യുഎസും ഉത്തരകൊറിയയും സമാധാന കരാറില്‍ ഒപ്പിട്ടു

യുഎസും ഉത്തരകൊറിയയും സമാധാന കരാറില്‍ ഒപ്പിട്ടു

മുന്‍വിധികളില്ലാതെ ചര്‍ച്ച തുടരുമെന്ന് ഇരു രാഷ്ട്ര തലവന്‍മാരും

സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കിയ യുഎസ്-ഉത്തരകൊറിയ ഭരണനേതൃത്വങ്ങളുടെ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് വിലയിരുത്തല്‍. സമാധാന ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഭൂതകാലം മറന്ന് തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനും ഇരുവരും ധാരണയായിട്ടുണ്ട്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നു കൂടിക്കാഴ്ചയെന്നും വിലയൊരു മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായെന്ന് ട്രംപ് പ്രതികരിച്ചു. ഉത്തരകൊറിയയിലെ ആണവ നിരായുധീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച എത്രയും വേഗം ആരംഭിക്കുമെന്ന് പറഞ്ഞ ട്രംപ് തുടര്‍ ചര്‍ച്ചകള്‍ക്കായി കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ആണവ നിരായുധീകരണം, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമാധാനം, കൊറിയന്‍ സമാധാന കരാര്‍, കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ എത്തിക്കല്‍ എന്നീ പ്രധാന കാര്യങ്ങള്‍ക്കാണ് ധാരണാപത്രത്തില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം നടത്തുന്നതിന് കിം സമ്മതിച്ചിട്ടുണ്ട്. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. ഉപരോധത്തില്‍ ഇളവ്, സാമ്പത്തിക സഹായം തുടങ്ങിയ വ്യവസ്ഥകള്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയ യുഎസിന് മുന്നില്‍ വെച്ചിട്ടുണ്ട്. കൊറിയയ്ക്ക് വേണ്ട സുരക്ഷ യുഎസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 6.30ന് ആരംഭിച്ച കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും പരിഭാഷകരും മാത്രമുള്ള ചര്‍ച്ചയാണ് ആദ്യം നടന്നത്. 45 മിനുറ്റോളം നീണ്ടുനിന്ന് ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന നാലംഗങ്ങള്‍ വീതം ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടെയുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തിയത്. അതിനാല്‍ത്തന്നെ ലോകം വലിയ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ നോക്കിക്കണ്ടത്. ഇന്ത്യയും ചൈനയുമടക്കമുള്ള ലോകരാജ്യങ്ങള്‍ ചര്‍ച്ചയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles