എണ്ണൂരില്‍ സുരക്ഷ കര്‍ശനം ; സര്‍ക്കാര്‍ അനുമതി കാത്ത് പുതുവൈപ്പ്

എണ്ണൂരില്‍ സുരക്ഷ കര്‍ശനം ; സര്‍ക്കാര്‍ അനുമതി കാത്ത് പുതുവൈപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പതിനെട്ട് മാസത്തിനുള്ളില്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയും

കൊച്ചി പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് നിലവില്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തമിഴ്‌നാട്ടിലെ എണ്ണൂരില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോണാസിന്റെ എല്‍പിജി ടെര്‍മിനല്‍ കഴിഞ്ഞ ആറ് വര്‍ഷമായി സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുവെന്നും ഐഒസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണൂര്‍ എല്‍പിജി ടെര്‍മിനല്‍ 2012 ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ പുതുവൈപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

എണ്ണൂരില്‍ കാര്യങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ പെട്രോണാസിന്റെ ഉടമസ്ഥതയിലുള്ളതാണ് എണ്ണൂര്‍ എല്‍പിജി ടെര്‍മിനല്‍. കര്‍ശന സുരക്ഷ ഒരുക്കുന്നതോടൊപ്പം വലിയ നേട്ടങ്ങളാണ് എണ്ണൂര്‍ എല്‍പിജി ടെര്‍മിനല്‍ കൈവരിക്കുന്നത്. ചെന്നൈയില്‍നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ പ്രവര്‍ത്തിക്കുന്ന ടെര്‍മിനലിന്റെ ശേഷി പ്രതിവര്‍ഷം 1.2 മില്യണ്‍ മെട്രിക് ടണ്‍ ആണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ബോട്ട്‌ലിംഗ് പ്ലാന്റുകളിലേക്ക് എണ്ണൂര്‍ ടെര്‍മിനലില്‍നിന്നാണ് എല്‍പിജി കൊണ്ടുപോകുന്നത്. ദശലക്ഷക്കണക്കിന് വീടുകളില്‍ എല്‍പിജി സിലിണ്ടര്‍ എത്തുന്നുവെന്ന് എണ്ണൂര്‍ എല്‍പിജി ടെര്‍മിനല്‍ ഉറപ്പാക്കുന്നു.

510 കോടി രൂപ മുതല്‍മുടക്കില്‍ 2010 ലാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 2012 ജൂലൈയില്‍ പദ്ധതി കമ്മീഷന്‍ ചെയ്തു. എല്‍പിജി അതീവ സുരക്ഷയോടെ സൂക്ഷിക്കുകയും ബ്ലെന്‍ഡിംഗ്, ടെര്‍മിനലിംഗ് എന്നിവ നടത്തുകയുമാണ് ടെര്‍മിനലില്‍ പ്രധാനമായും ചെയ്യുന്നത്. എണ്ണൂര്‍ തുറമുഖത്തിന് ആറ് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മറൈന്‍ ലിക്വിഡ് ടെര്‍മിനലിലാണ് ശീതീകരിച്ച പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ (പ്രധാനമായും പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവയുടെ മിശ്രിതമാണ് ദ്രവീകൃത പെട്രോളിയം വാതകം അഥവാ എല്‍പിജി) കപ്പല്‍ മാര്‍ഗ്ഗം എത്തിക്കുന്നത്. ഇവിടെനിന്ന് പൈപ്പ്‌ലൈന്‍ വഴി പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ ടെര്‍മിനലില്‍ എത്തിക്കുന്നു.

15,000 ടണ്‍ വീതം ശേഷിയുള്ള രണ്ട് ശീതീകരണ സംഭരണികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രൊപെയ്ന്‍ മൈനസ് 43 ഡിഗ്രി സെല്‍ഷ്യസിലും ബ്യൂട്ടെയ്ന്‍ മൈനസ് 4 ഡിഗ്രി സെല്‍ഷ്യസിലും ദ്രാവക രൂപത്തിലാണ് കപ്പലില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ഹീറ്റിംഗ് സംവിധാനത്തിലൂടെ 15 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുകയും ബ്ലെന്‍ഡിംഗ് നടത്തി എല്‍പിജി ഉല്‍പ്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രതിദിനം ഏകദേശം മുന്നൂറ് ബുള്ളറ്റ് ടാങ്കറുകളാണ് എണ്ണൂര്‍ ടെര്‍മിനലില്‍നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) കൊണ്ടുപോകുന്നത്. ചരക്ക് സേവന നികുതി നിലവില്‍വന്ന ശേഷം പ്രതിവര്‍ഷം ആയിരം കോടി രൂപ തമിഴ്‌നാട് സര്‍ക്കാരിന് ഇന്ത്യന്‍ ഓയില്‍ പെട്രോണാസ് നികുതിയിനത്തില്‍ നല്‍കുന്നു. എണ്ണൂരില്‍ എല്‍പിജി ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തശേഷം ഇതുവരെ 72 ലക്ഷം ടണ്‍ എല്‍പിജിയും 346 ഷിപ്പ് ടാങ്കറുകളും കൈകാര്യം ചെയ്തു.

പഴുതടച്ച സുരക്ഷ

കര്‍ശന സുരക്ഷയാണ് ഇന്ത്യന്‍ ഓയില്‍ പെട്രോണാസിന്റെ എണ്ണൂര്‍ എല്‍പിജി ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. 15,000 നും 20,000 നുമിടയില്‍ ആളുകള്‍ താമസിക്കുന്ന മൂന്ന് ഗ്രാമങ്ങളാണ് എണ്ണൂര്‍ എല്‍പിജി ടെര്‍മിനലിന് സമീപം സ്ഥിതിചെയ്യുന്നത്. അത്തിപ്പറ്റ്, അത്തിപ്പറ്റ് പുതുനഗര്‍, വള്ളൂര്‍ എന്നിവയാണ് ഗ്രാമങ്ങള്‍. അതീവ സുരക്ഷയിലാണ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂമാണ് സുരക്ഷയുടെ ആസ്ഥാനമെന്ന് പറയാം. എല്‍പിജി ടെര്‍മിനല്‍ മുഴുവനായി ഈ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാം. ബുള്ളറ്റ് ടാങ്കറുകളില്‍ എത്രമാത്രം എല്‍പിജി നിറഞ്ഞു എന്നുപോലും കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. പരസ്പരബന്ധിത (ഇന്റര്‍ലോക്ക്ഡ്) സുരക്ഷാ സംവിധാനമാണ് എണ്ണൂര്‍ ടെര്‍മിനലിന്റെ പ്രത്യേകത. സിസിടിവി കാമറകള്‍ വേണ്ടത്ര സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ എണ്ണൂര്‍ എല്‍പിജി ടെര്‍മിനലില്‍ സുരക്ഷാ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ണ ഓട്ടോണമസ് സുരക്ഷാ സംവിധാനമാണ് എണ്ണൂര്‍ ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യ ഇടപെടല്‍ ആവശ്യമില്ല എന്നതിനാല്‍ സുരക്ഷ കുറേക്കൂടി കര്‍ശനമാണെന്ന് പറഞ്ഞു.

പുതുവൈപ്പില്‍ എന്താണ് സ്ഥിതി ?

രണ്ട് പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനായി നടത്തുന്നത്. മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ (എംയുഎല്‍ടി), സംഭരണ ടെര്‍മിനല്‍ എന്നിവയാണ് അവ. ഇതില്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണം ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന എല്‍പിജി കപ്പലുകളിലെ ടാങ്കറുകളില്‍നിന്ന് എംയുഎല്‍ടി ജെട്ടി വഴി ഭൂഗര്‍ഭ പൈപ്പ്‌ലൈനിലൂടെയാണ് മൂന്നര കിലോമീറ്റര്‍ ദൂരത്ത് നിര്‍മ്മിക്കുന്ന സംഭരണ ടെര്‍മിനലില്‍ എത്തിക്കേണ്ടത്. എംയുഎല്‍ടി ജെട്ടി, പൈപ്പ്‌ലൈന്‍, സംഭരണ ടെര്‍മിനല്‍ എന്നിവയ്ക്ക് പരിസ്ഥിതി അനുമതിയും പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതിയും ലഭിച്ചിരുന്നു. 37 ഏക്കറില്‍ സ്ഥാപിക്കുന്ന പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ ആകെ പദ്ധതി ചെലവ് 715 കോടി രൂപയാണ്. ഇതില്‍ 225 കോടി രൂപ എംയുഎല്‍ടി ജെട്ടി നിര്‍മ്മിക്കുന്നതിനും 490 കോടി രൂപ സംഭരണ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനുമാണ് വകയിരുത്തിയത്. 15,000 ടണ്‍ ആണ് പുതുവൈപ്പിലെ എല്‍പിജി സംഭരണ ശേഷി. പുതിയ സാങ്കേതികവിദ്യയായ സമുദ്രജലം ഉപയോഗിച്ചാണ് പുതുവെപ്പില്‍ ഹീറ്റിംഗ് നടത്തുകയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിന്‍ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ പ്രൊജക്റ്റ് ജനറല്‍ മാനേജര്‍ എസ് ധനപാണ്ഡ്യന്‍ പറഞ്ഞു. ശീതീകരിച്ച എല്‍പിജി സ്റ്റോറേജ് സംവിധാനത്തിന് പകരം പുതുവൈപ്പില്‍ പ്രഷറൈസ്ഡ് മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നത്.

കര്‍ശന സുരക്ഷയാണ് ഇന്ത്യന്‍ ഓയില്‍ പെട്രോണാസിന്റെ എണ്ണൂര്‍ എല്‍പിജി ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. പരസ്പരബന്ധിത (ഇന്റര്‍ലോക്ക്ഡ്) സുരക്ഷാ സംവിധാനമാണ്  പ്രത്യേകത.പൂര്‍ണ ഓട്ടോണമസ് സുരക്ഷാ സംവിധാനം  ഏര്‍പ്പെടുത്തിയിരിക്കുന്നു.

പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് 2017 ഫെബ്രുവരി 16 മുതല്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. അതേസമയം മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ജെട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ജനങ്ങളുടെ സമരത്തെതുടര്‍ന്ന് സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ 225 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എംയുഎല്‍ടി ടെര്‍മിനല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എല്‍പിജി മാത്രം ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ജെട്ടി. മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളായ ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയും ഈ ടെര്‍മിനല്‍ വഴി ഇറക്കുകയോ കയറ്റുകയോ ചെയ്യാം. എല്‍പിജി ഉള്‍പ്പെടെ പ്രതിവര്‍ഷം 4.52 ദശലക്ഷം ടണ്‍ ആണ് ജെട്ടി ടെര്‍മിനലിന്റെ ശേഷി. വമ്പന്‍ വാതക വാഹക കപ്പലുകള്‍ക്കും വലിയ ക്രൂഡ് ഓയില്‍ വാഹക കപ്പലുകള്‍ക്കും ജെട്ടിയിലേക്ക് കടന്നുവന്ന് നങ്കൂരമിടാന്‍ പാകത്തില്‍ കടലില്‍ 13.5 മീറ്റര്‍ ആഴത്തില്‍ ഡ്രെഡ്ജിംഗ് നടത്തും. പദ്ധതി കമ്മീഷന്‍ ചെയ്തതിനുശേഷം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമാണ് മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ വഴി പ്രതീക്ഷിക്കുന്നത്. മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ കൊച്ചി തുറമുഖത്തെ സംബന്ധിടത്തോളം ഭാവി വികസനത്തിന് വളരെ പ്രയോജനകരമാകുന്ന അടിസ്ഥാനസൗകര്യമാണെന്ന് എസ് ധനപാണ്ഡ്യന്‍ പറഞ്ഞു.

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി

പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരെ സമരത്തിലേര്‍പ്പെട്ടവരുടെ ഹര്‍ജി തള്ളുകയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയ്തത്. തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണല്‍ പ്രദേശവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും പ്രസ്താവിച്ചു. ഇവിടെ മത്സ്യബന്ധനത്തിന് തടസ്സം വരില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്. അഞ്ച് കിലോമീറ്റര്‍ നീളം വരുന്ന തീരത്ത് കേവലം 700 മീറ്ററില്‍ മാത്രമാണ് ടെര്‍മിനല്‍ ജെട്ടിയുടെ സാന്നിധ്യമെന്ന് ഐഒസി ചൂണ്ടിക്കാട്ടുന്നു. കടലാക്രമണവും കടലെടുപ്പും തടയുന്നതിന് പുലിമുട്ടുകള്‍ സ്ഥാപിക്കുമെന്ന് ഐഒസി പ്രഖ്യാപിച്ചിട്ടുണ്ട്. അധിക സുരക്ഷ എന്ന നിലയില്‍ അമ്പത് കോടി രൂപ ചെലവഴിച്ച് അഞ്ച് കിലോമീറ്റര്‍ നീളത്തിലാണ് പുലിമുട്ടുകള്‍ സ്ഥാപിക്കുന്നത്. ഐഒസി, ബിപിസിഎല്‍, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവ ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ചെന്നൈ എല്‍പിജി ടെര്‍മിനലില്‍നിന്ന് തമിഴ്‌നാട് സര്‍ക്കാരിന് പ്രതിവര്‍ഷം ആയിരം കോടി രൂപയാണ് നികുതിയിനത്തില്‍ ലഭിക്കുന്നത്. പുതുവൈപ്പ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാന സര്‍ക്കാരിന് 300 കോടി രൂപ നികുതി വരുമാനം ലഭിക്കും. പ്രതിദിനം 125 ബുള്ളറ്റ് ടാങ്കറുകളില്‍ എല്‍പിജി നിറയ്ക്കാന്‍ കഴിയും.

പുതുവൈപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ഇനി വേണ്ടത്.അനുമതി ലഭിച്ചാല്‍ പതിനെട്ട് മാസത്തിനുള്ളില്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും

ടാങ്കര്‍ ലോറി ദുരന്തങ്ങള്‍ ഒഴിവാക്കാം

പൈപ്പ്‌ലൈന്‍ ഉപയോഗിച്ചുള്ള പാചകവാതക നീക്കം കേരളത്തില്‍ എല്‍പിജി ടാങ്കര്‍ ലോറി ദുരന്തങ്ങള്‍ ഇല്ലാതാക്കുമെന്ന് ഐഒസി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ റോഡുകളില്‍ പാചകവാതക ടാങ്കര്‍ ലോറികള്‍ സൃഷ്ടിക്കുന്ന അപകട ഭീഷണി ചെറുതല്ല. ബുള്ളറ്റ് ടാങ്കറുകള്‍ ഒഴിവാക്കി പൈപ്പ്‌ലൈന്‍ വഴി പാചകവാതകം സംഭരണശാലകളിലേക്കും ബോട്ടിലിംഗ് യൂണിറ്റുകളിലേക്കും ഏറ്റവും സുരക്ഷിതമായി എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും സംയുക്തമായി ആരംഭിച്ച കമ്പനിയാണ് കൊച്ചി-സേലം എല്‍പിജി പൈപ്പ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ്.

കൊച്ചിയില്‍നിന്ന് സേലം വരെ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെഎസ്പിപിഎല്‍ നേതൃത്വം നല്‍കുന്നത്. കൊച്ചി മുതല്‍ സേലം വരെയുള്ള 458 കിലോമീറ്റര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ആകെ നിര്‍മ്മാണ ചെലവ് 1,112 കോടി രൂപയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ റിഫൈനറിയില്‍ നിന്നും ഇറക്കുമതി ടെര്‍മിനലില്‍ നിന്നും കേരളത്തിന്റെ എല്‍പിജി ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മിച്ചം വരുന്ന എല്‍പിജി പൈപ്പ്‌ലൈന്‍ വഴി പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം വഴി ഐഒസിഎല്ലിന്റെയും ബിപിസിഎല്ലിന്റെയും മറ്റ് ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് എളുപ്പം എത്തിക്കാന്‍ സാധിക്കും.

ഈ പൈപ്പ്‌ലൈന്‍ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍, ഐഒസിയുടെ ഉദയംപേരൂര്‍ എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റ് എന്നിവയുമായും ബന്ധിപ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയുമായി ഐഒസിഎല്‍ ഉദയംപേരൂര്‍ പ്ലാന്റിനെ ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ പദ്ധതി 2017 ഓഗസ്റ്റ് 22 ന് കമ്മീഷന്‍ ചെയ്തിരുന്നു. പൈപ്പ്‌ലൈന്റെ ആകെ ദൂരം 12 കിലോമീറ്ററാണ്. ഈ പൈപ്പ്‌ലൈന്‍ പദ്ധതി കമ്മീഷന്‍ ചെയ്തതോടെ മംഗലാപുരത്തുനിന്ന് ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലേക്ക് പ്രതിദിനം എല്‍ പിജി എത്തിച്ചിരുന്ന അമ്പത് ബുള്ളറ്റ് ടാങ്കറുകള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാന്‍ സാധിച്ചു.

കൂടാതെ ഉദയംപേരൂര്‍ പ്ലാന്റില്‍ എല്‍പിജി ബള്‍ക്ക് ലോഡിംഗ് സൗകര്യവും ഉണ്ട്. ഇത് കോഴിക്കോട്, കൊല്ലം ബോട്ടിലിങ് പ്ലാന്റുകളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ കോഴിക്കോട്, കൊല്ലം ബോട്ടിലിംഗ് പ്ലാന്റുകളുമായി പൈപ്പ്‌ലൈന്‍ ബന്ധം സ്ഥാപിക്കാന്‍ അനുമതി ലഭിക്കണം. എങ്കില്‍ കേരളത്തിലെ റോഡുകളിലൂടെ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ കടന്നുപോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക കടത്ത് മികച്ച പ്രവര്‍ത്തനക്ഷമതയുള്ളതും സുരക്ഷിതവുമായ മാര്‍ഗ്ഗമാണെന്നും സമീപഭാവിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായും ഐഒസിഎല്‍ അറിയിച്ചു.

ഇനിയെന്ത് ?

പുതുവൈപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ഇനി വേണ്ടത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ കൂടി പശ്ചാത്തലത്തില്‍ അനുമതി എത്രയും വേഗം ലഭിക്കുമെന്ന് ഐഒസി പ്രതീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പതിനെട്ട് മാസത്തിനുള്ളില്‍ സംഭരണ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചതോടെ ഓരോ ദിവസവും ഒരു കോടി രൂപയുടെ നഷ്ടമാണ് ഐഒസി നേരിടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് 450 ലധികം ദിവസം പിന്നിട്ടു.

Comments

comments

Categories: FK Special, Slider