സുസുകി ആക്‌സസ് 125 സിബിഎസ് അവതരിപ്പിച്ചു

സുസുകി ആക്‌സസ് 125 സിബിഎസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില 58,980 രൂപ

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റ് അവതരിപ്പിച്ചു. 58,980 രൂപയാണ് ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന 125 സിസിക്കു താഴെ എന്‍ജിന്‍ ശേഷിയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും സിബിഎസ് നിര്‍ബന്ധമാണ്. ഏകദേശം ഒരു വര്‍ഷം മുമ്പുതന്നെ സിബിഎസ് ഫീച്ചര്‍ നല്‍കിയത് സുസുകിയുടെ ഭാഗത്തുനിന്നുണ്ടായ നല്ല നീക്കമായി കണക്കാക്കാം.

ഇടത് ബ്രേക്ക് ലിവര്‍ പിടിച്ചാല്‍ രണ്ട് ബ്രേക്കുകളും പ്രവര്‍ത്തിക്കുന്നതാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം അഥവാ സിബിഎസ്. പിന്‍ ചക്രം റോഡില്‍ ഇറുകെപിടിക്കുന്നതും തെന്നുന്നതുമായ സാഹചര്യങ്ങള്‍ കുറയ്ക്കാന്‍ സിബിഎസ് സഹായിക്കും. ചില സമയങ്ങളില്‍ ബ്രേക്കിംഗ് ഡിസ്റ്റന്‍സ് കുറയ്ക്കാനും സിബിഎസ്സിന് കഴിയും. എന്നാല്‍ ആക്‌സസ് 125 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് സിബിഎസ് നല്‍കുന്നത്.

മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്ന സുസുകി ആക്‌സസ് 125 ന് 58,350 രൂപയാണ് വില. അതായത് സിബിഎസ് വേരിയന്റിന് 630 രൂപ മാത്രമാണ് കൂടുന്നത്. ആക്‌സസ് 125 സിബിഎസ് ആറ് നിറങ്ങളില്‍ ലഭിക്കും. പേള്‍ സുസുകി ഡീപ് ബ്ലൂ, കാന്‍ഡി സോണോമ റെഡ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ഫൈബ്രോയിന്‍ ഗ്രേ, മെറ്റാലിക് സോണിക് സില്‍വര്‍, പേള്‍ മിറാഷ് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

സിബിഎസ് വേരിയന്റ് കൂടാതെ, ആക്‌സസ് 125 സ്‌പെഷല്‍ എഡിഷന് സുസുകി പുതിയ കളര്‍ ഓപ്ഷന്‍ നല്‍കി. ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ് സഹിതം മെറ്റാലിക് സോണിക് സില്‍വറാണ് നിറം. 60,580 രൂപയാണ് സ്‌പെഷല്‍ എഡിഷന്‍ ആക്‌സസിന്റെ വില.

ആക്‌സസ് 125 സ്‌പെഷല്‍ എഡിഷന് പുതുതായി ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ് സഹിതം മെറ്റാലിക് സോണിക് സില്‍വര്‍ നിറം നല്‍കി

സുസുകി ആക്‌സസ് 125 ല്‍ സിബിഎസ് നല്‍കിയപ്പോഴും മെക്കാനിക്കല്‍ മാറ്റങ്ങള്‍ സംഭവിച്ചില്ല. അതേ 124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. 8.7 എച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹോണ്ട ആക്റ്റിവ 125 ആണ് പ്രധാന എതിരാളിയെങ്കിലും 125 സിസി സെഗ്‌മെന്റിലെ ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ എസ്ആര്‍125 എന്നിവയും എതിരാളികളുടെ കൂട്ടത്തില്‍ വരും.

Comments

comments

Categories: Auto