ഇന്നൊവേഷനുകള്‍ക്ക് പ്രോല്‍സാഹനവുമായി തെലങ്കാന

ഇന്നൊവേഷനുകള്‍ക്ക് പ്രോല്‍സാഹനവുമായി തെലങ്കാന

ഹൈദരാബാദ്: തെലങ്കാന രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലെ ഇന്നൊവേഷനെയും പ്രോല്‍സാഹിപ്പിക്കുമെന്ന് ഐടി മന്ത്രി കെ ടി രാമറാവു പറഞ്ഞു. ’40 അണ്ടര്‍ 40: സൗത്ത് ഇന്ത്യാസ് മോസ്റ്റ് വൈബ്രന്റ് യംഗ് എന്‍ട്രപ്രണേഴ്‌സ്’ എന്ന വിഷയത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈരാദാബാദില്‍ മാത്രം ഇന്നൊവേഷനുകളെ ഒതുക്കി നിര്‍ത്താന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും സാന്‍ഡ്‌ബോക്‌സ് പോലുള്ള സമീപനങ്ങളിലൂടെ രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലേക്കും ഇന്നൊവേഷന്‍ പ്രോല്‍സാഹന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരങ്ങളിലെ യുവതലമുറയെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ യുവജനത നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഗ്രാമീണ യുവജനതയ്ക്ക് കൂടുതല്‍ ചിന്താശേഷിയുമുണ്ട്. തെലങ്കാന സര്‍ക്കാര്‍ സാമൂഹ്യ, ഗ്രാമീണ ഇന്നൊവേറ്റര്‍മാരെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിസാമാബാദ്, ഖമ്മം, കരിംനഗര്‍, വാറങ്കല്‍ എന്നിവിടങ്ങളില്‍ 25 കോടി രൂപ ചെലവില്‍ ഐടി ഹബ്ബുകളാരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് ഈ ജില്ലകളെ ഐടി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളാകാന്‍ സഹായിക്കും. കൂടാതെ മഹബൂബ്‌നഗര്‍, നല്‍ഗോണ്ട ജില്ലകളില്‍ സംയുക്തമായി ഐടി, ഇന്‍ഡസ്ട്രി പാര്‍ക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

പ്രവര്‍ത്തനമാരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 90-95 ശതമാനവും പരാജയപ്പെടുകയാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വിജയം നേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയെ അടിസ്ഥാനമാക്കി വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ലോകത്തിലെ മുന്‍നിര കമ്പനികളും വന്‍കിട വ്യവസായങ്ങളും സംയുക്തമായി പോലും ആവശ്യത്തിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന സംരംഭകത്വ ഉച്ചകോടിയില്‍ സംബന്ധിക്കവേ സിസ്‌കോ മുന്‍ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതാണ് ഒരു ഭരണകൂടം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും തെലങ്കാനയിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നതായും മന്ത്രി പറഞ്ഞു.

ഹൈദരാബാദില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തില്‍ ധാരാളം കോവര്‍ക്കിംഗ് സ്‌പേസുകള്‍ യാഥാര്‍ത്ഥ്യമാക്കയിട്ടുണ്ട്. ടി-ഹബ്ബ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിന്റെ രണ്ടാം ഘട്ടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാകും. റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പായ ഡിജിറ്റ്ടൗണ്‍ നിര്‍മിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളും ഐടി ക്ഷേമ സംഘടനകളുടെ അംഗങ്ങളും സംയുക്തമായി സഹകരിക്കണം. തിമാപൂരില്‍ വിഭാവന ചെയ്തിരിക്കുന്ന ഈ പദ്ധതിയില്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകുമെന്നും ഐടി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More