എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

വിദേശ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വാങ്ങാനുള്ള അവസരം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റഴിക്കാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി മുന്നോട്ടുപോകുന്നതിന് ഓഹരികളുടെ ലിസ്റ്റിംഗ് ഉള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

ജനുവരിയിലാണ് അംഗീകൃത റൂട്ട് വഴി എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു ഇന്ത്യന്‍ കമ്പനിക്ക് മാത്രമെ എയര്‍ ഇന്ത്യയുടെ പുതിയ അവകാശികളാകാനാകു എന്ന നിര്‍ദേശവും ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ലിസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വിദേശ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വാങ്ങാനുള്ള അവസരം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. സര്‍ക്കാരിന് കമ്പനിയിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്താതെ തന്നെ ലിസ്റ്റിംഗ് വഴി വരുമാനം നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മാസം 31 ആയിരുന്നു എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് താല്‍പ്പര്യം അറിയിക്കുന്നതിനുള്ള അവസാന ദിവസം. അവസാന നിമിഷം വരെ സര്‍ക്കാര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വാങ്ങാന്‍ ആളെത്താതെ നീക്കം പരാജയപ്പെടുകയായിരുന്നു. 24 ശതമാനം ഓഹരി അവകാശം കമ്പനിയില്‍ നിലനിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതാണ് സ്വകാര്യവല്‍ക്കരണ നീക്കത്തിന് തിരിച്ചടിയായെതെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണ നടപടികളില്‍ പുനരാലോചന നടത്താന്‍ സര്‍ക്കാരിന് നീക്കമുള്ളതായി വ്യോമയാന വകുപ്പ് സെക്രട്ടറി ആര്‍ എന്‍ ചൗബേ അറിയിച്ചു. എയര്‍ ഇന്ത്യയില്‍ നിയന്ത്രണാധികാരം നിലനിര്‍ത്തുന്നതിന് സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ആര്‍ എന്‍ ചൗബേ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles