സാമ്പത്തിക അസമത്വം നികത്താന്‍ എഐ സഹായിക്കും: ദേവേന്ദ്ര ഫഡ്‌നവിസ്

സാമ്പത്തിക അസമത്വം നികത്താന്‍ എഐ സഹായിക്കും: ദേവേന്ദ്ര ഫഡ്‌നവിസ്

ഗ്രാമീണ ജനതയുടെ ആരോഗ്യ പരിപാലനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം

ന്യൂഡെല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ സഹായിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഗ്രാമങ്ങളിലേക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഭരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും’ എന്ന വിഷയത്തില്‍ കനേഡിയന്‍ പ്രവിശ്യയായ ക്യുബെകിന്റെ വൈസ് പ്രീമിയര്‍ ഡൊമിനിക് ആന്‍ഗ്ലേഡുമായി മോണ്‍ട്‌റിയലില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ദേവേന്ദ്ര ഫഡ്‌നവിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ സാധിക്കും. ഇന്ത്യയില്‍ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അസമത്വം നിലനില്‍ക്കുന്നതിനാല്‍ അടിസ്ഥാനപരമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിവിദ്യ ഉപയോഗിക്കണമെന്നും ഫഡ്‌നവിസ് നിര്‍ദേശിച്ചു.

ഉള്‍ഗ്രാമങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റെറ്റിനല്‍ ഫോട്ടോഗ്രഫി പോലുള്ള രോഗനിര്‍ണയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ഡ്രോണുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി. സര്‍വീസ് ഡെലിവെറി, കാലവസ്ഥാ വ്യതിയാനം തുടങ്ങിയ വിഭാഗങ്ങളിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തകുറിച്ചും മന്ത്രി സംസാരിച്ചു.

ഇന്ത്യയും മഹാരാഷ്ട്രയും വികസനത്തിന്റെ പാതയിലാണ്. കൂടുതല്‍ അവസരങ്ങളും ഇതോടൊപ്പം സൃഷ്ടിക്കപ്പെടുന്നുണ്ട്. കാനഡയിലെ ഇന്ത്യന്‍ ബിസിനസുകാര്‍ മഹാരാഷ്ട്ര സന്ദര്‍ശിക്കുകയും നിക്ഷേപം നടത്തുകയും സംസ്ഥാനത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും ഫഡ്‌നവിസ് പറഞ്ഞു. 2029ഓടെ മഹാരാഷ്ട്ര ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകും. 2025ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഈ നേട്ടത്തില്‍ വലിയ പങ്ക് മഹാരാഷ്ട്ര വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More

Related Articles