വേദാന്തയ്ക്ക് അടുത്ത വെല്ലുവിളി: നിയാംഗിരിയില്‍ അലുമിനിയം പ്ലാന്റിനെതിരെ ഗോത്രവിഭാഗത്തിന്റെ പ്രതിഷേധം

വേദാന്തയ്ക്ക് അടുത്ത വെല്ലുവിളി: നിയാംഗിരിയില്‍ അലുമിനിയം പ്ലാന്റിനെതിരെ ഗോത്രവിഭാഗത്തിന്റെ പ്രതിഷേധം

ഭുവനേശ്വര്‍: തൂത്തുക്കുടിയില്‍ വേദാന്ത നേരിട്ട പ്രതിസന്ധി ഇപ്പോള്‍ ഒഡീഷയില്‍ നിയാംഗിരി കുന്നുകളില്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കമ്പനി തൂത്തുക്കുടിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സമാനമായ പ്രതിഷേധമാണ് ഒഡീഷയില്‍ ഉടലെടുത്തിരിക്കുന്നത്.

നിയാംഗിരി കുന്നുകളിലെ വേദാന്ത സ്ഥാപിച്ച അലുമിനിയം പ്ലാന്റിനെതിരെയാണ് പ്രതിഷേധം രൂക്ഷമായി കൊണ്ടിരിക്കുന്നത്. കുന്നുകളില്‍ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങളും ഒരുകൂട്ടം പരിസ്ഥിതിപ്രവര്‍ത്തകരും പ്ലാന്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. നിയാംഗിരി കുന്നുകള്‍ ഖനനം ചെയ്ത് നാശത്തിന്റെ വക്കിലെത്തിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ജൈവവൈവിധ്യ സമ്പുഷ്ടമായ നിയാംഗിരി കാടുകളും കുന്നുകളും അലുമിനിയം ഖനനത്തിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അനുവദിച്ചുകൂടെന്ന് വിവിധ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ വേദാന്തയ്‌ക്കെതിരെ ദോഗ്രിയ ഗോത്രവിഭാഗങ്ങള്‍ സംഘടിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്. നേരത്തെയുണ്ടായിരുന്ന അലുമിനിയം പ്ലാന്റ് വിപൂലീകരിക്കുന്നതിനെതിരെയാണ് ഇവരുടെ സമരം. ആദ്യഘട്ട ഖനനത്തില്‍ നിയാംഗിരി കുന്നുകളിലെ ഭൂരിഭാഗം സസ്യ, ജന്തു ജാലങ്ങളും നശിച്ചു. തുടര്‍ന്നും ഖനനം നടത്തുന്നത് കുന്നുകളുടെ ഉന്മൂലനാശത്തിന് വഴിവെക്കുമെന്നും ലാഞ്ചിഗറിലെ കാലാവസ്ഥയെ വന്‍തോതില്ഡ ബാധിക്കുമെന്നും ഗോത്രനേതാക്കള്‍ പറയുന്നു. മഴ കുറയുകയും ചൂട് കൂടുകയും ചെയ്യും. ഇത് ഗോത്രത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകരും പറയുന്നു.

ജൂണ്‍ 5 ന് ദോഗ്രിയ വിഭാഗം പ്രതിഷേധ റാലി നടത്തിയിരുന്നു. അലുമിനിയം പ്ലാന്റ് പൂട്ടണമെന്നാണ് ഇവരുടെയും ആവശ്യം.

ഈ വിഷയത്തില്‍ വേദാന്ത ഗ്രൂപ്പിനോട് വിവിധ സംഘടനകള്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി കത്തുകളും സര്‍ക്കാരിന് ലഭിച്ചിരുന്നു.

അതേസമയം, ഖനന പ്രവര്‍ത്തികള്‍ യാതൊരു വിധത്തിലുള്ള പാരിസ്ഥിതിക ആഘാതവും സൃഷ്ടിക്കുന്നില്ലെന്നാണ് വേദാന്ത ഗ്രൂപ്പിന്റെ വിശദീകരണം.

 

Comments

comments

Tags: Odisha, Vedanta

Related Articles