൂ. ഈ പശ്ചാത്തലത്തിലാണ് എസ്ബിഐ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നതും.

സാമ്പത്തിക തട്ടിപ്പുകള്‍, സൈബര്‍ സുരക്ഷ, ഭരണനിര്‍വണം തുടങ്ങി കിട്ടാക്കടത്തിന് അപ്പുറത്തുള്ള വലിയ വെല്ലുവിളികളാണ് വരുംവര്‍ഷങ്ങളില്‍ ബാങ്കുകളെ കാത്തിരിക്കുന്നതെന്ന് എസ്ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളുടെ പ്രവര്‍ത്തന പരിതസ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണെന്നുളള റിപ്പോര്‍ട്ടിലെ നിരീക്ഷണം അതീവപ്രാധാന്യം അര്‍ഹിക്കുന്നു. കിട്ടാക്കടത്തിന്റെ പ്രശ്‌നങ്ങള്‍ പതിയെ പരിഹരിക്കപ്പെടും അതുകഴിഞ്ഞാല്‍ ഘടനാപരമായി തന്നെ ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുതിയ രൂപം കൈവരും. തട്ടിപ്പുകള്‍ക്കും സൈബര്‍ സുരക്ഷയ്ക്കും പുറമെ ഉപഭോക്താക്കളെ നിലനിര്‍ത്തല്‍, അവര്‍ക്ക് നല്‍കുന്ന സേവനത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, മാനവവിഭവശേഷി തുടങ്ങിയവയെല്ലാം ബാങ്കിംഗ് രംഗത്തെ കാര്യമായ വെല്ലുവിളികളായി തീരും എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബാങ്കുകള്‍ക്ക് ലഭിക്കുന്ന അധികമൂലധന പാക്കേജില്‍ നല്ലൊരു ശതമാനം ടെക്‌നോളജി രംഗത്തേക്ക് വിന്യസിക്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് എസ്ബിഐ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ഒപ്പം, ഫിന്‍ടെക് സങ്കേതങ്ങളെ എങ്ങനെ ബാങ്കിംഗ് രംഗത്തെ വളര്‍ച്ചയ്ക്കായി ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കണം. ബ്ലോക്‌ചെയിന്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ബാങ്കുകളുടെ നടത്തിപ്പ്പ്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന വാദം ശക്തമായി തന്നെ ഉയരുന്നുണ്ട്. ബിറ്റ്‌കോയിനെ മാറ്റി നിര്‍ത്തി ബ്ലോക്‌ചെയിന്‍ സങ്കേതത്തെ ഏതെല്ലാം തലത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന ഗവേഷണത്തിന് ബാങ്കുകള്‍ വലിയ പ്രാധാന്യം നല്‍കുക തന്നെ വേണം.

Comments

comments

Categories: Editorial, Slider
Tags: bank-crisis