3,000 ലധികം വിദ്യാലയങ്ങളില്‍ അടല്‍ തിങ്കറിംഗ് ലാബ് നിര്‍മിക്കും

3,000 ലധികം വിദ്യാലയങ്ങളില്‍ അടല്‍ തിങ്കറിംഗ് ലാബ് നിര്‍മിക്കും

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന് കീഴില്‍ അടല്‍ തിങ്കറിംഗ് ലാബ് നിര്‍മിക്കുന്നതിനായി 3,000 വിദ്യാലയങ്ങളെ കൂടി തെരഞ്ഞെടുത്തു. ഇതോടെ രാജ്യത്തെ സ്‌കൂളുകളിലെ കുട്ടികളുടെ ഇന്നൊവേഷനും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള അടല്‍ തിംങ്കറിംഗ് ലാബുകളുടെ എണ്ണം 5,441 ആകും. തെരഞ്ഞെടുക്കപ്പെട്ട സെക്കന്‍ഡറി സ്‌കൂളുകളില്‍ അടല്‍ തിംങ്കറിംഗ് ലാബ് ആരംഭിക്കുന്നതിന് അടുത്ത അഞ്ചു വര്‍ഷകാലയളവില്‍ 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കും.

മികച്ച ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ ജില്ലകളിലും അടല്‍ തിങ്കറിംഗ് ലാബുകള്‍ ഉടനെ ആരംഭിക്കുമെന്നും ഇത് ടെക്‌നോളജി അധിഷ്ഠിതമായ ഇന്നൊവേഷനിലും അധ്യാപനത്തിലും പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും നിതി ആയോഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യുവ ഇന്നൊവേറ്റര്‍മാര്‍ക്ക് 3ഡി പ്രിന്റിംഗ്, റോബോട്ടിക്‌സ്, ഐഒടി, മൈക്രോപ്രോസസര്‍ തുടങ്ങിയ പോലുള്ള ടെക്‌നോളജികളെ പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കുമെന്ന് അടല്‍ ഇന്നൊവേഷന്‍ മിഷന്‍ എംഡി രാമനാഥന്‍ രമണന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി ഇന്നൊവേറ്റര്‍മാര്‍ക്ക് നിത്യജീവിതത്തില്‍ അനുഭവപ്പെടുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരീക്ഷിക്കാനും അവതരിപ്പിക്കാനുമുള്ള ഒരു ഇന്നൊവേഷന്‍ ഹബ്ബായി അടല്‍ തിങ്കറിംഗ് ലാബുകള്‍ പ്രവര്‍ത്തിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ സ്‌കൂളുകള്‍ 2020 ആകുന്നതോടെ ഒരു ദശലക്ഷത്തിലധികം പുതിയ കുട്ടി ഇന്നൊവേറ്റര്‍മാരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: More